ഖത്തറില്‍ തീരുമാനങ്ങള്‍ എടുക്കുന്ന തസ്തികകളില്‍ 30% വനിതകള്‍: ഡോ ഹംദ അല്‍ സുലൈത്തി
ദോഹ: ഖത്തറില്‍ തീരുമാനങ്ങള്‍ എടുക്കുന്ന സ്ഥാനങ്ങളില്‍ ഖത്തറി വനിതകള്‍ 30 ശതമാനമാണെന്നും അവരില്‍ 52 ശതമാനത്തിലധികം പേര്‍ പ്രത്യേക പദവികളും വഹിക്കുന്നുണ്ടെന്ന് ശൂറ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഹംദ ബിന്‍ത് ഹസന്‍ അല്‍ സുലൈത്തി അഭിപ്രായപ്പെട്ടു.
സൗത്ത്-സൗത്ത് സഹകരണത്തെക്കുറിച്ചുള്ള പാര്‍ലമെന്ററി സമ്മേളനത്തോടനുബന്ധിച്ച് മൊറോക്കന്‍ തലസ്ഥാനമായ റബാത്തില്‍ നടന്ന ആഫ്രിക്കയിലെയും അറബ് ലോകത്തെയും വനിതാ പാര്‍ലമെന്റേറിയന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഉയര്‍ന്നതും ഫലപ്രദവുമായ പങ്കാളിത്ത സൂചകങ്ങള്‍ കൈവരിക്കാന്‍ സഹായിച്ച ഖത്തരി വനിതകള്‍ക്ക് മികച്ച വിദ്യാഭ്യാസം, ഉയര്‍ന്ന അക്കാദമിക് നേട്ടം, പൊതുപ്രവര്‍ത്തനം വികസിപ്പിക്കാനും യോഗ്യത നേടാനുമുള്ള അവസരങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്.
‘ആഫ്രിക്കയിലും അറബ് ലോകത്തും വികസനത്തിനും സദ്ഭരണത്തിനും പിന്തുണ നല്‍കുന്നതിന് വനിതാ പാര്‍ലമെന്റേറിയന്‍മാരെ ശാക്തീകരിക്കുക’ എന്ന വിഷയമാണ് യോഗം ചര്‍ച്ച ചെയ്തത്. എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വിപുലപ്പെടുത്തുന്നതിലും ആഫ്രിക്കയിലും അറബ് ലോകത്തും സദ്ഭരണം നടപ്പാക്കുന്നതിലും വികസനം കൈവരിക്കുന്നതിലും അവരുടെ ഫലപ്രദമായ പങ്ക് വര്‍ധിപ്പിക്കുന്നതിലും പാര്‍ലമെന്റുകള്‍ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് യോഗത്തില്‍ പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു.