മൂന്നാമത് കത്താറ ഇന്റര്‍നാഷണല്‍ അറേബ്യന്‍ ഹോഴ്സ് ഫെസ്റ്റിവല്‍ നാളെ ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. മൂന്നാമത് കത്താറ ഇന്റര്‍നാഷണല്‍ അറേബ്യന്‍ ഹോഴ്സ് ഫെസ്റ്റിവല്‍ നാളെ ആരംഭിക്കും. 18 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഫെസ്റ്റിവല്‍ ഫെബ്രുവരി 11 വരെ തുടരും.
അറേബ്യന്‍ പെനിന്‍സുല കുതിര ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 1-4 വരെയും ലേലം ഫെബ്രുവരി 6 വരെയും ടൈറ്റില്‍ ഷോ ഫെബ്രുവരി 8 മുതല്‍ 11 വരെയും നടക്കുമെന്ന് കത്താര തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
പ്രദര്‍ശനങ്ങള്‍, കലാ ശില്പശാലകള്, മത്സരങ്ങള്‍, തത്സമയ കലാപരിപാടികള്‍ എന്നിവയുള്‍പ്പെടെ 30-ലധികം പരിപാടികളുള്ള നിരവധി സാംസ്കാരിക പരിപാടികള്‍ ഫെസ്റ്റിവലിന്റെ സവിശേഷതയാണ്. കത്താറ കോര്‍ണിഷിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ഖത്തര്‍ ഇക്വസ്ട്രിയന്‍ ഫെഡറേഷന് (ക്യുഇഎഫ്), ഖത്തര്‍ റേസിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ ക്ലബ് (ക്യുആര്‍ഇസി) എന്നിവയുടെ സഹകരണത്തോടെ കത്താറ – കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.