Breaking News

കോവിഡ് പ്രതിരോധം: ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് ഭീഷണി അതിരൂക്ഷമായി തുടരുന്ന ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ഖത്തര്‍. കോവിഡ് പ്രതിരോധത്തിന് ഇന്ത്യക്ക് ഏത് തരം സഹായവും നല്‍കാന്‍ തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാാനി അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.

മോഡിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അമീര്‍ സഹായം വാഗ്ദാനം ചെയ്തത്. ഊഷ്മളവും ചരിത്രപരവുമായ ഇന്തോ ഖത്തര്‍ ബന്ധത്തിലെ പ്രതീക്ഷയുടേയും പ്രത്യാശയുടേയും പുതിയ അധ്യായമാണിത്.

‘ഖത്തര്‍ അമീറുമായി ഇന്ന് സൗഹൃദ സംഭാഷണം നടത്തി.കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനും സഹായം വാഗ്ദാനം നല്‍കിയതിനും ഞാന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഖത്തറിലുള്ള ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന കരുതലിനും ഞാന്‍ നന്ദി രേഖപ്പെടുത്തി, എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ കുറിച്ചത്.

ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം സൃഷ്ടിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഖത്തറിന്റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച അമീര്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ അനുശോചനവും ചികില്‍സയിലുള്ളവര്‍ക്ക് രോഗശമനവും ആശംസിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയപ്പോള്‍ നൂറോളം രാജ്യങ്ങള്‍ക്ക് സഹായമെത്തിച്ച ഖത്തര്‍ അതിരുകളില്ലാത്ത മനുഷ്യ സ്‌നേഹത്തിേേന്റയും ഏകമാനവികതയുടേയും മഹത്തായ മാതൃക സൃഷ്ടിക്കുകയാണ് .

 

Related Articles

Back to top button
error: Content is protected !!