IM Special

കോവിഡ് മഹാമാരി ക്‌ളൗഡ് ടെക്‌നോളജിയെ കൂടുതല്‍ ജനകീയമാക്കി : ഷഫീഖ് കബീര്‍

റഷാദ് മുബാറക് അമാനുല്ല

ദോഹ : കോവിഡ് മഹാമാരി ക്‌ളൗഡ് ടെക്‌നോളജിയെ കൂടുതല്‍ ജനകീയമാക്കിയതായും സ്വകാര്യ പൊതുമേഖലകളില്‍ വലിയ തോതിലുള്ള ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന് കാരണമായതായും കളൗഡ് ഗുരുവും അസീം ടെക്‌നോളജിസ് സ്ഥാപകനും സി.ഇ.ഒയുമായ ഷഫീഖ് കബീര്‍ അഭിപ്രായപ്പെട്ടു. ഇന്റര്‍നാഷണല്‍ മലയാളിക്കനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കാലത്ത് ഏറ്റവും പ്രചാരം നേടിയ സൂം പ്‌ളാറ്റ് ഫോം വികസിച്ചത് ക്‌ളൗഡ് ടെക്‌നോളജിയിലാണ്. ഒരു പക്ഷേ ക്‌ളൗഡ് ടെക്‌നോളജി കണ്ടുപിടിച്ചിട്ടില്ലായിരുന്നുവെങ്കില്‍ സൂം പ്‌ളാറ്റ് ഫോം തന്നെ ഉണ്ടാകുമായിരുന്നില്ല. സൂമിന്റെ ബിസിനസ് വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണെന്നും വന്‍കിട കമ്പനികളുടെ വളര്‍ച്ചയെ വരെ വെല്ലുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ സാഹചര്യത്തില്‍ എസ്.എം.ഇ. സെക്ടറാണ് ടെക്‌നോളജിയുടെ ഗുണവശങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തിയതെന്നാണ് തന്റെ നിരീക്ഷണണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ശരിക്കും ഒരു സപ്പോര്‍ട്ടിംഗ് ഇന്‍ഡസ്ട്രിയാണെന്നതുകൊണ്ട് തന്നെ വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളും ഗവണ്‍മെന്റും നേരത്തെ തന്നെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെ വേണ്ട രൂപത്തില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. അതിനാല്‍ ലോകത്തിലെ വലിയ കമ്പനികളിലൊന്നും കോവിഡ് കാലത്ത് ടെക്‌നോളജി കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടിലെന്ന് മാത്രമല്ല ചെറിയതോതിലെങ്കിലും തളര്‍ച്ചയാണ് ഉണ്ടാക്കിയത്.

സാമ്പത്തികവും മറ്റുമായ പരിമിതികളാല്‍ സാങ്കേതിക വിദ്യകള്‍ വേണ്ട രൂപത്തില്‍ പ്രയോജനപ്പെടുത്താതിരുന്ന എസ്.എം.ഇ. സെക്ടറുകകളിലാണ് ടെക്‌നോളജി വലിയ ബൂമിംഗിന് സാക്ഷ്യം വഹിച്ചത്. സാധാരണഗതിയില്‍ പരിഗണന ലഭിക്കാതിരുന്ന എസ്.എം.ഇ. സെക്ടറുകളില്‍ ടെക്‌നോളജിയെ പ്രയോജനപ്പെടുത്തുന്ന സ്വഭാവത്തില്‍ വിപ്‌ളവകരമായ മാറ്റം വരുത്തുവാന്‍ കോവിഡ് മഹാമാരി കാരണമായെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംരംഭകരും ഉപഭോക്താക്കളും ഓണ്‍ ലൈന്‍ വ്യാപാരത്തിന്റേയും സേവനങ്ങളുടേയും അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി ലോകോത്തര സേവനങ്ങളും സാധനങ്ങളും സ്വന്തമാക്കാന്‍ പഠിച്ചുവെന്നതാണ് കോവിഡ് സമ്മാനിച്ച ഏറ്റവും വലിയ പോസിറ്റീവ് ഫലം. ഗവണ്‍മെന്റുകളും സ്വാകാര്യ സ്ഥാപനങ്ങളുമൊക്കെ ഇ കൊമേര്‍സ് രംഗത്ത് സവിശേഷമായ പരീക്ഷണങ്ങളാണ് നടത്തുന്നത്. മാത്രമല്ല, ഈ കോവിഡ് കാലത്ത് നിരന്തരമായ ബോധവല്‍കരണ പരിപാടികളും വെബിനാറുകളും ടെക്‌നോളിയുടെ പ്രായോഗിക സാധ്യതകള്‍ ബോധ്യപെടുത്താന്‍ സഹായമായതായും അദ്ദേഹം പറഞ്ഞു.

Related Articles

Check Also
Close
Back to top button
error: Content is protected !!