കഹ്‌റാമയുടെ തര്‍ഷീദ് പദ്ധതി 1.2 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഉദ് വമനം കുറയ്ക്കാനും 840 മില്യണ്‍ റിയാല്‍ ലാഭിക്കാനും സഹായിച്ചു
ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റാമ) നടത്തുന്ന നാഷണല്‍ പ്രോഗ്രാം ഫോര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് എനര്‍ജി എഫിഷ്യന്‍സി തര്‍ഷീദ് 2024ല്‍ 1.2 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഉദ് വമനം കുറയ്ക്കാനും 840 മില്യണ്‍ റിയാല്‍ ലാഭിക്കാനും സഹായിച്ചതായി കഹ്റാമയിലെ കണ്‍സര്‍വേഷന്‍ ആന്‍ഡ് എനര്‍ജി എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ എന്‍ജി റാഷിദ് അല്‍ റഹീമി വ്യക്തമാക്കി.
ദോഹയില്‍ നടക്കുന്ന തര്‍ഷീദ് എനര്‍ജി ആന്‍ഡ് വാട്ടര്‍ എഫിഷ്യന്‍സി ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരതയ്ക്കായി വൈദ്യുതിയുടെയും ജല ഉപഭോഗത്തിന്റെയും യുക്തിസഹമാക്കുന്നതിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഹ്റാമയാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ കഹ്റാമ പ്രസിഡന്റ് എന്‍ജിനീയര്‍ എസ്സ ബിന്‍ ഹിലാല്‍ അല്‍ കുവാരിയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും അതിഥികളും പങ്കെടുത്തു.
ജലക്ഷമത കൈവരിക്കുന്നതിനായി ഗള്‍ഫ് വാട്ടര്‍ യൂട്ടിലിറ്റി സ്‌പെസിഫിക്കേഷനുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഖത്തറിന്റെ പുനരുപയോഗ ഊര്‍ജ തന്ത്രം ആരംഭിച്ചിട്ടുണ്ടെന്നും അല്‍ റഹിമി പറഞ്ഞു. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുള്ള കരട് ജലനിയമത്തിനും ജില്ലാ കൂളിംഗ് സേവനങ്ങളെ നിയന്ത്രിക്കുന്ന കരട് നിയമത്തിനും സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി അദ്ദേഹം പറഞ്ഞു.