സര്‍ സയ്യിദ് കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ദോഹ: ഖത്തറില്‍ താമസിക്കുന്ന തളിപ്പറമ്പ സര്‍ സയ്യിദ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ (സ്‌കോസ ഖത്തര്‍) ന്റെ ഈ വര്‍ഷത്തെ ഇഫ്താര്‍ മീറ്റ് ദോഹ അരോമ റെസ്റ്റോറന്റില്‍ നടന്നു. ഖത്തറിന്റെ നാനാ ഭാഗങ്ങളിലായി താമസിക്കുന്ന 1967 നും 2025 ഉം ഇടയില്‍ തളിപ്പറമ്പ സര്‍ സയ്യിദ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ വ്യത്യസ്ത തലമുറയില്‍ പെട്ട നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവരുടെ കുടുംബ സമേതം പരിപാടിയില്‍ സംഗമിച്ചു.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2000 ഇല്‍ ആണ് ഖത്തറില്‍ താമസിക്കുന്ന സര്‍ സയ്യിദ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ’സ്‌കോസ’ രൂപീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരേ ക്ലാസ്മുറിയില്‍ ഒരേ ബെഞ്ചില്‍ ഇരുന്ന് വിദ്യ നുകര്‍ന്നവര്‍ നീണ്ട ഇടവേളക്ക് ശേഷം പരസ്പരം ഓര്‍മകള്‍ പങ്കുവെച്ചും ബന്ധങ്ങള്‍ പുതുക്കിയും സൗഹൃദം ഊട്ടിയുറപ്പിച്ചും ഈ പുണ്യമാക്കപ്പെട്ട റമദാന്‍ മാസത്തെ ഒന്ന് കൂടി ധന്യമാക്കി.
ഇഫ്താറിനോട് അനുബന്ധിച്ച് നടന്ന പരിപാടി സ്‌കോസയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഷിറിന്റെ അധ്യക്ഷതയില്‍ പ്രമുഖ വ്യവസായിയും , കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗവും സര്‍ സയ്യിദ് കോളേജ് അലുമ്‌നി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും സ്‌കോസയുടെ സ്ഥാപക പ്രസിഡന്റും, രക്ഷാധികാരിയുമായ ഡോ. എം.പി.ഹസ്സന്‍ കുഞ്ഞി ഉത്ഘാടനം ചെയ്തു.
ഇന്ത്യന്‍ എംബസിയുടെ അപെക്‌സ് ബോഡി ആയ ഐസിബിഎഫ് മാനേജിംഗ് കമ്മിറ്റി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട സര്‍ സയ്യിദ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയും സ്‌കോസ ഖത്തര്‍ മെമ്പറും കൂടിയായ ജാഫര്‍ തയ്യിലിനെ വേദിയില്‍ അനുമോദിച്ചു, സ്‌കോസ ഖത്തര്‍ ജനറല്‍ സെക്രട്ടറി ഷൈഫല്‍ സീന്റകത്ത് സ്വാഗതവും ട്രഷര്‍ സഹദ് കാര്‍ത്തികപള്ളി നന്ദിയും പറഞ്ഞു.