ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പുതിയ സായാഹ്ന ക്ലിനിക്ക് സംവിധാനം ഇന്ന് മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പുതിയ സായാഹ്ന ക്ലിനിക്ക് സംവിധാനം ഇന്ന് മുതല്‍ ആംബുലേറ്ററി കെയര്‍ സെന്ററില്‍ ആരംഭിക്കും. ഉയര്‍ന്ന ഡിമാന്‍ഡുള്ള സ്‌പെഷ്യാലിറ്റികള്‍ക്കായാണ് പുതിയ സായാഹ്ന ക്ലിനിക്ക് സംവിധാനം ആരംഭിക്കുന്നത്.
പുതിയ സായാഹ്ന ക്ലിനിക്ക് സംവിധാനത്തില്‍ ഫ്താല്‍മോളജി, ചെവി, മൂക്ക്, തൊണ്ട, യൂറോളജി, ഓഡിയോളജി ക്ലിനിക്ക് എന്നിവ ഉള്‍പ്പെടുന്നു. വരും ആഴ്ചകളില്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റികള്‍ ചേര്‍ക്കപ്പെടും.
481 എന്ന നമ്പറിലൂടെ പതിനായിരത്തിലധികം രോഗികള്‍ക്ക് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പുതിയ സായാഹ്ന ക്ലിനിക്കുകള്‍ സേവനം നല്‍കുമെന്ന് സെന്റര്‍ ഫോര്‍ പേഷ്യന്റ് എക്‌സ്പീരിയന്‍സ് ആന്‍ഡ് സ്റ്റാഫ് എന്‍ഗേജ്മെന്റ് ക്വാളിറ്റി ഡെപ്യൂട്ടി ചീഫ് ആന്‍ഡ് ഹമദ് ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ നാസര്‍ അല്‍ നഈമി പറഞ്ഞു. വൈകുന്നേരത്തെ ക്ലിനിക്കുകളും ഈ ക്ലിനിക്കുകളിലേക്കുള്ള അവരുടെ അപ്പോയിന്റ്‌മെന്റുകളും ത്വരിതപ്പെടുത്തിയിട്ടുണ്ട്.
രോഗികള്‍ക്ക് ഔട്ട്പേഷ്യന്റ് സേവനങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി, അപ്പോയിന്റ്മെന്റുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ എല്ലാ സൗകര്യങ്ങളിലും ക്ലിനിക്കുകളുടെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനുമായി റഫറലുകള്‍ നിയന്ത്രിക്കുന്നതിനും അപ്പോയിന്റ്മെന്റുകള്‍ ബുക്കുചെയ്യുന്നതിനുമുള്ള ഒരു നൂതന രീതി പിന്തുടരുമെന്ന് അല്‍-നുെഎമി സൂചിപ്പിച്ചു. ആരോഗ്യ സംരക്ഷണം സുഗമമാക്കുന്ന കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ നടപ്പാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍കൂട്ടിയുള്ള അപ്പോയിന്റ്‌മെന്റ്, അപ്പോയിന്റ്‌മെന്റുകള്‍ മാറ്റുകയോ റദ്ദാക്കുകയോ ചെയ്യുക തുടങങിയ സേവനങ്ങള്‍ക്ക് 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും ലഭ്യമാകുന്ന ‘നെസ്മാക്’ എന്ന ഉപഭോക്തൃ സേവനത്തിനായി 16060 എന്ന ഹെല്‍പ്പ് ലൈന്‍ പ്രയോജനപ്പെടുത്താന്‍ അല്‍ നഈമി രോഗികളോട് ആഹ്വാനം ചെയ്തു.