Breaking NewsUncategorized

ഗാസയിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഖത്തര്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഗാസയിലെ ഷിഫ മെഡിക്കല്‍ കോംപ്ലക്സില്‍ ഇസ്രായേല്‍ അധിനിവേശ സേനയുടെ ഹീനമായ നടപടികളെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഈ അധിനിവേശം നിരപരാധികളായ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി രോഗികളുടെ ദാരുണമായ അന്ത്യത്തിന് കാരണമായ ഈ നടപടി യുദ്ധക്കുറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്. ഗാസ മുനമ്പിലെ ആശുപത്രികള്‍, സ്‌കൂളുകള്‍, സിവിലിയന്‍ സ്ഥാപനങ്ങള്‍ എന്നിവയെ അധിനിവേശം ബോധപൂര്‍വം ലക്ഷ്യമിടുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തി ഇസ്രായേലിനെതിരെ യുദ്ധക്കുറ്റത്തിന് നടപടിയെടുക്കണം.
ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം അടിയന്തരവും സമഗ്രവുമായ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ടു. ഈ അന്വേഷണത്തില്‍, ഇസ്രായേല്‍ അധിനിവേശ സേനയുടെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ സ്വതന്ത്ര യുഎന്‍ അന്വേഷകരെ അയക്കണമെന്ന് ഖത്തര്‍ പ്രത്യേകം ആവശ്യപ്പെട്ടു.

സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള കൂടുതല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേഗത്തിലുള്ളതും നിര്‍ണായകവുമായ നടപടികള്‍ കൈക്കൊള്ളണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ഷിഫ മെഡിക്കല്‍ കോംപ്ലക്‌സിനുള്ളില്‍ അഭയം തേടുന്ന, മുറിവേറ്റവര്‍, രോഗികള്‍, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണം.
ഫലസ്തീന്‍ ജനതയ്ക്കെതിരെ അധിനിവേശ സേന നടത്തുന്ന മനുഷ്യരാശിക്കെതിരായ നഗ്‌നമായ കുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം കൂടുതല്‍ ക്രൂരതകള്‍ തുടരാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അത്തരമൊരു സാഹചര്യം പ്രാദേശിക സ്ഥിരതയ്ക്ക് നേരിട്ട് ഭീഷണി ഉയര്‍ത്തുക മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിലും അതിന്റെ സ്ഥാപനങ്ങളിലും ഉള്ള വിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button
error: Content is protected !!