IM SpecialUncategorized

കെ.സി.വര്‍ഗീസിന്റെ ഓര്‍മകള്‍ക്ക് മരണമില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ഇന്ന് മെയ് 26, ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളില്‍ അവിസ്മരണീയ മുഹൂര്‍ങ്ങള്‍ അടയാളപ്പെടുത്തി കടന്നുപോയ കെ.സി.വര്‍ഗീസിന്റെ പതിനേഴാമത് ഓര്‍മ ദിനം. വിടവാങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും വര്‍ഗീസിന്റെ ഓര്‍മകള്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍ പൊതുവിലും മലയാളി സമൂഹത്തില്‍ വിശേഷിച്ചും സജീവമായി നിലനില്‍ക്കുന്നുവെന്നത് കെ.സി.വര്‍ഗീസിന്റെ ഓര്‍മകള്‍ക്ക് മരണമില്ല എന്ന യാഥാര്‍ഥ്യമാണ് അടയാളപ്പെടുത്തുന്നത്.

2006 മെയ് 26 നാണ് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെയാകമാനം ദുഃഖത്തിലാഴ്ത്തി കെ.സി. വര്‍ഗീസ് എന്ന മനുഷ്യ സ്നേഹി ഈ ലോകത്തോട് വിടപറഞ്ഞത്

ജീവിതം ധന്യമാകുന്നത് നമ്മെകൊണ്ട് മറ്റുളളവര്‍ക്ക് എന്തെങ്കിലുംഉപകാരമുണ്ടാകുമ്പോഴാണ്. അറിയുന്നവരുംഅറിയാത്തവരുമായി നിരവധി പേര്‍ക്ക് ഉപകാരം ചെയ്യാന്‍ കഴിഞ്ഞാലോ. ആ നിര്‍വൃതിയും അനുഭൂതിയും അവാച്യമാകും. ജനസേവനത്തിന്റെ ആത്മസായുജ്യം തൊട്ടറിഞ്ഞ് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വളര്‍ച്ചാ വികാസത്തില്‍ അനര്‍ഘ സംഭാവനകളര്‍പ്പിച്ച് മായാത്ത മുദ്രകള്‍ പതിപ്പിച്ച കെ.സി. വര്‍ഗീസ എന്നും പ്രവാസി പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായൊരു മാതൃകയാണ്.

വര്‍ഗീസിന്റെ സംഭവ ബഹുലമായ ജീവിത യാത്രയുടെ ഓരോ അധ്യായവും സാമൂഹ്യ പ്രതിബദ്ധതയുടേയും മതമൈത്രിയുടേയും സര്‍വോപരി മനുഷ്യസാഹോദര്യത്തിന്റേയും ശോഭനമായ ചിത്രമാണ് നമുക്ക് നല്‍കുന്നത്.

കറകളഞ്ഞ സേവന സന്നദ്ധതയും വിനയാന്വിതമായ പ്രവര്‍ത്തന ശൈലിയും കൊണ്ട് ഖത്തര്‍ മലയാളികളുടെ മനം കവര്‍ന്ന കെ.സി.വര്‍ഗീസ് ഖത്തര്‍ അധികൃതരുടേയും ഇതര സമൂഹങ്ങളുടേയും സ്നേഹാദരവുകള്‍ പിടിച്ചുപറ്റിയത് സുസ്മേരവദനനായി മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ആത്മാര്‍ഥമായി ഇടപെട്ട് നടത്തിയ നല്ല പ്രവര്‍ത്തനങ്ങളുടെ പിമ്പലത്തിലാണ്.

ഗള്‍ഫ് മലയാളികളുമായി ബന്ധപ്പെട്ട ഏത് പ്രശ്നങ്ങളിലും സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തി പരിഹാരത്തിന് ശ്രമിച്ച കെ.സി.വര്‍ഗീസ് ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായും ഊഷ്മള ബന്ധം സൂക്ഷിക്കുകയും ഇന്ത്യക്കാരുടെ തന്നെ അഭിമാനഭാജനമാവുകയും ചെയ്ത നേതാവാണെന്ന് മാത്രമല്ല സമൂഹത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കി വളര്‍ത്തിക്കൊണ്ടു വന്ന മാതൃകാപൊതുപ്രവര്‍ത്തകന്‍ കൂടിയാണ്.

കുട്ടിക്കാലം മുതലേ പൊതുപ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിത്തം വഹിച്ച ഈ ചങ്ങനാശേരിക്കാരന്‍ മലയാള മനോരമ ബലജനസഖ്യം, കേരള സ്റ്റഡന്‍സ് യൂണിയന്‍, ട്രേഡ് യൂണിയന്‍ തുടങ്ങിയ മേഖലകളില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് ഖത്തറിലെത്തിയത്. കേരളരാഷ്ട്രീയം നിയന്ത്രിക്കുന്ന മിക്കവാറും എല്ലാ നേതാക്കളുമായും അടുത്തിടപഴകുകയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനം കണ്ടെത്തുകയും ചെയ്തു. പൊതു രംഗത്ത് ജ്വലിച്ചുനില്‍ക്കുമ്പോഴാണ് വര്‍ഗീസ് ഖത്തറിലേക്ക് പോരുന്നത്. രാഷ്ട്രീയ ഗുരുക്കളുടേയും സതീര്‍ഥ്യരുടേയും സ്നേഹനിര്‍ഭരമായ എല്ലാ നിര്‍ബന്ധങ്ങളും മാറ്റി നിര്‍ത്തി, ഖത്തറിലെത്തിയ വര്‍ഗീസ് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തമായ തട്ടകം സൃഷ്ടിക്കുകയായിരുന്നു. സാമൂഹ്യ സേവനം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന് വളര്‍ന്ന വര്‍ഗീസ് 70കളുടെ അവസാനം ദോഹയിലെത്തുമ്പോള്‍ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ നിയന്ത്രണങ്ങളുണ്ടായിരുന്നുവെങ്കിലും കിട്ടാവുന്ന അവസരങ്ങളൊക്കെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തി തന്റെ വ്യക്തിബന്ധങ്ങളും സ്വാധീനവും പ്രയോജനപ്പെടുത്തി സാമൂഹ്യ സേവനരംഗത്ത് പുതിയ ഭൂമികകള്‍ സൃഷ്ടിച്ചു.

ഖത്തറിലെ പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസില്‍ പരസ്യ വിഭാഗം അസിസ്റ്റന്റ് മാനേജറായി ചാര്‍ജെടുക്കുന്നതുവരേയും അദ്ദേഹം ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുകയും ഖത്തറിലെ മലയാളി ചലനങ്ങളും അന്താരാഷ്ട്ര പ്രാധാന്യമുള്ള സമ്മേളനങ്ങളുമൊക്കെ മലയാള പത്രങ്ങള്‍ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്ത് സാംസ്‌കാരിക സമന്വയത്തിന്റെ വേറിട്ട മാതൃകയാണ് സമ്മാനിച്ചത്.

വര്‍ഗീസ് തന്റെ പ്രവര്‍ത്തന രംഗത്ത് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് മത സൗഹാര്‍ദ്ധവും ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. ഇന്ത്യയിലെ മത സൗഹാര്‍ദ്ധം ഓരോരുത്തരും തങ്ങളുടെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കണമെന്നാണ് വര്‍ഗീസ് വിശ്വസിച്ചത്. ഈ രംഗത്ത് വര്‍ഗീസിന്റെ ജീവിതമാതൃകയും പ്രവര്‍ത്തന ശൈലിയും എത്ര പ്രകീര്‍ത്തിച്ചാലും മതിയാവുകയില്ല.

ഗള്‍ഫ് മലയാളികളുടെ സാംസ്‌കാരികവും കലാപരവും സാഹിത്യപരവുമായ വളര്‍ച്ചയും സൗഹൃദവും ഊട്ടിയുറപ്പിക്കാനാവശ്യമായ മാര്‍ഗങ്ങളെക്കുറിച്ചും വര്‍ഗീസ് ദോഹയിലെത്തിയ ഉടനെ തന്നെ ചിന്തിക്കാതിരുന്നില്ല. അങ്ങനെ രൂപീകൃതമായ ഗള്‍ഫ് മലയാളി ഫ്രന്‍ഡ്ഷിപ്പ് സൊസൈറ്റിയുടെ കണ്‍വീനറായിരുന്നു അദ്ദേഹം. പക്ഷേ പലസാങ്കേതിക കാരണങ്ങളാലും വിപുലമായ അര്‍ഥത്തില്‍ സൊസൈറ്റിക്ക് പ്രവര്‍ത്തിക്കാനായില്ല. എങ്കിലും പ്രവാസികളുടെ മനസ്സില്‍ ചില ചിന്തകള്‍ ഉണ്ടാക്കാനും രചനാത്മകമായ രീതിയിലേക്ക് നയിക്കാനും ഇത് ഒരു പരിധിവരെ സഹായകമായി.

കോണ്‍ഗ്രസ് സഹയാത്രികനായ കെ.സി. വര്‍ഗീസ് ദോഹയിലെ തന്റെ 29 കൊല്ലത്തെ പൊതുപ്രവര്‍ത്തനത്തില്‍ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്തതീതമായി പ്രവാസികളുടെ പ്രശ്നം കാണാന്‍ ശ്രമിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ ജനസമ്മതിക്ക് കാരണമായത്. ഖത്തറില്‍ നടക്കുന്ന ഏത് പരിപാടിയിലും തന്റെ സജീവ സാന്നിധ്യം ഉറപ്പാക്കിയ അദ്ദേഹം അങ്ങനെ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായി മാറുകയായിരുന്നു.

ഇന്ത്യന്‍ കാര്യാലയത്തിലും കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിലും ഉണ്ടാക്കിയെടുത്ത എല്ലാ സ്വാധീനവും പൊതുജനങ്ങളുടെ ഗുണത്തിന് വേണ്ടി വിനിയോഗിക്കുകയും സാധാരണക്കാരില്‍ ഒരുവനായി പ്രവര്‍ത്തന രംഗത്തിറങ്ങുകയും ചെയ്ത കെ.സിയുടെ പ്രവര്‍ത്തന ശൈലി തികച്ചും മാതൃകാപരമായിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫിന്റെ സഹോദരനായ വര്‍ഗീസ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ടായിരുന്ന സമയത്തും വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയം കവര്‍ന്നു.

ഖത്തര്‍ മലയാളികളുടെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള പല നേതാക്കളുടേയും മന്ത്രിമാരുടേയും സന്ദര്‍ശനം ശരിപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച വര്‍ഗീസ് സേവന മുഖമുദ്രയായി സ്വീകരിച്ച് വിലപ്പെട്ട സമയം പൊതുപ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നതില്‍ സായൂജ്യം കണ്ടെത്തിയിരുന്നു. നാം സമ്പാദിക്കുന്നതില്‍ ഏറ്റവും അമുല്ല്യമായ സമ്പത്ത് സൗഹൃദമാണ് എന്നാണ് വര്‍ഗീസ് ഉദ്ഘോഷിച്ചത്.

മാരകമായ കാന്‍സര്‍ രോഗം ബാധിച്ച് കിടപ്പിലായപ്പോഴും വര്‍ഗീസ് സമൂഹത്തിനുവേണ്ടിയാണ് ജീവിച്ചത്. സുസ്മേരവദനനായിട്ടല്ലാതെ ഖത്തറിലാര്‍ക്കും വര്‍ഗീസിനെ പരിചയമുണ്ടാവില്ല. ആ പുഞ്ചിരി മാഞ്ഞതിന്റെ പതിനേഴാം ഓര്‍മദിനത്തില്‍ ഇന്റര്‍നാഷണല്‍ മലയാളിയുടെ സ്്മരണാഞ്ജലി.

പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നതില്‍ സായൂജ്യം കണ്ടെത്തിയിരുന്നു. നാം സമ്പാദിക്കുന്നതില്‍ ഏറ്റവും അമുല്ല്യമായ സമ്പത്ത് സൗഹൃദമാണ് എന്നാണ് വര്‍ഗീസ് ഉദ്ഘോഷിച്ചത്.

മാരകമായ കാന്‍സര്‍ രോഗം ബാധിച്ച് കിടപ്പിലായപ്പോഴും വര്‍ഗീസ് സമൂഹത്തിനുവേണ്ടിയാണ് ജീവിച്ചത്. സുസ്മേരവദനനായിട്ടല്ലാതെ ഖത്തറിലാര്‍ക്കും വര്‍ഗീസിനെ പരിചയമുണ്ടാവില്ല. ആ പുഞ്ചിരി മാഞ്ഞതിന്റെ പതിനേഴാം ഓര്‍മദിനത്തില്‍ ഇന്റര്‍നാഷണല്‍ മലയാളിയുടെ സ്മരണാഞ്ജലി.

Related Articles

Back to top button
error: Content is protected !!