ഫിഫ 2022 ,ഇതുവരെ ഇരുപത്തൊമ്പതര ലക്ഷം ടിക്കറ്റുകള്‍ വിറ്റു
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ,ഇതുവരെ ഇരുപത്തൊമ്പതര ലക്ഷം ടിക്കറ്റുകള്‍ വിറ്റതായി ഫിഫ അധികൃതരെ ഉദ്ധരിച്ച് എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.ഖത്തറിന്റെ ആതിഥേയത്വത്തെക്കുറിച്ചുള്ള നിഷേധാത്മക പ്രചാരണങ്ങള്‍ക്കിടയിലും ലോകകപ്പിന്റെ തുടക്കം മുതല്‍ 29 ദിവസങ്ങളിലായി നടക്കുന്ന 64 മത്സരങ്ങളിലും കാല്‍പന്തുകളിലോകത്ത് താല്‍പ്പര്യം ഉയര്‍ത്തിയതായി ഫിഫ സ്ഥിരീകരിച്ചു. ഖത്തര്‍, സൗദി അറേബ്യ, അമേരിക്ക, മെക്സിക്കോ, ബ്രിട്ടന്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, അര്‍ജന്റീന, ഫ്രാന്‍സ്, ഇന്ത്യ, ബ്രസീല്‍ എന്നിവയാണ് മുന്‍നിര വിപണികളെന്ന് വക്താവ് പറഞ്ഞു.
ദോഹയിലെ ഫിഫ ടിക്കറ്റ് സെന്ററില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഔദ്യോഗിക ഓണ്‍ലൈന്‍ ടിക്കറ്റ് പ്ലാറ്റ്ഫോമില്‍ എത്താന്‍ ആരാധകര്‍ ദീര്‍ഘനേരം കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
24 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ റഷ്യ 2018-നെ ഖത്തര്‍ ഇതിനകം തന്നെ മറികടന്നു കഴിഞ്ഞു. ഖത്തറില്‍ ഇന്നലെ നടന്ന ഉദ്ഘാടനമല്‍സരം കാണാന്‍ 67372 പേരാണ് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലെത്തിയത്.