റവന്യൂവകുപ്പ് തയാറാക്കിയ പ്രവാസി മിത്രം പോര്‍ട്ടല്‍ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദം : ജെ.കെ.മേനോന്‍
ദോഹ. ലോകം ഡിജിറ്റലൈസ്ഡ് ആകുന്ന കാലഘട്ടത്തില്‍ പ്രവാസികള്‍ക്കായി റവന്യൂവകുപ്പ് തയാറാക്കിയ പ്രവാസി മിത്രം പോര്‍ട്ടല്‍ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് നോര്‍ക്ക ഡയറക്ടറും, എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ.മേനോന്‍ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരുടെ അടുത്തേക്ക് പോയ ആദ്യ സര്‍ക്കാരാണിതെന്ന് ജെ.കെ.മേനോന്‍ കൂട്ടിച്ചേര്‍ത്തു.
ലക്ഷകണക്കിന് വരുന്ന പ്രവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഈ പ്രവാസി മിത്രം പോര്‍ട്ടലിലൂടെ, വെബ്‌സൈറ്റിലൂടെ പരിഹരിക്കപ്പെടാന്‍ പോകുന്നത്. റവന്യൂവകുപ്പ് തയാറാക്കിയ പ്രവാസി മിത്രം പോര്‍ട്ടലിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജെ.കെ.മേനോന്‍.
മുഖ്യമന്ത്രിയും ഈ സര്‍ക്കാരും പ്രവാസികള്‍ക്ക് നല്‍കുന്ന പരിഗണന ഹൃദയം തൊട്ട് തിരിച്ചറിഞ്ഞത് കോവിഡ് കാലത്താണ്. ഈ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി തയാറാക്കിയ പദ്ധതികള്‍, നടപ്പിലാക്കുന്ന സേവനങ്ങള്‍ കഴിഞ്ഞ 2 പതിറ്റാണ്ടിനിടയില്‍ തയാറാക്കിയ പദ്ധതികളുടെ ഇരട്ടിയിലധികമാണെന്ന് നിസംശയം പറയാമെന്നും ജെ.കെ.മേനോന്‍ വ്യക്തമാക്കി. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പുനരധിവാസ പദ്ധതികള്‍ക്കുള്ള സമ്മാനമായി നോര്‍ക്കക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചത് പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ നോര്‍ക്കയ്ക്ക് സാധിക്കുന്നുണ്ടെന്നതിനുള്ള തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി മിത്രം പദ്ധതിക്കായി നേതൃത്വം നല്‍കിയ റവന്യൂ മന്ത്രി കെ.രാജനെയും, അദ്ദേഹത്തിന്റെ വകുപ്പിനെയും അഭിനന്ദിക്കുകയാണെന്നും, മറ്റ് വകുപ്പുകള്‍ക്കും ഇതൊരു മാകൃകയാകട്ടെയെന്നും ജെ.കെ.മേനോന്‍ ആശംസിച്ചു.