ജനസേവനത്തിന്റെ വേറിട്ട പാതയില്‍ സിദ്ധീഖ് വേങ്ങരയും സി ഐ സി ടീമും
അമാനുല്ല വടക്കാങ്ങര

ദോഹ. ജനസേവനത്തിന്റെ വേറിട്ട പാതയില്‍ സിദ്ധീഖ് വേങ്ങരയും സി ഐ സി ടീമും ശ്രദ്ധ നേടുന്നു. ഖത്തറിലെ വിദൂര ദിക്കുകളിലുള്ള ലാബര്‍ ക്യാമ്പുകളിലും മറ്റും താമസിക്കുന്ന പാവപ്പെട്ട തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് നിത്യവും ഇഫ്താര്‍ വിരുന്നൊരുക്കിയാണ് മനുഷ്യ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മാതൃക സൃഷ്ടിച്ച് ഈ സംഘം വ്യതിരിക്തമാകുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി കമ്മ്യൂണിറ്റി സർവീസ് വിഭാഗത്തിന്റേയും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ജനസേവന വിഭാഗത്തിന്റേയും പിന്തുണയോടെ നൂറ്റി അമ്പതോളം വളണ്ടിയര്‍മാരെ സംഘടിപ്പിച്ച് നിത്യവും മൂവായിരത്തോളം പേര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ എത്തിച്ചാണ് ഈ ടീം റമദാന്‍ ദിനങ്ങളെ സാര്‍ഥകമാക്കിയത്. ദോഹയില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള കരാന, ജറിയാന്‍ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ പൊതു ലോകവുമായി ബന്ധമില്ലാത്ത അനേക മനുഷ്യര്‍ ജീവിക്കുന്നുണ്ട്. അവരിലേക്കൊക്കെ എത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നതൊക്കെ വളരെ ശ്രമകരമായ ദൗത്യമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തികച്ചും യാദൃശ്ചികമായാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നോമ്പുതുറക്കുന്നതിന് പ്രയാസമനുഭവിക്കുന്ന ഏതാനും തൊഴിലാളികളുടെ അവസ്ഥ സിദ്ധീഖ് വേങ്ങരയുടെ ശ്രദ്ധയില്‍പെട്ടത്. ജോലിയും ശമ്പളവുമില്ലാതെ പ്രയാസപ്പെടുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ നല്‍കിയാണ് തുടക്കം. അമ്പതോളം പേര്‍ക്കാണ് അന്ന് കിറ്റ് നല്‍കിയത്. ഈ വിവരം വളരെ പെട്ടെന്നാണ് തൊഴിലാളികള്‍ ഒരുമിച്ച് താമസിക്കുന്ന ക്യാമ്പുകളില്‍ പടര്‍ന്നത്. പിന്നീട് ലാബര്‍ ക്യാമ്പുകളില്‍ നിന്നും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരില്‍ നിന്നുമൊക്കെയായി നിരന്തരം ഫോണ്‍ വിളികളും സന്ദേശങ്ങളും വരാന്‍ തുടങ്ങി. അങ്ങനെയാണ് സി.ഐ.സിയുടെ സഹകരണത്തോടെ ഇഫ്താര്‍ വിതരണ രംഗത്ത് സജീവമാവാൻ അവസരം ലഭിച്ചത്. ഇപ്പോള്‍ എവിടെ ലാബര്‍ ക്യാമ്പുകളില്‍ ഇഫ്താര്‍ വിതരണം ചെയ്യണമെങ്കിലും ആദ്യം ബന്ധപ്പെടുന്ന പേരുകളിലൊന്ന് സിദ്ധീഖ് വേങ്ങരയുടേതാകും.

ഈ വര്‍ഷം റമദാന്‍ ഒന്നു മുതല്‍ തന്നെ ഇഫ്താര്‍ കിറ്റ് വിതരണത്തില്‍ സജീവമായി സിദ്ധീഖ് വേങ്ങരയും ടീമും രംഗത്തുണ്ട്. ഓരോ പ്രദേശത്തേയും സ്ഥിതിഗതികള്‍ വിശദമായി പഠിച്ച് വളരെ വ്യവസ്ഥാപിതമായ രീതിയിലാണ് സംഘം അര്‍ഹരായവര്‍ക്ക് ഇഫ്താര്‍ സൗകര്യമെത്തിക്കുന്നത്. തെലുങ്കാന വെല്‍ഫയര്‍ അസോസിയേഷന്‍, ഐ ടി ടീം, അന്‍സാര്‍ അലുമിനി, എംഇഎസ് അലുമിനി, വുമണ്‍ ഇന്ത്യ, എംഇഎസ് വുമണ്‍, എഫ് സി ബിദ, വഹബ്, പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍, മല്ലു വളണ്ടിയേഴ്‌സ്, ഖത്തര്‍ മലയാളി വളണ്ടിയേഴ്‌സ്, ക്യൂ എ ഐ ഡി, ഇന്ത്യന്‍ ഖത്തര്‍ പ്രവാസി അസോസിയേഷന്‍, യൂത്ത് ഫോറം, ഖത്തര്‍ വളപട്ടണം കൂട്ടായ്മ, ചക്കരക്കൂട്ടം തുടങ്ങിയ കൂട്ടായ്മകള്‍ക്ക് പുറമേ, വ്യാപാര സ്ഥാപനങ്ങള്‍, ചെറുതും വലുതുമായ നിരവധി പ്രാദേശിക കൂട്ടായ്മകള്‍, സ്വദേശി – വിദേശി അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ വര്‍ഷം ഇഫ്താര്‍ വിതരണം ചെയ്തതെന്ന് സിദ്ധീഖ് വേങ്ങര പറഞ്ഞു.

മാനവികതയും മനുഷ്യപറ്റും അടയാളപ്പെടുത്തുന്ന ഈ ദൗത്യത്തില്‍ വളണ്ടിയര്‍ സംഘത്തിന്റെ സേവനം ശ്‌ളാഘനീയമാണ്. ജോലി കഴിഞ്ഞുള്ള വിശ്രമ വേളകള്‍ സഹജീവികള്‍ക്ക് സേവനം ചെയ്യാന്‍ സന്നദ്ധരായ നൂറ്റി അമ്പതോളം വരുന്ന വളണ്ടിയര്‍ സംഘമാണ് ഇഫ്താര്‍ വിതരണ ദൗത്യം വ്യവസ്ഥാപിതമായി നിര്‍വഹിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും ലാബര്‍ ക്യാമ്പുകളില്‍ നിന്നും ഈ ദൗത്യത്തിന് ലഭിക്കുന്ന പിന്തുണയും സഹകരണവും തന്നെയാണ് ഈ രംഗത്ത് കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ടുപോകാനുള്ള മുഖ്യ പ്രേരകമെന്ന് സിദ്ധീഖ് പറഞ്ഞു.