IM SpecialUncategorized

പ്രവാസി കുടുംബങ്ങള്‍ക്ക് ഒരുണര്‍ത്തു പാട്ടായി റോസ് പെറ്റല്‍സിന്റെ ‘മണല്‍ പക്ഷികള്‍’

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള സഹൃദയരായ ആറ് വനിതകള്‍ ചേര്‍ന്നു നിര്‍മിച്ച ‘മണല്‍ പക്ഷികള്‍’ പ്രവാസി കുടുംബങ്ങള്‍ക്ക് ഒരുണര്‍ത്തുപാട്ടാണ്. ജീവിതത്തിന്റെ വ്യത്യസ്തക മുഹൂര്‍ത്തങ്ങളില്‍ പലപ്പോഴും ജാഗ്രത നഷ്ടപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ഏത് സമയവും കണ്ണും കാതും തുറന്നുവെച്ച് തങ്ങളുടെ കുട്ടികളേയും കുടുംബങ്ങളേയും ചേര്‍ത്തുനിര്‍ത്തുവാന്‍ ആഹ്വാനം ചെയ്യുന്ന ചിത്രം ചിന്താപരമായും വൈകാരികമായും ഒട്ടേറെ യാഥാര്‍ഥ്യങ്ങളെ അടിവരയിടുന്നതാണ്.

സമൂഹത്തിലെ തിന്മയുടെ ശക്തികളെ തിരിച്ചറിയുകയും അത്തരം കൂട്ടുകെട്ടുകളില്‍ നിന്നും അകലം പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ധങ്ങള്‍ ചുവട് പിഴക്കുന്നത് ഏറെ ശ്രദ്ധിക്കണം. വഴിപിഴപ്പിക്കുവാനും നശിപ്പിക്കുവാനും കഴുകകണ്ണുകളോടെ അവസരം പാത്തിരിക്കുന്നവരെ കാണാതിരുന്നാല്‍ ജീവിതം ദുരന്തമാകും. ജീവിതത്തിന്റെ വ്യത്യസ്ത വ്യവഹാരങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചിത്രം ഓര്‍മപ്പെടുത്തുന്നു.

ധാര്‍മിക നൈതിക മൂല്യങ്ങളും കുടുംബ ബന്ധങ്ങളുടെ ആര്‍ദ്രതയും അടിവരയിടുന്ന ചിത്രം മനുഷ്യ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും വശങ്ങളും ഊന്നിപ്പറയുന്നുണ്ട്. നമ്മുടെ കണക്കുകൂട്ടലുകള്‍പ്പുറമാണ് പലപ്പോഴും മനസ്സിന്റെ കളി. ആ കളിയെ നിയന്ത്രിക്കുക എത്ര എളുപ്പമാവില്ല. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ തകിടം മറിയും. യാത്ര, സഞ്ചാരം, അനുഭവം എന്നിവയില്‍ നിന്നൊക്കെ നല്ല പാഠങ്ങള്‍ പകര്‍ത്തി ജീവിതം ചേതോഹരമാക്കണമെന്നാണ് ചിത്രം ഉദ്‌ഘോഷിക്കുന്നത്.

റോസ്‌പെറ്റല്‍സ് ഫിലിംസിന്റെ ബാനറില്‍ സുജിന സിബിന്‍, വിജിത്ര ബൈജു, മിനു ജോണി, നസീമ ഷാഫി, സെലിന്‍ സെബി, സുചിത്ര നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. സ്ത്രീ ശാക്തീകരണത്തിനും കൂട്ടായ്മയ്ക്കും ശക്തി പകരുന്ന ഈ ഉദ്യമം സാമൂഹ്യ നവോത്ഥാനത്തില്‍ സ്ത്രീകളുടെ പങ്കും അടയാളപ്പെടുത്തും. നിര്‍മാണം മാത്രമല്ല ചിത്രത്തിന്റെ അണിയറ ഒരുക്കങ്ങളിലെല്ലാം ടീം റോസ് പെറ്റല്‍സ് എന്ന സ്ത്രീ കൂട്ടായ്മയുടെ കൈയൊപ്പും സജീവ പങ്കാളിത്തവുമുണ്ട് എന്നത് ഈ ചിത്രത്തെ ഏറെ സവിശേഷമാക്കുന്നു. ടീം റോസ് പെറ്റല്‍സും മക്കളും കുടുംബവുമെല്ലാം ചിത്രത്തോടൊപ്പം സഞ്ചരിച്ചപ്പോള്‍ അതൊരു മറ്റൊരു അമൂല്യ മുഹൂര്‍ത്തമായി. അഭിനയിച്ചും അഭിനയിപ്പിച്ചും സാമൂഹ്യ നവോത്ഥാനത്തിന്റെ വികാരങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന ഈ കൂട്ടായ്മ എല്ലാ നിലക്കും പ്രശംസയര്‍ഹിക്കുന്നു.

പൂര്‍ണമായും ഖത്തറില്‍ ചിത്രീകരിച്ച മലയാള സിനിമ എന്നതോടൊപ്പം ഖത്തറില്‍ നിന്നും കൂടുതലാളുകള്‍ അഭിനയിച്ച സിനിമ എന്നതും മണല്‍ പക്ഷികളുടെ പ്രത്യേകതയാകും.
ഏകദേശം രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ മൂന്ന് പാട്ടുകളാണുള്ളത്. മനു മഞ്ജിതിന്റെ വരികള്‍ക്ക് മിഥുന്‍ ജയരാജാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ഖത്തറിലെ റഹീപ് മീഡിയ ഡയറക്ടര്‍ ഷാഫി പാറക്കലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ എസ്.എസ്. ബുജുരാജ്, ഛായാഗ്രഹണം ജിസിബിന്‍ സെബാസ്റ്റ്യന്‍, എഡിറ്റര്‍ ഗ്രേയ്‌സണ്‍, ബിജിഎം.രമേശ് ഒറ്റപ്പാലം, പ്രൊഡക് ഷന്‍ കണ്‍ട്രോളര്‍ ഷഫീര്‍ എളവള്ളി, പ്രൊഡക് ഷന്‍ ഡിസൈനര്‍ ഫാത്തിമ ഷഫീര്‍, അസോസിയേറ്റ് ഡയറക്ടര്‍ ബിലാല്‍ അഷ്‌റഫ്, കളറിസ്റ്റ് ജിതില്‍ കുമ്പുക്കാട്ട് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ് . റഹീപ് മീഡിയ യാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ 12 ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ ടിക്കറ്റുകള്‍ ക്യൂ ടിക്കറ്റ്‌സ് അല്ലെങ്കില്‍ നോവോ ഖത്തര്‍ വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ ഉടന്‍ ലഭ്യമാവും

Related Articles

Back to top button
error: Content is protected !!