പ്രവാസി വിദ്യാര്‍ഥികള്‍ മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ശ്രമിക്കണം: ഗ്രീന്‍ ടീന്‍സ്
ദോഹ. ഗള്‍ഫ് രാജ്യങ്ങളില്‍ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ ഉയര്‍ന്ന പഠനത്തിന് സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ ശ്രമിക്കണമെന്ന് ഖത്തര്‍ കെഎംസിസിയുടെ വിദ്യാര്‍ഥി വിഭാഗമായ ഗ്രീന്‍ ടീന്‍സ് അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍വകലാശാലകളിലും മികവിന്റെ കേന്ദ്രങ്ങളായ മറ്റു സ്ഥാപനങ്ങളിലും പ്രവേശനം നേടുന്നത് വഴി ലഭ്യമായ ശ്രദ്ധേയമായ പഠന സാധ്യതകളെയും കരിയറിലുയരാനുള്ള അവസരങ്ങളെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്കാന് രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണമെന്നും ഗ്രീന്‍ ടീന്‍സ് ആവശ്യപ്പെട്ടു. മികവുറ്റ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് അവസരമൊരുക്കുന്ന ജെഇഇ, നീറ്റ്, ക്ലാറ്റ്, സിയുഇടി, എന്‍ഐഡി-ഡാറ്റ്, യൂസീഡ് തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്ക് യഥാസമയം അപേക്ഷ സമര്‍പ്പിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും തയ്യറാവണം. നിലവാരമില്ലാത്തതും അംഗീകാരമില്ലാത്തതുമായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന പ്രലോഭനങ്ങളില്‍ അകപ്പെടാതെ ജാഗ്രത പുലര്‍ത്താന്‍ ശ്രദ്ധിക്കണം.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രീന്‍ ടീന്‍സ് സബ് കമ്മറ്റിയുടെ കിക്കോഫ് മീറ്റിംഗ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, നേതാക്കളായ ബഷീര്‍ ടി.ടി.കെ, താഹിര്‍ താഹക്കുട്ടി, ഷമീര്‍ പട്ടാമ്പി, സല്മാന് എളയിടം എന്നിവര്‍ സംസാരിച്ചു. കെജി മുതല്‍ യൂണിവേഴ്സിറ്റി തലം വരെ ഖത്തറില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വ്യത്യസ്ത പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചു. ഗ്രീന്‍ടീന്‍സ് ഭാരവാഹികള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി