IM Special

‘ആരോഗ്യമാണ് ലഹരി’: ഡോ.ആരിഫ് സിപി, ഫൗണ്ടര്‍ ആന്റ് ഗ്രാന്‍ഡ് മാസ്റ്റര്‍ യു.എം.എ.ഐ

ദോഹ. നാം ജീവിക്കുന്ന ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട ആശയമാണ് ആരോഗ്യ സംരക്ഷണമെന്നും ഈ രംഗത്ത് സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ശ്രദ്ധയും ജാഗ്രതയും വേണമെന്നും യുനൈറ്റഡ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ ഫൗണ്ടറും ഗ്രാന്‍ഡ് മാസ്റ്ററുമായ ഡോ.ആരിഫ് സിപി അഭിപ്രായപ്പെട്ടു. ഇന്റര്‍നാഷണല്‍ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ആരോഗ്യ സംരംക്ഷണത്തിന്റെ വിവിധ വശങ്ങളിലേക്ക് അദ്ദേഹം വെളിച്ചം വീശിയത്.

ഓരോരുത്തരും ഇടക്കിടെ സ്ട്രച്ചിംഗ് ചെയ്യുകയും, ബ്രീത്തിംഗ് എക്‌സര്‍സൈസുകള്‍ പരിശീലിക്കുകയുമാണെങ്കില്‍ ആരോഗ്യം സംരംക്ഷിക്കുവാനും സ്വസ്ഥമായ ജീവിതം നയിക്കുവാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യമാണ് ലഹരി. ഓരോരുത്തരും തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച ബോധമുള്ളവരാകുമ്പോള്‍ സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്ന് മാത്രമല്ല ആരോഗ്യം നശിപ്പിക്കുന്ന എല്ലാ തിന്മകളും ഇല്ലാതാക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തിയറി, പ്രാക്ടിക്കല്‍, ഫിലോസഫി എന്നീ മൂന്ന് പോയന്റുകളില്‍ ഊന്നിയ പരിശീലന പരിപാടികളാണ് യു.എം.എ.ഐ നടത്തുന്നത്.

കുഗ്ഫു, കളരി, കരാട്ടെ തുടങ്ങിയ വിവിധ ആയോധനകലകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് ശ്രദ്ധേയനായ ഡോ. സിപി.ആരിഫിന്റെ ചിന്തകളും സമീപനവും ശ്രദ്ധേയമാകുന്നത് അവയുടെ ധാര്‍മിക രംഗം കൂടി ചേരുമ്പോഴാണ്. സമൂഹ നന്മക്കും വ്യക്തി നന്മക്കും സുപ്രധാനമായ ധാര്‍മിക മൂല്യങ്ങള്‍ പഠിപ്പിച്ചാണ് ഓരോ പഠിതാക്കളേയും അദ്ദേഹം പരിഗണിക്കുന്നത്. പലപ്പോഴും സംഘട്ടനങ്ങളില്‍ എങ്ങനെ വിജയിക്കാമെന്നാണ് ഊന്നിപ്പറയാറുള്ളത്. എന്നാല്‍ എങ്ങനെ സംഘര്‍ഷം ഒഴിവാക്കാമെന്നും പ്രശ്‌നങ്ങളില്‍ നിന്നും സുരക്ഷിതമായി ഊരിപ്പോരാമെന്നുമാണ് ഡോ. ആരിഫ് പഠിപ്പിക്കുക. ഹൗ ടു ഫിനിഷ് എന്നതിന് പകരം ഹൗ ടു അവോയിഡ് ഫൈറ്റ് എന്നതാണ് അദ്ദേഹത്തിന്റെ മുന്‍ഗണന,

സെല്‍ഫ് ഡിഫന്‍സിനാണ് ആയോധന കലകള്‍ മുഖ്യമായും പരിശീലിപ്പിക്കുന്നത്. ഇതിന് സെല്‍ഫ് അവയര്‍നസും സെല്‍ഫ് ഡിസിപ്‌ളിനും വേണം. ആത്മാഭിമാനവും ബോധവുമുള്ളവര്‍ക്കാണ് മറ്റുള്ളവരെ ബഹുമാനിക്കാനും പരിഗണിക്കാനും കഴിയുക.

ധാര്‍മികാധ്യാപനങ്ങള്‍ക്ക് ആയോധന കലയില്‍ വലിയ പ്രാധാന്യമുണ്ടെന്നും ആ രംഗത്ത് തൃപ്തികരമായ നിലയിലെത്തിയ ശേഷമേ ബ്‌ളാക് ബെല്‍റ്റ് നല്‍കുകയുള്ളൂവെന്നതും യു.എം.എ.ഐയുടെ പ്രത്യേകതയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അമ്പതിനായിരത്തിലധികം പേരാണ് യു.എം.എ.ഐയുടെ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം നടത്തുന്നത്. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാത്തവരും എല്ലാ സാമൂഹ്യ തിന്മകള്‍ക്കുമെതിരെ അണിനിരക്കുന്നവരുമാണ് ഇവരൊക്കെയുമെന്നത് ഡോ. ആരിഫിനും ടീമിനും അഭിമാനിക്കാം.

യുനൈറ്റഡ് മാര്‍ഷല്‍ ആര്‍ട്സ് അക്കാദമി ഇന്റര്‍നാഷണില്‍ നിന്നും രണ്ടായിരത്തഞ്ഞൂറോളം പേര്‍ ഇതിനകം ബ്‌ളാക് ബെല്‍റ്റ് നേടുകയും പലരും പരിശീലകരായി മാറുകയും ചെയ്തുവെന്നതും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

കേരളത്തിലെ വിവിധ ജില്ലകളിലായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന യു.എം.എ.ഐ 1999 മുതല്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 32 രാജ്യങ്ങളില്‍ നിന്നായി ആയിരത്തഞ്ഞൂറിലധികം വിദ്യാര്‍ഥികളാണ് നിലവില്‍ യു.എം.എ.ഐ കേന്ദ്രങ്ങളില്‍ പഠിക്കുന്നത്. 4 വയസ്സ് മുതല്‍ 68 വയസ്സുവരെയുള്ള പഠിതാക്കളാണ് ദോഹയിലുള്ളതെന്നും നിരവധി സ്ത്രീകളും വിവിധ പരിശീലന പരിപാടികള്‍ വിജയകരമായി പൂര്‍ത്തിയാക്ക് ബ്‌ളാക് ബെല്‍ട്ട് നേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദോഹയില്‍ യു.എം.എ.ഐ നടത്തുന്ന പരിശീലന പരിപാടികളെക്കുറിച്ചറിയുവാന്‍ 50005180 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടാം.
കോഴിക്കോട് സിപി അഹ് മദ് കോയയുടേയും ആയിഷാബിയുടേയും സീമന്ത പുത്രനായാണ് ഡോ.ആരിഫിന്റെ ജനനം. പിതാവ് പരന്ന വായനക്കാരനായിരുന്നു. നാലാം തരം വരെ മാത്രം പഠിച്ച പിതാവ് സ്വന്തമായി ഉറുദു ഭാഷ പഠിക്കുകയും റാങ്കോടെ ബിരുദം നേടുകയും ചെയ്തത് ആരിഫ് ഇന്നും ഓര്‍ക്കുന്നു. ബ്രൂസിലിയുടെ സിനിമകള്‍ കാണാന്‍ പിതാവ് പ്രോല്‍സാഹിപ്പത് ആരിഫിന്റെ ജീവിതം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
നാലാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ തന്നെ കളരിയില്‍ തല്‍പരനായ ആരിഫ് പാലാഴിയില്‍ എം.പി. മൊയ്തീന്‍ ഗുരുക്കളുടെ കളരിയില്‍ അഭ്യസിക്കുവാന്‍ തുടങ്ങി. എട്ടാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് കുംഫു മാസ്റ്ററെ പരിചയപ്പെടുന്നതും ജയന്ത് ഗോപിനാഥനില്‍ നിന്നും കുംഫു പഠിക്കാനാരംഭിക്കുന്നതും.
കെ.എം. ബാഷയില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ടി.എസ് രാജേന്ദ്രനില്‍ നിന്നും സി ഹനുമന്തറാവുവില്‍ നിന്നും കരാട്ടെയും അഭ്യസിച്ച ആരിഫ് മാര്‍ഷ്യല്‍ ആര്‍ട്ടില്‍ വിദഗ്ധനാകാന്‍ അധികം സമയം വേണ്ടി വന്നില്ല. 2004 മുതല്‍ 2024 ഒക്ടോബര്‍ വരെ എക്‌സൈസ് വകുപ്പില്‍ ജോലി ചെയ്ത ആരിഫ് കരാട്ടെയുടേയും കുംഫുവിന്റേയും അന്താരാഷ്ട്ര ജഡ്ജിംഗ് പാനല്‍ അംഗമാണ്. നിരവധി ദേശീയ അന്തര്‍ദേശീയ മല്‍സരങ്ങളുടെ പരിശീലകനും ജഡ്ജും സെലക്ടറുമൊക്കെയായി തിളങ്ങുന്ന ഈ കോഴിക്കോട്ടുകാരന്‍ മലയാളികള്‍ക്ക് അഭിമാനമാണ്.

Related Articles

Back to top button
error: Content is protected !!