ദോഹയില്‍ സൈറ്റോജെനെറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റുമായി മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ്
ദോഹ: മേഖലയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന മെഡിക്കല്‍ ഡയഗ്നോസ്റ്റിക്സ് രംഗത്തിന് മുതല്‍ക്കൂട്ടായി ഖത്തറിലെ ഏറ്റവും വലുതും, ജെസിെഎ- യുഎസ്.എ അംഗീകൃതവുമായ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ്, അവരുടെ മാമൂറ ശാഖയില്‍ സൈറ്റോജെനെറ്റിക്‌സ് ഡിപ്പാര്‍ട്‌മെന്റ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ലഭ്യമായ ജനിതക പരിശോധനകളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് സൈറ്റോജെനെറ്റിക്‌സ് ഡിപ്പാര്‍ട്ട്മെന്റിന്റെ തുടക്കം. വരാനിരിക്കുന്ന കാലത്ത് ആധുനിക ആരോഗ്യ-രോഗനിര്‍ണ്ണയ രംഗത്ത് ഏറ്റവും പ്രാധാന്യമുള്ള വൈദ്യശാസ്ത്ര ശാഖയാണ് ജെനെറ്റിക്‌സ് ആന്റ് ജീനോമിക്‌സ്. മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ നിലവിലെ ജെനെറ്റിക്‌സ് ആന്റ് ജീനോമിക്‌സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉപശാഖയായാണ് ഇപ്പോള്‍ സൈറ്റോജെനെറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കൂടി ആരംഭിച്ചിരിക്കുന്നത്.
മിഡില്‍ ഈസ്റ്റിലെ പ്രശസ്ത വന്ധ്യതാ വിദഗ്ധനും വീല്‍ കോര്‍ണല്‍ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസറുമായ ഡോ. ബദറുദ്ദീന്‍ അഹമ്മദാണ് പുതിയ വകുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം, ‘ആദ്യ ത്രൈമാസത്തിലെ അള്‍ട്രാസൗണ്ടിന്റെ ഉദ്ദേശ്യം’ എന്ന വിഷയത്തെക്കുറിച്ച് അദ്ധേഹം സമഗ്രമായ പ്രഭാഷണവും നടത്തി.
ജനിതകശാസ്ത്രത്തിന്റെയും അതുമായി ബന്ധപ്പെട്ട പരിശോധനകളുടെയും സങ്കീര്‍ണ്ണതകളിലേക്ക് ആഴ്ന്നിറങ്ങിയ ഡോ. ജസ്റ്റിന്‍ കാര്‍ലസിന്റെയും, മിസ്. സുരഭി ഗംഗയുടെയും പ്രഭാഷണങ്ങള്‍ ഇതിന് പൂരകമായി.
‘ജനിതകശാസ്ത്രത്തിലെയും ഹ്യുമണ്‍ ജീനോമിക്‌സിലെയും സമീപകാല പ്രവണതകള്‍’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടന്നു. ഡോ. സുക്മിണി റജി, ഡോ. ശ്രീകാന്ത്, ഡോ. അത്തിയ അബ്ദുള്ള, ഡോ. സാജിദ് ഖാന്‍ എന്നിവര്‍ പാനലിസ്റ്റുകളായി പങ്കെടുത്ത ഈ പാനല്‍ ചര്‍ച്ചയില്‍ അവരവരുടെ വിദഗ്ധ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കപ്പെട്ടു.
ഖത്തറിലെ ഗവണ്മെന്റ്-സ്വകാര്യ ആരോഗ്യ മേഖലകളില്‍ നിന്നായി മുന്നൂറിലധികം ആരോഗ്യ വിദഗ്ധര്‍ പരിപാടിയില്‍ പങ്കെടുത്തു.
സൈറ്റോജെനെറ്റിക്‌സ് ഡിപ്പാര്‍ട്ട്മെന്റിന്റ ആരംഭത്തോടെ കാര്യോടൈപ്പിംഗ്, ഫിഷ് മുതലായ അനവധി സങ്കീര്‍ണ്ണമായ ജനിതക പരിശോധനകള്‍ ഇനി മുതല്‍ ഖത്തറില്‍ തന്നെ നടത്താനാവും.