വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് ഫിഫ 2022 ലോകകപ്പ് ഖത്തറിന് മുന്നോടിയായി തുറക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയേക്കാവുന്ന വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് ഫിഫ 2022 ലോകകപ്പ് ഖത്തറിന് മുന്നോടിയായി തുറക്കുമെന്ന് ഖത്തര്‍ ടൂറിസം അറിയിച്ചു. ടൂര്‍ണമെന്റിനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്കായി പലപുതിയ ആകര്‍ഷക പദ്ധതികളും ആരംഭിക്കാനിരിക്കുകയാണെന്ന് ഖത്തര്‍ ടൂറിസം അറിയിച്ചു.
ദോഹയുടെ ഹൃദയഭാഗത്ത് 40,000 ചതുരശ്ര മീറ്റര്‍ വിശാലമായ പ്രീമിയം ബീച്ച്ഫ്രണ്ട് ഉള്‍ക്കൊള്ളുന്ന വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് പ്രോജക്റ്റ് ഉടന്‍ ആരംഭിക്കുന്ന പ്രോജക്ടുകളില്‍ ഒന്നാണ്.
എല്ലാവര്ക്കും ആസ്വദിക്കാനും ആവേശകരമായ നഗര-ബീച്ച് അനുഭവം സൃഷ്ടിക്കുന്നതിനും പൊതു-സ്വകാര്യ ബീച്ച് ഏരിയകള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണ-പാനീയ ഓഫറുകള്‍ക്കൊപ്പം മൂന്ന് വ്യത്യസ്ത ബീച്ച് അനുഭവങ്ങള്‍ സമ്മാനിക്കും.
വെസ്റ്റ് ബേ മെട്രോ സ്റ്റേഷനില്‍ നിന്ന് 10 മിനിറ്റ് അകലെയുള്ള ദോഹയിലെ ബിസിനസ്സ് ഡിസ്ട്രിക്റ്റിന് സമീപവും നിരവധി പ്രമുഖ ഷോപ്പിംഗ് ഔട്ട്ലെറ്റുകള്, പാര്‍ക്കുകള്‍, ഹോട്ടലുകള്‍ എന്നിവയോട് ചേര്‍ന്നുമാണ് വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്.
ഖത്തറിലെ കുടുംബങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മികച്ച സേവനങ്ങള്‍ ആസ്വദിക്കാനും ഒരൊറ്റ ലക്ഷ്യസ്ഥാനത്ത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കാനും സൗകര്യമൊരുക്കുന്ന ഈ പദ്ധതി ഒരു അതുല്യ വിനോദ കേന്ദ്രമായി മാറും.