ഐ.സി.ബി.എഫ് സംഘടിപ്പിച്ച 45-ാമത് മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ.ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ഇമാറ ഹെല്‍ത്ത് കെയറില്‍ സംഘടിപ്പിച്ച 45-ാമത് മെഡിക്കല്‍ ക്യാമ്പ് വന്‍ ജനങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏകദേശം 400 ഓളം താഴ്ന്ന വരുമാനക്കാരായ ആളുകള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി. രാവിലെ 8 മുതല്‍ 11 വരെയാണ് ക്യാമ്പ് തീരുമാനിച്ചിരുന്നതെങ്കിലും മികച്ച പ്രതികരണത്തെത്തുടര്‍ന്ന് ക്യാമ്പ് ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു.
ഇന്റേണല്‍ മെഡിസിന്‍, ഇ.എന്‍.ടി, ഡെന്റല്‍ ഓറല്‍ സ്‌ക്രീനിംഗ്, ഓര്‍ത്തോപീഡിക്, ഡെര്‍മറ്റോളജി, ഫിസിയോതെറാപ്പി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പില്‍ പങ്കെടുക്കുത്തവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ഉറപ്പാക്കുന്നതിന് ഫാര്‍മസി സേവനവും ഒരുക്കിയിരുന്നു. ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും, അതില്‍ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിരുന്നു.
ഐ.സി.ബി.എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ സുമന്‍ സോന്‍കറിന്റെ സാന്നിധ്യത്തില്‍, ഇന്ത്യന്‍ എംബസിയുടെ ചാര്‍ജ് ഡി അഫയേഴ്സ് ടി ആന്‍ജലിന്‍ പ്രേമലത ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഐ.സി. ബി.എഫ് സെക്രട്ടറി ടി.കെ മുഹമ്മദ് കുഞ്ഞി തന്റെ സ്വാഗത പ്രസംഗത്തില്‍ ക്യാമ്പിലെ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ തന്റെ അധ്യക്ഷ പ്രസംഗത്തില്‍, താഴ്ന്ന വരുമാനക്കാരായ വ്യക്തികളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതില്‍ ഇത്തരം മെഡിക്കല്‍ ക്യാമ്പുകളുടെ പ്രാധാന്യം എടുത്തുപറഞ്ഞു.
എല്ലാവരും പരസ്പരം പിന്തുണ നല്‍കുന്ന ‘വസുധൈവ കുടുംബകം’ എന്ന ആശയത്തെ പരാമര്‍ശിച്ചുകൊണ്ട് ശ്രീമതി ആന്‍ജലിന്‍ പ്രേമലത തന്റെ ഉദ്ഘാടന പ്രസംഗത്തില്‍, ഇത്തരം പ്രവര്‍ത്തനങ്ങളിലെ ഇന്ത്യന്‍ സമുഹത്തിന്റെ ഐക്യത്തെയും അര്‍പ്പണബോധത്തെയും പ്രശംസിച്ചു. ഇമാറ ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, ഐ.സി.ബി.എഫുമായുള്ള സഹകരണത്തിന് നന്ദി പറഞ്ഞു. ഇമാറ ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അമീന്‍, ഐ.സി.ബി.എഫ് അംഗങ്ങള്‍ക്കായുള്ള പ്രിവിലേജ് കാര്‍ഡ് കൈമാറി. മറ്റ് അപെക്സ് ബോഡി പ്രസിഡന്റുമാര്‍, കമ്മ്യൂണിറ്റി നേതാക്കള്‍, അപെക്സ് ബോഡി അംഗങ്ങള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. അബ്ദുള്‍ റൗഫ് കൊണ്ടോട്ടി നന്ദി പറഞ്ഞു.
ഡോക്ടര്‍ കണ്‍സള്‍ട്ടേഷനൊപ്പം ഫിസിയോതെറാപ്പി സെഷനുകളുടെയും,സൗജന്യ മരുന്നുകളുടെയും ലഭ്യതയെയും കുറിച്ച് ക്യാമ്പില്‍ പങ്കെടുത്തവര്‍ സന്തോഷം പ്രകടിപ്പിച്ചു. മറ്റു വോളണ്ടിയര്‍മാരോടൊപ്പം, ഏകദേശം 20 വിദ്യാര്‍ത്ഥികളായ വൊളന്റിയര്‍മാരുടെ സേവനവും ക്യാമ്പിന് വളരെ സഹായകരമായിരുന്നു.
ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ഖത്തര്‍, ക്യൂ ലൈഫ് ഫാര്‍മ, ഇന്ത്യന്‍ ഫിസിയോ തെറാപ്പി ഫോറം ഖത്തര്‍ തുടങ്ങിയവരും ക്യാമ്പിന് സപ്പോര്‍ട്ടുമായി രംഗത്തുണ്ടായിരുന്നു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ട്രഷറര്‍ കുല്‍ദീപ് കൗര്‍ ബഹല്‍, മാനേജിഗ് കമ്മിറ്റി അംഗങ്ങളായ ശങ്കര്‍ ഗൗഡ്, കുല്‍വീന്ദര്‍ സിംഗ് ഹണി, സെറീന അഹദ്, സമീര്‍ അഹമ്മദ്, ഹാമിദ് റാസ, ഉപദേശക സമിതി അംഗങ്ങളായ ശശിധര്‍ ഹെബ്ബാല്‍, ടി. രാമസെല്‍വം തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.