IM Special

ഖത്തര്‍ വേദികളിലെ ജനകീയ ഗായകന്‍

അമാനുല്ല വടക്കാങ്ങര

ഖത്തര്‍ വേദികളിലെ ജനകീയ ഗായകനാണ് റിയാസ് കരിയാട്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഖത്തറിലുളള അദ്ദേഹം ചെറുതും വലുതുമായ ആയിരത്തോളം വേദികളില്‍ പാടി കഴിഞ്ഞു. മലയാളം, തമിഴ്, ഹിന്ദി, കന്നട, നേപ്പാളി, ബോജ്പുരി, അറബിക്, ബംഗാളി, പഞ്ചാബി, ഇംഗ്‌ളീഷ് തുടങ്ങി പത്തോളം ഭാഷകളില്‍ പാടുന്ന റിയാസ് എല്ലാതരം പാട്ടുകളും പാടുമെന്നതും ഏത് വേദിക്കും അനുഗുണമായ പാട്ടുകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുമെന്നതുമാകാം ഈ ഗായകനെ കൂടുതല്‍ ജനകീയനാക്കിയത്.

കണ്ണൂര്‍ ജില്ലയില്‍ മയ്യഴിപുഴയുടെ തീരത്തുള്ള കരിയാട് ഗ്രാമത്തില്‍ പരേതനായ എം.കെ. മൊയ്തുവിന്റേയും സുലൈഖയുടേയും മകനായ റിയാസിന് ചെറുപ്പത്തിലേ പാട്ടുകളോട് വലിയ കമ്പമായിരുന്നു. പ്രവാസിയായിരുന്ന പിതാവ് പാട്ടുകേള്‍ക്കാനുള്ള എല്ലാ സംവിധാനങ്ങളും വാങ്ങിക്കൊടുത്തിരുന്നുവെങ്കിലും പാട്ടിനെ പാഷനായി കാണണമെന്നും പ്രൊഫഷനായി കാണരുതെന്നും പിതാവ് ഉപദേശിച്ചിരുന്നത് റിയാസ് ഓര്‍ക്കുന്നു.

സ്‌ക്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കാസറ്റ് ഷോപ്പുകളില്‍ നിന്നും ഉല്‍സവ പറമ്പുകളില്‍ നിന്നുമൊക്കെ ഒഴുകിയെത്തുന്ന മധുര സംഗീതം ആര്‍ത്തിയോടെ കേട്ടിരുന്നതും അവ അതേപോലെ പഠിക്കാന്‍ പരിശ്രമിച്ചിരുന്നതുമൊക്കെ മറക്കാത്ത ഓര്‍മകളാണ് .

മദ്രസയില്‍ പഠിച്ചുകൊണ്ടിരിക്കെ ഉസ്താദാണ് തന്റെ പാടാനുള്ള കഴിവ് ആദ്യം തിരിച്ചറിഞ്ഞത്. നബി ദിന പരിപാടിയില്‍ പാടിയതാണ് ആദ്യത്തെ പാട്ടനുഭവം. എന്നാല്‍ സ്‌ക്കൂളില്‍ അധികമൊന്നും അവസരങ്ങള്‍ ലഭിച്ചില്ല. എട്ടാം ക്‌ളാസില്‍ പഠിച്ചുകൊണ്ടിരിക്കെ മാപ്പിളപ്പാട്ട് മല്‍സരത്തില്‍ തല്‍പരരായവരെ വിളിച്ചപ്പോള്‍ ഏറെ ആവേശത്തോടെ ചെന്നെങ്കിലും സെലക്ഷന്‍ ലഭിച്ചില്ല. അന്ന് മനസില്‍ കുറിച്ചിട്ട വാശിയാണ് എങ്ങനെയെങ്കിലും പാട്ടുകാരനാകണമെന്നത്. വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രൊഫഷണണല്‍ വേദികളില്‍ പാടുന്ന പാട്ടുകാരനായി മാറിയത് ചരിത്രം.

സ്‌ക്കൂളില്‍ അധികവും നാടകം , കോല്‍ക്കളി, മിമിക്രി തുടങ്ങിയവയായിരുന്നു റിയാസിന്റെ ഇനങ്ങള്‍. 8,9,10 ക്‌ളാസുകളില്‍ മിമിക്രിക്ക് ഒന്നാം സ്ഥാനമായിരുന്നുവെങ്കിലും പാട്ടുകളോട് അടങ്ങാത്ത ആവേശം കണ്ട് ശ്രീധരന്‍ മാഷാണ് രണ്ടിലൊന്ന് തെരഞ്ഞെടുക്കണമെന്ന് നിര്‍ദേശിച്ചത്. മിമിക്രിയില്‍ തുടര്‍ന്നാന്‍ ശബ്ദത്തിന് വലിയ പ്രയാസങ്ങള്‍ നേരിട്ടേക്കുമെന്ന ശ്രീധരന്‍മാഷിന്റെ ഉപദേശത്തെ തുടര്‍ന്നാണ് പാട്ടുകളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

അങ്ങനെ പത്താം ക്‌ളാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ തന്റെ ഗ്രാമത്തിലെ ഒരുമ കലാവേദിയിലൂടെ പ്രൊഫഷണല്‍ സംഘത്തോടൊപ്പം പാടാനവസരം ലഭിച്ചു. അവിടുന്നങ്ങോട്ട് പാട്ടുല്‍സവങ്ങളുടെ പൂരമായിരുന്നു. എന്നാല്‍ വിവിധ ട്രൂപ്പുകളിലും വേദികളിലും പാടി നടന്നപ്പോള്‍ പഠനം വേണ്ട രൂപത്തില്‍ മുന്നോട്ടുകൊണ്ടുപോകാനായില്ല.

അങ്ങനെയാണ് 2008 ല്‍ ഖത്തറിലേക്ക് വിമാനം കയറുന്നത്. പല സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഖത്തറിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലില്‍ ജോലി കിട്ടിയത്. ഉച്ചവരെ മാത്രം ജോലിയും വെള്ളി , ശനി ദിവസങ്ങളിലെ അവധിയും റിയാസിലെ പാട്ടുകാരന് വളരാനുള്ള അവസരമൊരുക്കി. അങ്ങനെ എല്ലാ ആഴ്ചയിലും പാട്ടുപരിപാടികകളുമായി റിയാസ് അറിയപ്പെടുന്ന ഗായകനായി മാറി.

ഖത്തറിലെത്തിയതു മുതല്‍ തന്നെ തനിമ കലാസാംസ്‌കാരിക വേദിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച റിയാസ് 2008, 9, 10 വര്‍ഷങ്ങളില്‍ തനിമയുടെ മികച്ച ഗായകനുള്ള പി.ടി. അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രോഫി സ്വന്തമാക്കിയിരുന്നു.


ഖത്തറിലെ മലയാളി സാമൂഹ്യ സാംസ്‌കാരിക നായകനായ സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും നാട്ടുകാരനുമായ സൈനുല്‍ ആബിദീനാണ് ആദ്യ വേദി ലഭിക്കാന്‍ സഹായിച്ചത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന എരഞ്ഞോളി മൂസയോടൊപ്പം ഖത്തര്‍ കെ. എം. സി.സി.യുടെ ഒരു വേദി പങ്കിടാനുള്ള അവസരമായിരുന്നു അത്. ആ കൈനീട്ടം മോശമായില്ല. വേദികളില്‍ നിന്നും വേദികളിലേക്ക് ക്ഷണം ലഭിച്ചുകൊണ്ടിരുന്നു. നിരവധി പ്രമുഖരുമൊപ്പം വേദി പങ്കിടാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കരുതുന്നത്.

സംഗീത സവിധായകനും സംഘാടകനുമായ ലത്തീഫ് മാഹിയുമൊത്തുളള സൗഹൃദവും സഹകരണവുമാണ് ഖത്തറില്‍ കൂടുതല്‍ വേദികള്‍ ലഭിക്കാന്‍ കാരണമായതെന്നാണ് റിയാസ് കരുതുന്നത്.

മെഹ്ഫില്‍ ദോഹയുടെ ഹിദായത്ത് കോടത്തിങ്കലാണ് ഖത്തറില്‍ തന്റെ സംഗീത ജീവിതത്തിന് കരുത്തുപകര്‍ന്ന മറ്റൊരു പ്രധാനവ്യക്തി യെന്ന് റിയാസ് അനുസ്മരിച്ചു

2009 ല്‍ കൈരളി നടത്തിയ ശഹ്‌റേ മുബാറക് എന്ന പാട്ടുപരിപാടിയില്‍ വിജയിച്ചതോടെയാണ് ഖത്തറില്‍ റിയാസ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. 2011 ല്‍ റേഡിയോ ഏഷ്യയുടേയും 2017 ല്‍ വോയ്‌സ് ഓഫ് കേരളയുടേയും ജി.സി. സി. തല റിയാലിറ്റി ഷോയില്‍ വിജയിച്ച് റിയാസ് തന്റെ മികവ് അടയാളപ്പെടുത്തി.


സ്‌നേഹത്തിന്‍ തീരത്ത്, പ്രവാസി, മദീനയോടിത്തിരി എന്നിങ്ങനെ പത്തോളം ആല്‍ബങ്ങളില്‍ പാടിയ റിയാസ് ആദ്യമായി ചലചിത്ര പിന്നണി ഗായകനാകുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഖത്തറിലെ റേഡിയോ സുനോയിലെ വിഷ്ണു ദിവാകറിന്റെ സംഗീത സംവിധാനത്തില്‍ താര എന്ന ചിത്രത്തിനുവേണ്ടി റിയാസ് കരിയാട് പാടിയ ആദ്യ ഗാനം താമസിയാതെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പഴയതും പുതിയതുമായ എല്ലാ തരം പാട്ടുകളും പാടുന്ന റിയാസ് മിക്കവാറും പാട്ടുകളൊക്കെ കേട്ടാണ് പഠിക്കുന്നത്. ഗസല്‍, ഖവാലി, മാപ്പിളപ്പാട്ടുകള്‍, ചലചിത്രഗാനങ്ങള്‍ തുടങ്ങി എല്ലാ പാട്ടുകളും ഈ ഗായകന് വഴങ്ങും.

തസ് നീമയാണ് ഭാര്യ. ഫില്‍സ, ഫൈഹ എന്നിവര്‍ മക്കളാണ്

Related Articles

Back to top button
error: Content is protected !!