Uncategorized

ഗാസ മുനമ്പില്‍ നിന്ന് ഫലസ്തീനികളെ ബലം പ്രയോഗിച്ച് കുടിയിറക്കാനുള്ള ശ്രമങ്ങള്‍ തളളി ഖത്തര്‍


അമാനുല്ല വടക്കാങ്ങര

ദോഹ: ഫലസ്തീന്‍ ജനതയെ ഗാസ മുനമ്പില്‍ നിന്ന് ബലം പ്രയോഗിച്ച് കുടിയിറക്കാനുള്ള ശ്രമങ്ങള്‍ നിരസിക്കുന്നതായി പ്രഖ്യാപിച്ച ഖത്തര്‍, രാജ്യാന്തര മാനുഷിക നിയമങ്ങള്‍ക്കനുസൃതമായി സ്ട്രിപ്പിലെ ഉപരോധം നീക്കാനും സാധാരണക്കാര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാനും ആഹ്വാനം ചെയ്തു.

വടക്കന്‍ ഗാസ മുനമ്പിലെ ജനങ്ങളെ ഒഴിപ്പിക്കാനുള്ള ആഹ്വാനമുള്‍പ്പെടെ കൂട്ടായ ശിക്ഷാ നയം സ്വീകരിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സിവിലിയന്മാരെ അയല്‍രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനോ അഭയം തേടാനോ നിര്‍ബന്ധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകളുടെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ഫലസ്തീന്‍ ജനതയുടെ ദുരിതം കൂടുതല്‍ വഷളാക്കുകയും ചെയ്യുമെന്നും വിദേശ കാര്യ മന്ത്രാലയം പ്രസ്താവന വ്യക്തമാക്കി.

ഗാസയിലേക്ക് മെഡിക്കല്‍, ഭക്ഷ്യ സഹായങ്ങള്‍ എത്തിക്കുന്നതിനും പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാനും അന്താരാഷ്ട്ര സംഘടനകളെ അനുവദിക്കുന്ന മാനുഷിക ഇടനാഴികള്‍ തുറക്കാന്‍ അടിയന്തരമായി നീങ്ങണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

ഫലസ്തീന്‍ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ ഒരു പരിഹാരത്തില്‍ എത്തിച്ചേരുക, ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, 1967 ലെ അതിര്‍ത്തികള്‍ അംഗീകരിച്ച് കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്നിവ മാത്രമാണ് മേഖലയില്‍ സുസ്ഥിര സമാധാനം കൈവരിക്കുന്നതിനുള്ള ഏക വഴിയെന്ന് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Related Articles

Back to top button
error: Content is protected !!