ഹാസ്യ സാമ്രാട്ടുകളെ ഓര്‍ക്കുമ്പോള്‍, കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ കമ്മിറ്റി കലാ വിഭാഗം ഇന്നസെന്റ്, മാമുക്കോയ അനുസ്മരണം സംഘടിപ്പിച്ചു
ദോഹ. മലയാള സിനിമയിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ആരാധകരെ ചിരിപ്പിച്ച അനുഗൃഹീത കലാകാരന്‍മാരായ വിടപറഞ്ഞുപോയ ഇന്നസെന്റ്, മാമുക്കോയ എന്നിവരെ അനുസ്മരിച്ചു കൊണ്ട് കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ കമ്മിറ്റി കലാ വിഭാഗം ഹാസ്യ സാമ്രാട്ടുകളെ ഓര്‍ക്കുമ്പോള്‍ എന്ന പരിപാടി സംഘടിപ്പിച്ചു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മാനേജിംഗ് കമ്മറ്റി അംഗം അഡ്വ. ജാഫര്‍ഖാന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മലയാളികളെ ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകയും ചെയ്ത കലാകാരന്‍മാരായിരുന്നു ഇന്നസെന്റും മാമുക്കോയയുമെന്നും ജീവിത പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നും നിലപാടുകള്‍ അത് തുറന്ന് പറയാനുള്ളതാണെന്നും പഠിപ്പിച്ച കലാകാരന്മാരായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വാഹദ് അധ്യക്ഷത വഹിച്ചു. നിഹാസ് എറിയാട്, മര്‍സൂഖ് , അനീസ് റഹ്‌മാന്‍ മാള, എന്നിവര്‍ സംസാരിച്ചു.
ഖത്തറിലെ കലാകാരന്‍മാരായ വസന്തന്‍ പൊന്നാനി, മല്ലിക ബാബു, മശ്ഹൂദ് തങ്ങള്‍, ഫൈസല്‍ എന്നിവര്‍ വ്യത്യസ്ത കലാവിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സലീം എന്‍ പി സ്വാഗതവും കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ സെക്രട്ടറി അല്‍ജാബിര്‍ നന്ദിയും പറഞ്ഞു.