വാദി അല്‍-ബനാത്ത് ജംഗ്ഷനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അശ്ഗാല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഗ്രേറ്റര്‍ ദോഹ പദ്ധതിയുടെ ഏഴാം ഘട്ടത്തിലെ വിവിധ മേഖലകളിലെ റോഡുകള്‍ക്കും ജംഗ്ഷനുകള്‍ക്കുമുള്ള റോഡ് മെച്ചപ്പെടുത്തല്‍ പ്രവൃത്തികളുടെ ഭാഗമായി വാദി അല്‍-ബനാത്ത് ജംഗ്ഷനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) അറിയിച്ചു.
അല്‍-ഖോര്‍ റോഡിനെ അല്‍-ഷമാല്‍ റോഡുമായി ബന്ധിപ്പിക്കുകയും അല്‍-എബ്ബ് , ലീബൈബ്, അല്‍-ഖീസ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ അടുത്തിടെ നിര്‍മ്മിച്ച ഈ ജംഗ്ഷന് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അശ്ഗാലിലെ റോഡ്സ് പ്രോജക്ട്സ് ഡിപ്പാര്‍ട്ട്മെന്റിലെ വെസ്റ്റേണ്‍ ഏരിയ വിഭാഗം മേധാവി എന്ജിന് ഫഹദ് മുഹമ്മദ് അല്‍ ഒതൈബി പറഞ്ഞു.
ജംഗ്ഷനില്‍ നേരെ തുടരാന്‍ ഓരോ ദിശയിലും 3 പാതകളും എല്ലാ ദിശകളിലേക്കും ഇടത്തേക്ക് തിരിയാന്‍ മറ്റ് 3 പാതകളും ഉള്‍പ്പെടുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ മൊത്തം 2.3 കിലോമീറ്റര്‍ നീളത്തില്‍ റോഡ് പ്രവൃത്തികളും ജംഗ്ഷന്റെ തെക്ക് വശത്ത് ജനവാസ മേഖലകള്‍ക്കായി 1.5 കിലോമീറ്റര്‍ സര്‍വീസ് റോഡിന്റെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.
കൂടാതെ, മൈക്രോ ടണലിംഗ് രീതി ഉപയോഗിച്ച് 32 മീറ്റര്‍ താഴ്ചയില്‍ 5.3 കിലോമീറ്റര്‍ മഴവെള്ള ഡ്രെയിനേജ് നെറ്റ്വര്‍ക്ക് ലൈനുകളുടെ നിര്‍മ്മാണം, ഇന്റലിജന്റ് ട്രാന്സ്പോര്ട്ടേഷന് സിസ്റ്റം (ഐടിഎസ്), 3.8 കിലോമീറ്റര്‍ ജലസേചന ശൃംഖല, ഇലക്ട്രിക് കേബിളുകള്‍ എന്നിവയും പ്രവര്‍ത്തനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നു. ട്രാഫിക് സിഗ്നലുകളും 120 ലൈറ്റിംഗ് തൂണുകളും സ്ഥാപിച്ചിട്ടുണ്ട്.