ഖത്തറില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയ 22 ഏഷ്യന്‍ വീട്ടു ജോലിക്കാര്‍ അറസ്റ്റില്‍

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയ 22 ഗാര്‍ഹിക തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. എല്ലാവരും ഏഷ്യന്‍ വംശജരാണ്.
രാജ്യത്തെ തൊഴിലാളികളുടെ രക്ഷപ്പെടല്‍ റിപ്പോര്‍ട്ടുകളുടെ രജിസ്റ്റര്‍ ചെയ്ത കണക്കുകള്‍ പ്രകാരം ഖത്തറിലുടനീളമുള്ള വിവിധ പ്രദേശങ്ങളിലും സ്ഥലങ്ങളിലും പരിശോധന കാമ്പെയ്നുകള്‍ നടത്തിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വീട്ടുജോലിക്കാര്‍ അവരുടെ സ്പോണ്‍സര്‍മാരുടെ വീട്ടില്‍ നിന്ന് ഒളിച്ചോടി മറ്റൊരു തൊഴിലുടമയ്ക്കായി ജോലി ചെയ്യുന്നതിന്റെ അപകടസാധ്യതകള്‍ തടയുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് കാമ്പയിന്‍. ഒളിച്ചോടിയ തൊഴിലാളികളെ ജോലിക്കെടുക്കുന്നത് ഖത്തറില്‍ നിയമവിരുദ്ധമാണ്.
ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികളെ ട്രാക്ക് ചെയ്യുന്നതും അറസ്റ്റുചെയ്യുന്നതും ‘അതിന്റെ ഫലമായുണ്ടാകുന്ന അപകടസാധ്യതകളും സാമൂഹിക കുറ്റകൃത്യങ്ങളും കുറയ്ക്കുകയും അവരുടെ തൊഴില്‍, താമസ ചട്ടങ്ങളുടെ ലംഘനത്തിന് പുറമേ അവരുടെ തൊഴിലുടമകള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം’ കൂട്ടിച്ചേര്‍ത്തു.
പിടികൂടിയ 22 സ്ത്രീകളെ തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തിരിക്കുകയാണ് .
നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കുന്നതിനായി ഒളിച്ചോടിയ തൊഴിലാളികള്‍ക്ക് അഭയം നല്‍കരുതെന്നും വിവരം അധികാരികളെ അറിയിക്കണമെന്നും
മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.