ക്ഷമയുടെ ഖുര്‍ആനിക സന്ദേശം വിശ്വ സമൂഹത്തിന് അത്യാവശ്യം”– കൈതപ്രം
കോഴിക്കോട് : ഇന്ന് വിശ്വ സമൂഹത്തിന് ആകെയും അത്യാവശ്യമായിരിക്കുന്ന മഹാ സന്ദേശമാണ് ഖുര്‍ആന്‍ ആവര്‍ത്തിച്ച് ഉപദേശിക്കുന്ന ക്ഷമ എന്ന തത്വമെന്ന് പ്രശസ്ത കവിയും ചലച്ചിത്രഗാന രചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ റമദാന്‍ മാസത്തില്‍ ക്ഷമിക്കുന്നവരുടെ കൂടെ മാത്രമേ അല്ലാഹു ഉണ്ടാവുകയുള്ളൂ എന്ന സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്. . ഇത് ഇന്ന് ഇസ്ലാമിന്റെ അനുയായികള്‍ പോലും വേണ്ടത്ര ഗ്രഹിക്കുന്നില്ല. ക്ഷമയുടെ സന്ദേശം ലോകം മുഴുവന്‍ പരത്തുക എന്നതാണ് ഇന്നത്തെ സാഹചര്യത്തില്‍ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം എന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഖുര്‍ആന്‍ മലയാളം” എന്ന പേരില്‍ വി.വി.എ. ശുക്കൂര്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയ അബ്ദുല്ല യൂസുഫ് അലിയുടെ വിശ്വപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷയുടെ മനോഹാരിതയാലും സാര്‍വലൗകിക സമീപനത്താലും ആഗോള പ്രസിദ്ധി ആര്‍ജിച്ചതാണ്,വിഖ്യാതനായ ധിഷണാശാലിയും ബഹുഭാഷാ പണ്ഡിതനും ആയിരുന്ന അബ്ദുല്ല യൂസുഫ് അലി ഇംഗ്ലീഷില്‍ രചിച്ച പ്രസ്തുത ഖുര്‍ആന്‍ വിവര്‍ത്തന – വ്യാഖ്യാന ഗ്രന്ഥം.
വിശുദ്ധ ഖുര്‍ആന്റെ ചരിത്രം തന്നെ വളരെ മനോഹരമായിട്ടുള്ള ഒന്നാണെന്ന് കൈതപ്രം പറഞ്ഞു. നബി തിരുമനസ്സിന്റെ ഗംഭീരമായ തപസ്സിന്റെ പ്രസാദമായിട്ടാണ് ഖുര്‍ആന്‍ മലക്ക് വഴി ലഭിക്കുന്നത്. മാത്രമല്ല, ലോകം മുഴുവന്‍ കൊണ്ടാടപ്പെടുന്ന ഖുര്‍ആന്‍ അവതാര മാസം ഖുര്‍ആന്റെ മാത്രം പ്രത്യേകതയാണ്. അതാണല്ലോ റമദാന്‍ മാസം.
വ്യാഖ്യാനം നന്നാകുന്നില്ലെങ്കില്‍, അല്ലെങ്കില്‍ സത്യസന്ധമല്ലെങ്കില്‍ അതാണ് ഖുര്‍ആനോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി. ആ അനീതി ഇവിടെ സംഭവിക്കുന്നില്ലെന്ന് ‘ഖുര്‍ആന്‍ മലയാള’ത്തിന്റെ പുറങ്ങളിലൂടെ കടന്നുപോകുന്ന ആര്‍ക്കും ബോധ്യമാകും. കാരണം, അടിയുറച്ച വിശ്വാസിയുടെ യുക്തിഭദ്രമായ സ്വരമാണ് ഇതിലൂടെ തനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. ആരെയും ആകര്‍ഷിക്കുന്നതും, ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്തതും, ദൈവത്തിലേക്കുള്ള വഴിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാത്തതുമാണ് ഇതിലെ അവതരണം.
യൂസുഫ് അലിയുടെ വളരെ മനോഹരവും ഗൗരവതരവുമായ ഇംഗ്ലീഷില്‍ നിന്ന് ഇങ്ങനെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യണമെങ്കില്‍ മലയാളത്തിലും ഇംഗ്ലീഷിലും നല്ല വ്യുല്‍പത്തി കൂടിയേ തീരൂ, അതിനാല്‍ ‘ഖുര്‍ആന്‍ മലയാള’വും അതിന് പിന്നിലെ വലിയ പ്രയത്‌നവും അങ്ങേയറ്റം ശ്ലാഘനീയമാണ്. ‘ഈ മഹാ പരിശ്രമത്തിന് എന്റെ സന്തോഷം, സ്‌നേഹം, അഭിനന്ദനം,’ കൈതപ്രം കൂട്ടിച്ചേര്‍ത്തു. മലയാള വിവര്‍ത്തകനായ വി.വി.എ. ശുക്കൂര്‍ ഗ്രന്ഥത്തിന്റെ കോപ്പി അദ്ദേഹത്തിന് കൈമാറി.