Local News

പ്രവാസി സാഹിത്യോത്സവ് നവംബര്‍ 15 വെള്ളിയാഴ്ച

ദോഹ : കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ഖത്വര്‍ പ്രവാസി സാഹിത്യോത്സവ് നവംബര്‍ 15 വെള്ളിയാഴ്ച മെഷാഫിലെ പോഡാര്‍ പേള്‍ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രവാസികളുടെ സര്‍ഗാത്മകതക്ക് മരുഭൂമിയില്‍ നിറംപകരുന്ന സാഹിത്യോത്സവുകളുടെ പതിനാലാമത് എഡിഷനാണ് ‘ജീവിതം തേടിച്ചെന്ന വേരുകള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്നത്. യൂനിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളില്‍ മത്സരിച്ചു വിജയിച്ചവരും, ഖത്വറിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഉള്‍പ്പെടെ അഞ്ഞൂറോളം പ്രതിഭകളാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കുക.

31 വര്‍ഷമായി ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന രിസാല സ്റ്റഡി സര്‍ക്കിളിന് (ഞടഇ) കീഴിലുള്ള കലാലയം സാംസ്‌കാരിക വേദിയാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ മാപ്പിളപ്പാട്ട്, സൂഫീഗീതം, ഖവാലി, മാഗസിന്‍ ഡിസൈന്‍, പ്രസംഗം, കഥ, കവിത, ദഫ് മുട്ട് തുടങ്ങിയ എണ്‍പത് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഉച്ചക്ക് 1.30നു നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ ഖത്വറിലെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക കലാ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

സാഹിത്യോത്സവ് വേദിയിലേക്ക് ഖത്വറിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനസൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് പങ്കെടുക്കാവുന്ന തത്സമയ മത്സര പരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 7.30 ന് നടക്കുന്ന സമാപന സംഗമത്തില്‍ ഖത്വര്‍ ഐ സി എഫ് സാരഥികളും ബിസിനസ് രംഗത്തെ പ്രമുഖരും വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്യും.

പത്ര സമ്മേളനത്തില്‍ സാഹിത്യോത്സവ് സ്വാഗതസംഘം അഡൈ്വസറി ബോര്‍ഡ് അംഗം സിറാജ് ചൊവ്വ, ആര്‍ എസ് സി നാഷനല്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി നംഷാദ് പനമ്പാട്, വിസ്ഡം സെക്രട്ടറി താജുദ്ദീന്‍ പുറത്തീല്‍, എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെമ്പര്‍ ഉബൈദ് പേരാമ്പ്ര, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!