പബ്ലിക് ഹെല്‍ത്ത് കെയര്‍ സെക്ടര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഖ്യു ആര്‍ ഐ സിസി ജേതാക്കള്‍
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വെല്‍ബീയിങ് ഡിപ്പാര്‍ട്‌മെന്റ് സംഘടിപ്പിച്ച പബ്ലിക് ഹെല്‍ത്ത് കെയര്‍ സെക്ടര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഖ്യു ആര്‍ ഐ സിസി ജേതാക്കളായി. ആവേശകരമായ ഫൈനലില്‍ സ്‌പൈക്കര്‍സ് സിസിയെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയാണ് ഖ്യു ആര്‍ ഐ സിസി ചാമ്പ്യന്മാരായത്.
ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം തുല്യ ശക്തികളായ ടീമുകള്‍ തമ്മിലുള്ള ഉഗ്ര പോരാട്ടമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഖ്യു ആര്‍ ഐ 10 ഓവറില്‍ 89 റണ്‍സ് നേടുകയായിരുന്നു. ചെറിയ സ്‌കോര്‍ എളുപ്പം മറികടക്കാമെന്ന് കരുതിയ സ്‌പൈക്കര്‍സിനെതിരെ ഖ്യു ആര്‍ ഐ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. തുടര്‍ന്നുള്ള സൂപ്പര്‍ ഓവറിലെ അവസാന ബോളില്‍ ഖ്യു ആര്‍ ഐ വിജയിക്കുകയായിരുന്നു.
ഖത്തറിലെ ഹമദ് ഹോസ്പിറ്റല്‍സ്, മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത്, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തുടങ്ങി 15 ടീമുകള്‍ 3 ഗ്രൂപ്പുകളിലായി മത്സരങ്ങളില്‍ പങ്കെടുത്തു. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍, ലുസൈല്‍, ഖത്തര്‍ ഫൗണ്ടേഷന്‍ ഗ്രൗണ്ടുകളിലാണ് നടന്നത്.
ഖ്യു ആര്‍ ഐ സിസിയുടെ ഷാനില്‍ പുളിക്കല്‍ ടൂര്‍ണമെന്റിന്റെ താരവും മികച്ച ബാറ്റ്‌സ്മാനും ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, രാജേഷ് പിള്ള മികച്ച ബോളര്‍ക്കുള്ള പുരസ്‌കാരം നേടി.