Archived Articles

ഫുട്‌ബോള്‍ കാണാന്‍ എത്തിയവര്‍ക്ക് ‘നന്മ’യില്‍ സ്‌നേഹ വിരുന്ന്, സഫാരി സൈനുല്‍ ആബിദ്ക്ക ഹാപ്പിയാണ്

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ നാട്ടില്‍ നിന്നെത്തിയ പ്രമുഖ വ്യക്തികള്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും സ്‌നേഹവിരുന്നൊരുക്കി സഫാരി ഗ്രൂപ്പ് ഡയറക്ടറും ഗ്രൂപ്പ് ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീന്‍. ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ച ശേഷം നാട്ടില്‍ നിന്നെത്തിയ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളെയാണ് അദ്ദേഹം തന്റെ വീടായ ‘നന്മ’യില്‍ വിളിച്ചു വരുത്തി പ്രത്യേക വിരുന്നൊരുക്കി ആദരിച്ചത്.

കേരളത്തിലെ അറിയപ്പെട്ട ആതുരാലയങ്ങളിലെ ഡോക്ടര്‍മാര്‍ക്കും കായിക വിദഗ്ധര്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കുമാണ് വിവിധ ഘട്ടങ്ങളിലായി ‘നന്മ’യില്‍ വിഭവ സമൃദ്ധമായ സദ്യ ഒരുക്കി. നാട്ടിലും പ്രവാസ ലോകത്തും ആതിഥേയത്വത്തിന്റെ മഹനീയ മാതൃകയാണ് ആബിദ്ക്ക. ഫുട്‌ബോള്‍ മഹാമേളയുടെ തിരക്കിനിടയിലും ആദരിക്കേണ്ടവരെ തേടിപ്പിടിച്ച് തന്റെ സ്വതസിദ്ധമായ സ്വഭാവ ഗുണത്തിന് പത്തരമാറ്റ് കൂട്ടിയിരിക്കുകയാണ് ഖത്തറിലെ ഈ പ്രമുഖ വ്യവസായി.

ഖത്തറില്‍ കളി കാണുക എന്ന ലക്ഷ്യത്തില്‍ മാത്രം എത്തിയതാണ് പ്രമുഖ ഡോക്ടര്‍മാരും കായിക വിദഗ്ധരും. എന്നാല്‍ ഇവരെ തേടിപ്പിടിച്ച് ഒന്നിച്ചൊരിടത്തിരുത്താനും ദോഹ സന്ദര്‍ശനം കൂടുതല്‍ ഫലപ്രദമാക്കാനും ആബിദ് ക്ക അവസരമൊരുക്കുകയായിരുന്നു. സമൂഹത്തിന് ഇവര്‍ നല്‍കുന്ന സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് വീട്ടില്‍ ക്ഷണിച്ച് സല്‍ക്കരിക്കാനും ആദരിക്കാനും തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേതാക്കന്‍മാര്‍ എന്നും ആബിദ് ക്കയുടെ സ്‌നേഹിതരും അതിഥികളുമാണ്. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ, രാഹുല്‍ മാങ്കൂട്ടത്തില്‍, കമാല്‍ വരദൂര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, എന്‍ സി അബൂബക്കര്‍, പാറക്കല്‍ അബ്ദുല്ല, ഡോ.എന്‍ എ റഫീഖ്, നൗഷാദ് ബാഗ്ലൂര്‍, എം എസ് എഫ് ദേശീയ പ്രസിഡണ്ട് സാജു തുടങ്ങി ഫുട്‌ബോളിനായെത്തിയ രാഷ്ട്രീയ പ്രമുഖരേയെല്ലാം ഇതിനകം അദ്ദേഹം സല്‍ക്കരിച്ചു കഴിഞ്ഞു.

പുത്തലത്ത് കണ്ണാശുപത്രിയിലെ നേത്രരോഗ വിദഗ്ധന്‍ ഡോ. സുരേഷ്, പരിയാരം മെഡിക്കല്‍ കോളജിലെ ഡോ. അരുണ്‍കുമാര്‍, ബഹറൈനിലെ ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റ് ഡോ. രാജീവന്‍ സി പി, സെന്‍ട്രല്‍ ജയിലില്‍ ഡോ. പ്രശാന്ത്, ബഹറിനിലെ ഇഎന്‍ടി സ്‌പെഷലിസ്റ്റ് ഡോ. ദീപക്, തലശ്ശേരി കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ഡോ. സന്ദീപ്, മിംസ് ഹോസ്പിറ്റലില്‍ ഗ്യാസ്‌ട്രോഎന്റോളജി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. അനീഷ് തുടങ്ങിയവരാണ് വിരുന്നില്‍ പങ്കെടുത്ത പ്രമുഖ ഡോക്ടര്‍മാര്‍. ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോളില്‍ നാലുതവണ വളണ്ടിയര്‍ ആയി സേവനമനുഷ്ഠിച്ച പെരിങ്ങത്തൂരിലെ നൗഷാദ്, അല്‍ ഇമാദ് ബില്‍ഡേഴ്സ് എംഡി അഷ്‌റഫ് തുടങ്ങിയ പ്രമുഖരും ഇന്നലെ നടന്ന സ്വീകരണത്തില്‍ പങ്കെടുത്തു.


കേരളീയ വസ്ത്രമണിഞ്ഞ് എത്തിയ ആബിദ്ക്ക തന്റെ അതിഥികള്‍ക്ക് സ്വന്തം കൈ കൊണ്ട് വിളമ്പി നല്‍കി തലശ്ശേരിയുടെ ആദിത്യ മര്യാദയുടെ ഏറ്റവും മഹനീയ മാതൃക തീര്‍ത്തു. ഖത്തറില്‍ എത്തുന്ന പ്രമുഖരെ എല്ലാം വീട്ടില്‍ വിളിച്ചു സല്‍ക്കരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നത് കാലങ്ങളായി ആബിദ്ക്ക സ്വീകരിച്ചുവരുന്ന രീതീയാ ണ്. സമൂഹത്തിലെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന വ്യക്തികളോട് കാലങ്ങളായി തുടരുന്ന ബന്ധവും അവര്‍ക്ക് കല്‍പ്പിച്ചു നല്‍കേണ്ട സ്‌നേഹവും ബഹുമാനവും എത്രയാണെന്നും ആബിദ്ക്കയുടെ പെരുമാറ്റത്തില്‍ എന്നും പ്രകടമാണ്. പുതു തലമുറയുടെ സൃഷ്ടിപ്പിനായും നമ്മുടെ രാജ്യത്തിന്റെ ഭാവിക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്നവര്‍ നാടിന് ചെയ്യുന്ന സേവനങ്ങളുടെ വില എത്രയാണെന്ന് ഒരിക്കലും ഊഹിക്കാന്‍ ആവില്ലെന്ന് ആബിദ്ക്ക പറയുന്നു.

ഫുട്‌ബോള് കാണാന്‍ എത്തുന്ന സമൂഹത്തിന്റെ നാനാതുറകളിലും പ്രവര്‍ത്തിക്കുന്ന എല്ലാ ആളുകളെയും തന്റെ വീട്ടിലേക്ക് വിളിച്ച് സ്‌നേഹാദരവ് നല്‍കണമെന്നാണ് ആബിദ്ക്കയുടെ ആഗ്രഹം.

ആദരവ് സ്വീകരിച്ച ഡോക്ടര്‍മാരും മറ്റും മനസ്സു നിറഞ്ഞതാണ് ആ വീട്ടില്‍ നിന്നും പോയത്. ഞങ്ങളെപ്പോലുള്ളവര്‍ ഇവിടെ എത്തി എന്ന് അറിയുമ്പോള്‍ തേടിപ്പിടിച്ച് ഞങ്ങള്‍ക്ക് വേണ്ടി ഇത്തരമൊരു വിരുന്നൊരുക്കിയതിന്റെ സന്തോഷത്തിലായിരുന്നു അവരെല്ലാം. ആബിദ്ക്കയോട് തങ്ങളുടെ സ്‌നേഹവും നന്ദിയും കടപ്പാടും അറിയിച്ചാണ് അവര്‍ മടങ്ങിയത്.

ഖത്തറില്‍ വരിക, ഫുട്‌ബോള്‍ കാണുക തിരിച്ചുപോകുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഞങ്ങള്‍ക്ക് പല സൗഹൃദങ്ങളും ബന്ധങ്ങളും ഇവിടെ ഉണ്ട്. പക്ഷേ ആ ബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗപ്പെടുത്തിയിരുന്നില്ല. ഫുട്‌ബോള്‍ കണ്ടു തിരിച്ചു പോകണം എന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ഇവിടെ വന്നപ്പോള്‍ ആബിദ്ക്കയെ പോലുള്ളവര്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ചു. ഞങ്ങള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

എന്റെ നാട്ടുകാരും സഹപാഠികളും സുഹൃത്തുക്കളുമായ ആളുകളാണ് ഇവരെല്ലാമെന്നും ഇത്തരം ആളുകളെ വീട്ടില്‍ സല്‍ക്കരിക്കാന്‍ ലഭിച്ചതില്‍ എനിക്ക് വലിയ സന്തോഷമുണ്ടെന്നും ഇവര്‍ സമൂഹത്തിന് നല്‍കി കൊണ്ടിരിക്കുന്ന സേവനങ്ങള്‍ എന്നും ഓര്‍ക്കപ്പെടുമെന്നും ആബിദ്ക്ക പറഞ്ഞു.

Related Articles

Back to top button
error: Content is protected !!