ആഗോള ഭക്ഷ്യസുരക്ഷാ സൂചികയില്‍ സ്ഥാനം പിടിക്കാനൊരുങ്ങി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഭക്ഷ്യോല്‍പാദന രംഗത്ത് തൃപ്തികരമായ സ്വയം പര്യാപ്തത നിലവാരം മെച്ചപ്പെടുത്തിയും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തിയും ആഗോള ഭക്ഷ്യസുരക്ഷാ സൂചികയില്‍ സ്ഥാനം പിടിക്കാനൊരുങ്ങി ഖത്തര്‍ . ആഗോള ഭക്ഷ്യസുരക്ഷാ സൂചികയില്‍ പട്ടികപ്പെടുത്തിയിട്ടുള്ള ലോകത്തിലെ 113 രാജ്യങ്ങളില്‍ ആദ്യ 15 രാജ്യങ്ങളില്‍ ഇടംപിടിക്കുക എന്നതാണ് ഖത്തറിന്റെ ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഡോ. മസൂദ് ജാറല്ല അല്‍ മര്‍റി അഭിപ്രായപ്പെട്ടു.
ഖത്തര്‍ ദേശീയ ഭക്ഷ്യ സുരക്ഷാ സ്ട്രാറ്റജി 2023-30, തന്ത്രപ്രധാനമായ ഭക്ഷ്യ കരുതല്‍ കാലയളവ് നീട്ടുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വഴിയില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന പുതിയ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികള്‍ മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ഇതിനകം തന്നെ ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ ചില തലങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുകയും തന്ത്രപ്രധാനമായ ഭക്ഷ്യ ശേഖരം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 2021ല്‍ യുകെ ആസ്ഥാനമായുള്ള ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തിറക്കിയ ഗ്ലോബല്‍ ഫുഡ് സെക്യൂരിറ്റി ഇന്‍ഡക്‌സില്‍ 113 രാജ്യങ്ങളുടെ റാങ്കിംഗില്‍ ഖത്തറിന് അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവും ലോകാടിസ്ഥാനത്തില്‍
24ാം സ്ഥാനവും ലഭിച്ചിരുന്നു.
2023-30 ഭക്ഷ്യസുരക്ഷാ തന്ത്രം ഈ നേട്ടങ്ങള്‍ എങ്ങനെ നിലനിര്‍ത്താമെന്നും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, സംഘര്‍ഷങ്ങള്‍ തുടങ്ങിയ ലോകത്തിലെ പുതിയ സംഭവവികാസങ്ങള്‍ മൂലമുണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ മെച്ചപ്പെടുത്തലുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.