IM Special

മീന്‍ പിടിക്കുന്നതിന്റെ ഹരമറിഞ്ഞ അബൂബക്കര്‍

ഡോ. അമാനുല്ല വടക്കാങ്ങര

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ സ്വദേശിയായ വടക്കുവീട്ടില്‍ അബൂബക്കര്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി ഖത്തറിലുണ്ട്. ചെറുതും വലുതുമായ പല ജോലികളും ചെയ്ത് ഖത്തരീ ജീവിതത്തില്‍ അവിസ്മരണീയമായ പല ഓര്‍മകളും സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഏടുകളും പല പാഠങ്ങളും പകര്‍ന്നുനല്‍കുന്നതാണ്. കഠിനാദ്ധ്വാനവും സ്ഥിരോല്‍സാഹവുമുണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാമെന്നാണ് അദ്ദേഹം പ്രായോഗികമായി തെളിയിക്കുന്നത്. അമ്മാവനും അളിയന്‍ അബൂബക്കര്‍ കല്ലായിയുമൊക്കെ തന്റെ ദോഹ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്.

പ്രവാസത്തിന്റെ എല്ലാ പ്രയാസങ്ങളുമനുഭവിച്ചാണ് അബൂബക്കര്‍ ജീവിതം കെട്ടിപ്പടുത്തത്. നീണ്ട മണിക്കൂറുകള്‍ വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോഴും മനസില്‍ കുറേ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ നിറഞ്ഞ സന്തോഷവും സംതൃപ്തിയും മാത്രം. ഖത്തറെന്ന പുണ്യനാട് സമ്മാനിച്ചതൊക്കെയും നന്മകളായിരുന്നു.

സ്വന്തമായ ബിസിനസും കാര്യങ്ങളുമായി മുന്നോട്ടുപോയപ്പോഴാണ് പല ഹോബികളും മനസിലേക്ക് വന്നത്. കുടുംബപരമായി നായാട്ടും മീന്‍ പിടുത്തവും കൃഷിയുമൊക്കെ ഹോബിയായതിനാല്‍ ഖത്തറിലും കച്ചവടത്തിനിടക്ക് മീന്‍ പിടിക്കല്‍ ഹോബിയായി വികസിപ്പിച്ചു. മനസിന്റെ സംഘര്‍ഷങ്ങളെ ലഘൂകരിക്കാനും ശാരീരിക വ്യായാമം ഉറപ്പുവരുത്തുവാനും സഹായകമായ ഹോബിയാണ് മീന്‍ പിടിക്കല്‍ എന്നാണ് അബൂബക്കര്‍ കരുതുന്നത്.

നിരവധി വിസ്മയങ്ങള്‍ ഒളിപ്പിച്ച് വെക്കുന്ന ഒരു ലോകമാണ് കടല്‍. മല്‍സ്യങ്ങള്‍ കരുണാവാരിധിയായ തമ്പുരാന്റെ അനുഗ്രഹങ്ങളും. പല വലുപ്പത്തിലും രുചിയിലുമുള്ള മല്‍സ്യങ്ങള്‍ വൈവിധ്യങ്ങളും സൗന്ദര്യവും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്

കൂട്ടുകാരോടൊപ്പം ചേര്‍ന്ന് സ്ഥിരമായി മീന്‍ പിടിക്കാന്‍ പോയി തുടങ്ങിയതോടെ കടലിനെക്കുറിച്ചും മല്‍സ്യങ്ങളെക്കുറിച്ചുമൊക്കെ പല കാര്യങ്ങളും മനസ്സിലാക്കി. ഏതൊക്കെ ഭാഗങ്ങളില്‍ ഏതൊക്കെ മല്‍സ്യങ്ങളാണ് ലഭിക്കുകയെന്നും എങ്ങനെയാണ് അതിന് തയ്യാറാവേണ്ടതെന്നും ഇപ്പോള്‍ അബൂബക്കറിന് നന്നായറിയാം. കടലില്‍ ഓരോ സ്ഥലങ്ങള്‍ക്കും ഓരോ പേരുകളാണ് വിളിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ് എന്ന് വിളിക്കുന്ന സ്ഥലത്ത് എല്ലാതരം ചെറിയ മല്‍സ്യങ്ങളും ലഭിക്കും. കിംഗ്സ് പോട്ട് എന്ന സ്ഥലത്താണ് അയക്കൂറ പോലുള്ള വലിയ മീനുകള്‍ ലഭിക്കുക. ഖിര്‍ഖഫാന്‍ എന്നിടത്ത് നിന്നാണ് ഹമൂര്‍ പോലുളള മീനുകള്‍ ലഭിക്കുക.

മീന്‍ പിടിക്കുന്നതിന്റെ ഹരം പറഞ്ഞറിയിക്കാനാവില്ല. എപ്പോഴാണെങ്കിലും മീന്‍ പിടിക്കാന്‍ കൂട്ടുകാര്‍ വിളിച്ചാല്‍ അദ്ദേഹം റെഡിയാണ്. മിക്കവാറും സൗദി ബോര്‍ഡറിലുള്ള കടലില്‍ നിന്നാണ് മീന്‍ പിടിക്കുക. ചൂണ്ടില്‍ പല തരത്തിലുള്ള ബിറ്റുകളും ഇരകളും ഉപയോഗിക്കും. നടക്കാവുന്നത്രയും കടലിലേക്ക് നടന്നാണ് മീന്‍പിടിക്കാറ്. കടലിലൂടെ നടക്കുന്നത് തന്നെ കാലിലെ മസിലുകളൊക്കെ ശക്തമാക്കും. ചിലപ്പോഴെക്കെ മീനുമായി മല്‍പിടുത്തത്തിലേര്‍പ്പെടേണ്ടി വരും. ആരോഗ്യവും ആനന്ദവും പ്രദാനം ചെയ്യുന്ന ഒരു ഹോബി എന്ന നിലക്കാണ് അദ്ദേഹം മീന്‍ പിടിക്കലിനെ കാണുന്നത്.

മീന്‍ പിടിക്കുന്നതും അത് സുഹൃത്തുക്കള്‍ക്ക് നല്‍കുന്നതുമൊക്കെ അദ്ദേഹത്തിന് പ്രത്യേകം സന്തോഷം നല്‍കുന്ന കാര്യമാണ്. നല്ല ഫ്രഷായ മീനുകള്‍ കഴിക്കാനും അദ്ദേഹത്തിന് നല്ല കമ്പമാണ്.
മീന്‍ പിടിക്കുന്നത് ഹോബിയാക്കിയ ധാരാളം മലയാളികള്‍ ഖത്തറിലുണ്ട്. മല്ലു ഫിഷിംഗ് ഗ്രൂപ്പ് എന്ന പേരില്‍ ഒരു വാട്സ് അപ്പ് കൂട്ടായ്മ തന്നെ നിലവിലുണ്ട്.

Related Articles

Back to top button
error: Content is protected !!