ഹോം ക്വാറന്റൈന്‍ ; പവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കണം: സോഷ്യല്‍ ഫോറം
അമാനുല്ല വടക്കാങ്ങര
ദോഹ: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ അന്താരാഷ്ട്ര യാത്രാ മാനദണ്ഡപ്രകാരം പ്രഖ്യാപിച്ച ഏഴു ദിവത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ എന്ന പുതിയ നിബന്ധന പുനഃപരിശോധിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബൂസ്റ്റര്‍ ഡോസടക്കം സ്വീകരിച്ചു യാത്രക്ക് മുമ്പ് പി.സി.ആര്‍. പരിശോധനയില്‍ നെഗറ്റീവ് റിസല്‍ട്ടും ഉറപ്പാക്കി നാട്ടിലെത്തുന്ന പ്രവാസികളോടാണ് വീണ്ടും ഏഴു ദിവസത്തെ ഹോം ക്വാറന്റൈന്‍ നിഷ്‌ക്കര്‍ഷിക്കുന്നത്.
കോവിഡിന്റെ തുടക്കം മുതല്‍ വിദേശത്തു നിന്ന് വരുന്നവരോട് അധികൃതര്‍ സ്വീകരിച്ച നിലപാട് മറക്കാനാകാത്തതാണ്. കോവിഡിന്റെ വ്യാപനത്തിന് പ്രവാസികളാണ് ഉത്തരവാദികള്‍ എന്ന തെറ്റായസന്ദേശം നല്‍കലാണ് ഇത്തരം നടപടികളിലൂടെ ഉണ്ടാകുന്നത്. മാത്രമല്ല കുറഞ്ഞ അവധിക്ക് വരുന്ന ആളുകള്‍ക്ക് ഇത്തരം മനുഷ്യത്വരഹിതമായ തീരുമാനങ്ങള്‍ ഏറെ പ്രയാസവും മനോവേദനയും ഉണ്ടാക്കുന്നതാണെന്ന് ഭരണകര്‍ത്താക്കള്‍ ഓര്‍ക്കണമെന്നും സോഷ്യല്‍ ഫോറം വ്യക്തമാക്കി.
അടിയന്തിര സാഹചര്യത്തില്‍ നാട്ടിലെത്തേണ്ടവര്‍ക്ക് പി.സി.ആര്‍ നെഗറ്റീവ് ഫലം വേണ്ടെന്ന മുന്‍ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത് കാരണം ഉറ്റവരുടെ മരണം പോലെയുള്ള അടിയന്തിര സാഹചര്യത്തില്‍ യാത്ര ചെയ്യേണ്ടവര്‍ക് യാത്ര സാധ്യമാകാത്ത സ്ഥിതി വിശേഷമാണുള്ളത്. പി.സി.ആര്‍. ഫലം പെട്ടെന്ന് ലഭിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ യാത്ര മുടങ്ങുകയും അതുവഴി കടുത്ത സാമ്പത്തിക നഷ്ട്ടം അനുഭവിക്കുന്നതോടൊപ്പം കടുത്ത മാനസിക വിഷമങ്ങളും പ്രവാസികള്‍ നേരിടുന്നന്നെന്നും വിഷയത്തില്‍ അടിയന്തിര പരിഹാരത്തിനു കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തി പ്രവാസികളുടെ പ്രയാസത്തില്‍ കൂടെ നില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും തയ്യാറാകണമെന്നും ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരളാ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.