IM Special

വരകളില്‍ വിസ്മയം തീര്‍ക്കുന്ന അഷ്റഫ് കിഴക്കയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറിലെ ഫ്ളോറന്‍സ നര്‍സറിയില്‍ ഡിസൈനറായി ജോലി ചെയ്യുന്ന അഷ്റഫ് കിഴക്കയില്‍ വരകളില്‍ വിസ്മയം തീര്‍ക്കുന്ന കലാകാരനാണ്. പെന്‍സില്‍ ഡ്രോയിംഗിലും ജലച്ഛായത്തിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന ഈ ചെറുപ്പക്കാരന്‍ പ്രവാസ ജീവിതത്തിലെ വിരസ മുഹൂര്‍ത്തങ്ങളെ സാര്‍ഥകമാക്കുന്നത് കലാസപര്യയയിലൂടെയാണ്. ബ്രഷും പെയിന്റുമെടുത്തിരുന്നാല്‍ പരിസരം പോലും മറന്ന് ഭാവനയുടേയും സൗന്ദര്യ സങ്കല്‍പങ്ങളുടേയും മേഖലകളില്‍ എത്ര നേരം വേണമെങ്കിലും ചിലവഴിക്കുവാനാകുമെന്നതിനാല്‍ ജീവിതം എന്നും സക്രിയവും സന്തോഷകരവുമാക്കുന്നത് തന്റെ വരകളാണെന്നാണ് അഷ്റഫ് പറയുന്നത്.

തലശ്ശേരിക്കടുത്ത് പാനൂര്‍ കൊളവല്ലൂരില്‍ യൂസുഫ് നഫീസ ദമ്പതികളുടെ രണ്ടാമത്തെ മകനായ അഷ്റഫ് സ്‌ക്കൂള്‍ കാലം തൊട്ടേ വരകളോട് പ്രത്യേകം ആഭിമുഖ്യം കാണിച്ചിരുന്നു. ചുറ്റും കാണുന്ന കാഴ്ചകളും മനസിനെ സ്വാധീനിക്കുന്ന ദൃശ്യങ്ങളുമൊക്കെ കടലാസുകളില്‍ ആവിഷ്‌ക്കരിച്ചായിരുന്നു കല പ്രവര്‍ത്തനങ്ങളുടെ തുടക്കം. ഡിഗ്രി പഠനകാലത്ത് പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ ബൈക്കില്‍ യാത്ര ചെയ്ത സമയത്ത് മഴ കാരണം നാദാപുരത്തെ പ്രശസ്തമായ പള്ളിയോട് ചാരി നില്‍ക്കുമ്പോള്‍ മനസ്സില്‍ തട്ടിയ ദൃശ്യം ഫോട്ടോ എടുക്കുകയും പിന്നീട് വരക്കുകയും ചെയ്ത് കലാരംഗത്തെ തന്റെ കഴിവ് തെളിയിച്ച അഷ്റഫ് കലയുടെ വിശാലമായ ലോകത്ത് തനിക്ക് പലതും ചെയ്യാനാകുമെന്ന് തിരിച്ചറിയുകയായിരുന്നു.


വരകളോടുള്ള അടങ്ങാത്ത ആവേശമാണ് തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ ബി.എഫ്.എ. കോഴ്സില്‍ ചേരാന്‍ കാരണമായത്. തിരുവനന്തപുരം ഫൈനാര്‍ട്‌സ് കോളേജിന്റെ ഉള്‍വശത്തുള്ള ഭാഗം. ഫൈനാര്‍ട്‌സിലെ പഠനകാലം ഓര്‍മിച്ച് കൊണ്ട് ഓയില്‍ പെയിന്റ്ില്‍ തീര്‍ത്തത് ഇന്നും അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിലൊന്നാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങളും ജീവിതാനുഭവങ്ങളും ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുമൊക്കെ മികച്ച കലാസൃഷ്ടികള്‍ക്ക് പരിസരമൊരുക്കാമെന്നാണ് അഷ്റഫ് കരുതുന്നത്.

ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നും ചിത്രകലയില്‍ ബിരുദമെടുത്ത് കുറച്ച് കാലം എറണാകുളത്ത് ആര്‍ട്ടിസ്റ്റായി ജോലി ചെയ്ത ശേഷമാണ് അഷ്റഫ് ഖത്തറിലെത്തിയത്. ഖത്തറിലെ സജീവമായ കലാരംഗവുമായി നേരിട്ട് ബന്ധപ്പെടാനോ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാനോ സമയം കണ്ടെത്താത്ത തന്റെ ക്രിയാത്മ ലോകത്ത് വിരാചിക്കുവാനാണ് അഷ്റഫ് മുന്‍ഗണന നല്‍കിയത്. ജോലി കഴിഞ്ഞ ശേഷം വരകളുടെ വിശാലമായ ലോകത്ത് യഥേഷ്ടം സഞ്ചരിച്ച് ആത്മസായൂജ്യമടത്തും കലാസപര്യകളെ സാര്‍ഥകമാക്കിയുമാണ് ഈ കലാകാരന്‍ വ്യത്യസ്തനാകുന്നത്.

പെന്‍സില്‍ ഡ്രോയിംഗ്, ജലച്ഛായം, ഓയില്‍, അക്രലിക് തുടങ്ങിയ എല്ലാ മാധ്യമങ്ങളും വഴങ്ങുന്ന അഷ്റഫ് ലാന്റ് സ്‌കേപിംഗ് തരത്തിലുള്ള വര്‍ക്കുകളിലാണ് കൂടുതലും ശ്രദ്ധിക്കുന്നത്. പ്രകൃതിയുടെ മനോഹാരിതയും പച്ചപ്പിന്റെ സൗന്ദര്യവും പൂക്കളുടെ സൗരഭ്യവുമൊക്കെ അനുഭവവേദ്യമാകുന്ന വരകളും പെയിന്റിംഗുകളും ഏവരേയും ആകര്‍ഷിക്കുന്നവയാണ്. പ്രകൃതിയുടെ താളലയങ്ങളും സന്തുലിതത്വവുമാണ് ഏറ്റവും മനോഹരമായ സൃഷ്ടികളുടെ പശ്ചാത്തലമൊരുക്കുന്നത്.

ഗള്‍ഫ് പശ്ചാത്തലത്തില്‍ വരച്ച ചിത്രങ്ങളും പെയിന്റിംഗുകളും അഷ്റഫിന്റെ ശേഖരത്തില്‍ കാണാം. ബോട്ടും തോണിയുമൊക്കെയുള്‍കൊള്ളുന്ന കടല്‍ സഞ്ചാരത്തിന്റെ വൈവിധ്യമാര്‍ന്ന ആവിഷ്‌കാരങ്ങള്‍ ഏറെ ഭാവതലങ്ങളുള്ളവയാണ്.

തന്റെ കലാസപര്യകളെ തിരിച്ചറിയുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ജീവിത പങ്കാളിയെ ലഭിച്ചുവെന്നത് ഭാഗ്യമായാണ് അഷ്റഫ് കരുതുന്നത്. ബുസൈനയാണ് ഭാര്യ. ആദം അഷ്‌റഫ്  മകനാണ്.

Related Articles

Back to top button
error: Content is protected !!