Archived Articles

സംഗീത സാന്ദ്രമായി കുവാഖ് ഇരുപത്തിരണ്ടാം വാര്‍ഷികമാഘോഷിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. ഐഡിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ നടന്ന കുവാഖ് സംഗീതരാവ് – മൂണ്‍ മാജിക്ക് പ്രോഗ്രാം- ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രശസ്ത പിന്നണി ഗായകന്‍ കണ്ണൂര്‍ ഷെരീഫ് തന്റെ അനശ്വരസംഗീതം കൊണ്ട് നിറഞ്ഞാടിയ സന്ധ്യ ഖത്തറിലെ സംഗീതാസ്വാദകര്‍ക്ക് നവ്യാനുഭവമായി മാറി.

കണ്ണൂര്‍ ഷെരീഫിനോടൊപ്പം ഖത്തറിലെ യുവ ഗായികാഗായകന്‍മാര്‍ കൂടി ഒത്തുചേര്‍ന്നപ്പോള്‍ പരിപാടി സംഗീതസാന്ദ്രമായി. നൃത്താധ്യപിക ആതിര അരുണ്‍ലാല്‍ ഒരുക്കിയ നൃത്ത ചുവടുകള്‍ പരിപാടിക്ക് മാറ്റുകൂട്ടി.

വാര്‍ഷികാഘോഷ പരിപാടിക്ക് കുവാഖ് ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ സ്വാഗതമോതി. ഇന്ത്യന്‍ എംബസ്സി സെക്കന്റ് സെക്രട്ടറി കുല്‍ജീത് സിംഗ് അറോറ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ എസ് സി പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്, ഐ സി ബി എഫ് ആക്ടിംഗ് പ്രസിഡണ്ട് വിനോദ് നായര്‍, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു കണ്ണൂര്‍ ഷെരീഫിനെ പൊന്നാടയണിയിച്ചു ആദരിച്ചു.

ഉപഹാരം കുല്‍ജീത് സിംഗ് അറോറ കൈമാറി.
സംഘടനയുടെ പുതിയ ലോഗോ പ്രകാശനം കുല്‍ജീത് സിംഗ് അറോറയും വെബ്‌സൈറ്റിന്റേത് കണ്ണൂര്‍ ഷെരീഫും നിര്‍വ്വഹിച്ചു.

ഒട്ടനവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടികൂട്ടിയ കൊച്ചു മിടുക്കി നൈനിക ധനുഷ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷെഫീഖ് മാങ്കടവ് എന്നിവര്‍ കുവാഖിന്റെ ആദരവ് ചടങ്ങില്‍ ഏറ്റുവാങ്ങി.

അക്കാദമിക് രംഗത്ത് മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്കുള്ള മെമന്റോകളും ചടങ്ങില്‍ കൈമാറി.

സംഗീതരാവ് – മുണ്‍മാജിക്ക് അണിയിച്ചൊരുക്കിയ സംവിധായകനും കുവാഖ് കള്‍ച്ചറല്‍ സെക്രട്ടറിയുമായ രതീഷ് മാത്രാടനെയും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റിജിന്‍ പള്ളിയത്തിനെയും കണ്ണൂര്‍ ഷെരീഫ് പൊന്നാട അണിയിച്ചു ആദരിച്ചു.

Related Articles

Back to top button
error: Content is protected !!