സ്പീഡ് ട്രാക്കില്‍ പതുക്കെ വാഹനമോടിക്കുന്നത് കുറ്റകരം
അമാനുല്ല വടക്കാങ്ങര
ദോഹ. സ്പീഡ് ട്രാക്കില്‍ പതുക്കെ വാഹനമോടിക്കുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുമെന്നും ഇത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ട്രാഫിക് ബോധവല്‍ക്കരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ജാബര്‍ മുഹമ്മദ് ഒദൈബ പറഞ്ഞു. പ്രാദേശിക അറബി ദിനപത്രമായ അല്‍ ശര്‍ഖിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈവേയിലെ ഏറ്റവും ഇടതുവശത്തുള്ള പാത എക്‌സ്പ്രസ് പാതയാണെന്നും അവിടെ വാഹനങ്ങള്‍ നിശ്ചിത വേഗതയില്‍ താഴെ ഓടിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ ഈ പാതയിലൂടെ സാവധാനത്തില്‍ വാഹനമോടിക്കുന്നത് ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 53 ന്റെ ലംഘനമായി കണക്കാക്കും.
ഓരോ റോഡിനും അനുവദിച്ച പരമാവധി വേഗത പരിധിക്കപ്പുറം പോകരുതെന്ന് അദ്ദേഹം ഡ്രൈവര്‍മാരെ ഓര്‍മ്മിപ്പിച്ചു. പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, റെസ്‌ക്യൂ വാഹനങ്ങള്‍ എന്നിവയെ വേഗപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, അതുപോലെ ഗുരുതരാവസ്ഥയിലുള്ള രോഗികളെയോ പരിക്കേറ്റവരെയോ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങളെയും വേഗത പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
എക്സ്പ്രസ് പാതയില്‍ ആവര്‍ത്തിച്ചുള്ള സൂചനകള്‍ നല്‍കിയിട്ടും അത്തരം വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തത് നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. അത്തരം ലംഘനങ്ങള്‍ക്ക് 500 റിയാല്‍ മുതല്‍ പിഴ ഈടാക്കാമെന്ന് അദ്ദേഹം പറഞ്ഞു.