ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ 500ലധികം കോടി രൂപ ഉപയോഗപ്പെടുത്താതെ കെട്ടിക്കിടക്കുന്നു എന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നത്: കള്‍ച്ചറല്‍ ഫോറം
ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ 500ലധികം കോടി രൂപ ഉപയോഗപ്പെടുത്താതെ കെട്ടിക്കിടക്കുന്നു എന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നതാണെന്ന് കള്‍ച്ചറല്‍ ഫോറം അഭിപ്രായപ്പെട്ടു.
പ്രവാസികള്‍ ഏറ്റവും പ്രതിസന്ധി നേരിട്ട കൊറോണക്കാലത്ത് പോലും ഇത്തരം ഫണ്ടുകള്‍ കാര്യക്ഷമായ ഉപയോഗപ്പെടുത്തുന്നതില്‍ ഭരണകൂടം വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല എന്നതാണ് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ വിദേശകാര്യ സഹമന്ത്രി ഈ ഫണ്ടിന്റെ കണക്കുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തെളിയിക്കുന്നത്. കൊറോണക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട നൂറുകണക്കിന് പ്രവാസികള്‍ ജീവകാരുണ്യ പ്രസ്ഥാനങ്ങളും പ്രവാസി സംഘടനകളും ഏര്‍പ്പെടുത്തിയ സൗജന്യ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് നാട്ടില്‍ പോയത്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ പോലും പ്രവാസികളില്‍ നിന്നു തന്നെ പിരിച്ചെടുക്കുന്ന ഈ ഫണ്ട് ഉപയോഗപ്പെടുത്തിയില്ല എന്നത് പ്രവാസികളില്‍ ഏറെ നിരാശ ഉണ്ടാക്കുന്നതണ്.
ഖത്തര്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നൂറുകണക്കിന് ഇന്ത്യന്‍ പ്രവാസികളാണ് ജയിലുകളില്‍ കഴിയുന്നത്. പലര്‍ക്കും കൃത്യമായ നിയമസഹായം ലഭിക്കാത്തതാണ് ജയില്‍ മോചനത്തിന് തടസ്സമായി നില്‍ക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇവര്‍ക്ക് നിയമസഹായം നല്‍കാന്‍ ഇത്തരം ഫണ്ടുകള്‍ ഉപയോഗപ്പെടുത്തണം. വിവിധ എംബസികളില്‍ നിന്ന് പ്രവാസികള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഭാഗമായി പിരിച്ചെടുക്കുന്ന ഈ ഫണ്ട് പൂര്‍ണ്ണമായും പ്രവാസി ക്ഷേമത്തിനു വേണ്ടി ഉപയോഗപ്പെടുത്തണം. വെല്‍ഫെയര്‍ ഫണ്ടിലേക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അനുവദിച്ചു വരാറുണ്ടായിരുന്നു തുക അനുവദിക്കണമെന്നും മാറിക്കൊണ്ടിരിക്കുന്ന പ്രവാസ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഫണ്ട് ഉപയോഗപ്പെടുത്താവുന്ന മേഖല വിപുലീകരിക്കണമെന്നും കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു.