ഫിഫ 2022 ലോകകപ്പിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മലബാര്‍ അടുക്കള കുടുംബസംഗമം
അമാനുല്ല വടക്കാങ്ങര
ദോഹ. മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്റര്‍ ഖത്തര്‍ 2022 ഫിഫ വേള്‍ഡ് കപ്പിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് മുന്നൂറോളം ആളുകള്‍ പങ്കെടുത്ത കുടുംബസംഗമം സംഘടിപ്പിച്ചു. ഷഹാനിയയിലെ ഫാമിലി പാര്‍ക്ക് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ ഖത്തറിനെ പിന്തുണച്ച് കൊണ്ട് കുടുംബങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു.
ഖത്തര്‍, ഇന്ത്യ, ബ്രസീല്‍ , അര്‍ജന്റീന, പോര്‍ച്ചുഗല്‍ എന്നിങ്ങനെ വ്യത്യസ്ത ഫാന്‍ ടീമുകളായി തിരിച്ചു കൊണ്ട് നടന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഫുട്‌ബോള്‍ മത്സരം ആയിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം.
സ്ത്രീകളുടെ വാശിയേറിയ ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ഫാന്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ഫാന്‍സ് ടീം വിജയികളായി.
നിരവധി കായിക മത്സരങ്ങളും, പുരുഷന്മാരുടെ ഫുട്‌ബോള്‍ മല്‍സരവും കുടുംബസംഗമം സജീവമാക്കി. ലോകകപ്പ് തീമില്‍ നടന്ന കുട്ടികളുടെ നൃത്തശില്‍പങ്ങള്‍ പരിപാടിയുടെ മാറ്റു കൂട്ടുന്നതായിരുന്നു. കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളെയും പങ്കെടുപ്പിച്ചു കൊണ്ട് മറ്റു കലാ കായിക പരിപാടികളും അരങ്ങേറി.
ഉച്ച ഭക്ഷണത്തോടെ തുടങ്ങിയ പരിപാടികള്‍ രാത്രി വൈകി 11 മണി വരെ നീണ്ടു നിന്നു.
ചടങ്ങിന് മലബാര്‍ അടുക്കള അഡ്മിന്‍ ഷഹാന ഇല്യാസ് കോര്‍ഡിനേറ്റര്‍സ് ആയ നസീഹ മജീദ്, സുമയ്യ തസീന്‍, നുസ്രത് നജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി