ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി, മുബാറക്ക് ദാഹി മുഖ്യതിഥി
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ചു ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ഒമ്പതാമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ഭാഗമായുള്ള ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. ശനിയാഴ്ച ദോഹ ബ്രിട്ടീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ കിഴുപറമ്പ, കൊടിയത്തൂര്‍, ചീക്കോട്, കടലുണ്ടി പഞ്ചായത്ത് ടീമുകള്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. ഫെബ്രുവരി 14 ന് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ അല്‍വക്ര സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഖത്തര്‍ ഇന്ത്യാ കലാ സാംസ്‌കാരിക പൈതൃകങ്ങള്‍ വിളിച്ചോതുന്ന വര്‍ണശബളമായ മാര്‍ച്ച്പാസ്റ്റോടെ ആരംഭിക്കും. ഫുട്‌ബോള്‍, വടംവലി, പഞ്ചഗുസ്തി, ഓട്ടമത്സരം, റിലേ ,ലോങ്ങ്ജമ്പ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ബാസ്‌കറ്റ്‌ബോള്‍, പെനാല്‍റ്റി ഷൂട്ട്ഔട്ട്, സ്റ്റമ്പ് ബോള്‍,തുടങ്ങീ വിവിധ കായിക ഇനങ്ങളില്‍ ആയിരിക്കും മത്സരങള്‍ ഉണ്ടാവുക.
ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പരിപാടി ഉദ്ഘടനം ചെയ്യും മുഖ്യതിഥിയായി പ്രമുഖ ഖത്തരി വോളിബാള്‍ പ്ലേയര്‍ മുബാറക്ക് ദാഹി പങ്കെടുക്കും. ഫിഫ വേള്‍ഡ് കപ്പില്‍ സ്തുത്യര്‍ഹമായ സേവനം നടത്തി ജന ഹൃദയങ്ങള്‍ കീഴടക്കിയ ഫിഫ വേള്‍ഡ് കപ്പ് വളണ്ടിയര്‍മാരായ ചാലിയാര്‍ ദോഹയിലെ ഇരുപത്തിനാലു പഞ്ചായത്തുകളിലെ പ്രദേശവാസികളെ ചാലിയാര്‍ ദോഹ അന്നേ ദിവസം ആദരിക്കും. ചെവ്വാഴ്ച വൈകുനേരം നടക്കുന്ന സമാപന പരിപാടിയില്‍ ഓവറോള്‍ കപ്പ് വിതരണം ചെയ്യുമെന്നു ഭാരവാഹികള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.