IM Special

ശ്രീകലയുടെ സര്‍ഗപഥങ്ങള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ജീവിത കാഴ്ചപ്പാടിലും ചിന്തയിലും ഗ്രാമീണ ശാലിനയായ പ്രവാസി വനിതയാണ് ഒ. ശ്രീകല ഗോപിനാഥ് ജിനന്‍. തൃശൂര്‍ ജില്ലയില്‍ പീച്ചിക്കടുത്ത് വിലങ്ങന്നൂര്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ശ്രീകലയുടെ സര്‍ഗപഥങ്ങളില്‍ ഗ്രാമ ജീവിതവും സംസ്‌കാരവും നിഷ്‌കളങ്കമായ ബാല്യകാല ഓര്‍മകളുമൊക്കെ സജീവമായി നിലകൊള്ളുന്നു. കോവിഡ് കാലത്ത് പുറത്തിറങ്ങിയ പെയ്തൊഴിയാതെ എന്ന തന്റെ കന്നിപുസ്‌കം സാമൂഹ്യ സാംസ്‌കാരിക നാഗരിക മേഖലകളുമായ ബന്ധപ്പെട്ട വിവിധ വശങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. കാലത്തിന്റെ ചുവരെഴുത്തുകള്‍ ക്രിയാത്മകമായി വായിക്കുമ്പോഴും അവിസ്മരണീയമായ ഗ്രാമ്യജീവിതവും ബാല്യവുമൊക്കെയാണ് ചിന്തയെ ധന്യമാക്കുന്നത്.

വിലങ്ങന്നൂര്‍ ഗ്രാമത്തിലെ ശ്രീനാരായണ സ്‌ക്കൂളിലായിരുന്നു ശ്രീകലയുടെ പ്രൈമറി വിദ്യാഭ്യാസം. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലമായിരുന്നു അത്. ഗ്രമീണാന്തരീക്ഷത്തിലെ ആത്മാര്‍ഥതയും സ്നേഹ സൗഹൃദങ്ങളുമൊക്കെ പൂത്തുലഞ്ഞ് നിന്ന ഏറ്റവും മനോഹരമായ കാലം. പാടിയും ആടിയും പാഠ്യേ പാഠ്യേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തിയുമൊക്കെ ഏവരുടേയും സ്നേഹാളനങ്ങള്‍ ഏറ്റുവാങ്ങിയ കാലം. ഏറെ കൗതുകത്തോടെയാണ് നിത്യവും സ്‌ക്കൂളില്‍ പോയിരുന്നത്. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് തൃശൂര്‍ സേക്രഡ് ഹാര്‍ട്സിലേക്ക് മാറിയതോടെ സ്‌ക്കൂള്‍ ജീവിതത്തില്‍ കണ്ട് പരിചയിച്ച ഗ്രാമീണതയുടെ വശ്യമനോഹരമായ ശീലങ്ങളും സ്വഭാവങ്ങളും തനിക്ക് നഷ്ടപ്പെട്ടതായാണ് തോന്നിയത്. പീച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിന്ന് പ്ളസ് ടു പാസായ ശ്രീകല വിമല കോളേജില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദവും തൃശൂരിലെ കുട്ടനെല്ലൂര്‍ ശ്രീ അച്ചുതമേനോന്‍ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവുമെടുത്തു.

ഇംഗ്ളീഷ് സാഹിത്യത്തില്‍ മാസ്റ്റേര്‍സിന് പഠിക്കുമ്പോള്‍ തനിക്ക് ലഭിച്ച മികച്ച അധ്യാപകരും കോളേജിലെ ലൈബ്രറി സംവിധാനവുമൊക്കെയാണ് തന്റെ എഴുത്തിന്റേയും വായനയുടേയും അസ്ഥിവാരമിട്ടത്. എന്നാല്‍ ഖത്തറില്‍ പ്രവാസമാരംഭിച്ച ശേഷമാണ് ശ്രീകല എഴുതി തുടങ്ങിയത് എന്നത് വിചിത്രമായി തോന്നാം.

സമകാലിക സംഭവങ്ങളാണ് പലപ്പോഴും എഴുതാന്‍ പ്രേരകമാകുന്നത്. തന്റെ മനസിനെ മഥിക്കുന്ന വികാരങ്ങള്‍ എഴുതാതെ പറ്റില്ല എന്ന അവസ്ഥയിലെത്തുമ്പോള്‍ എഴുത്ത് സംഭവിക്കുകയാണ്. നേരെ മൊബൈല്‍ ഫോണില്‍ എഴുതുകയാണ് പതിവ്. പലപ്പോഴും രചനകള്‍ ആരേയും കാണിക്കാതെ സ്വന്തം സര്‍ഗസായൂജ്യത്തിനായി എഴുതുകയും ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കുകയുമായിരുന്നു പതിവ്. അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ മഴയെക്കുറിച്ചെഴുതിയ വരികള്‍ സംസ്‌കൃതിയിലെ ചില അടുത്ത സുഹൃത്തുക്കളെ കാണിച്ചത്. കൂട്ടുകാരില്‍ നിന്നും ലഭിച്ച പ്രചോദനവും പ്രോല്‍സാഹനവുമാണ് എഴുത്തിന് സാഹചര്യമൊരുക്കിയത്. എങ്കിലും എല്ലാ എഴുത്തുകളും പ്രസിദ്ധപ്പെടുത്താന്‍ ധൈര്യമുണ്ടായിരുന്നില്ല. തന്റെ ബ്ളോഗായ കുഞ്ഞുമൊഴികളിലെ വലിയ ചിന്തകളായി പരിമിതപ്പെട്ട തെരഞ്ഞെടുത്ത രചനകളാണ് പെയ്തൊഴിയാതെ എന്ന കൃതിയില്‍ സ്ഥാനം പിടിച്ചത്.

ഓരോ സര്‍ഗ സൃഷ്ടിക്ക് പിന്നിലും പല തരത്തിലുളള വ്യക്തികളും സാഹചര്യങ്ങളും പ്രചോദനമാകാം. ശ്രീകലയുടെ സര്‍ഗ പഥത്തില്‍ ഏറെ പ്രചോദനമായത് ബിജു പി മംഗലവും, പ്രിയതമനായ ജിനനും തന്നെയാണ്. അച്ചനും അമ്മയും സഹോദരനും നല്‍കിയ ക്രിയാത്മക പരിസരത്തുനിന്ന് ചിന്തക്ക് തീ പിടിച്ചപ്പോള്‍ ജീവിതത്തിലെ അവിസ്മരണീയമായ സംഭവങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. ഈ യാത്രയില്‍ ആദ്യാക്ഷരം കുറിച്ച പുഷ്പ കുഞ്ഞമ്മയും സാംസ്‌കാരിക കൂട്ടായ്മയായ സംസ്‌കൃതിയിലൂടെ പിന്തുണയും പ്രോല്‍സാഹനവും നല്‍കിയ സബി, അസീസ്, രാജേഷ്, ജേസ്സി, മാധുരി, സുഹാസ്, ഷീല ടോമി തുടങ്ങി നിരവധിപേരുടെ കയ്യൊപ്പുണ്ടെന്ന് ശ്രീകല പുസ്തകത്തിന്റെ ആമുഖത്തില്‍ നന്ദിയോടെ അനുസ്മരിക്കുന്നു.

ബാല്യകാല ഓര്‍മ്മകളെ കോര്‍ത്തിണക്കി എഴുതിയ ആത്മകഥാംശമുള്ള പുസ്തകം എന്നതിലുപരി സമകാലിക ലോകത്ത് നമ്മുടെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന സാംസ്‌കാരിക പൈതൃകങ്ങളും സര്‍ഗപരിസരങ്ങളുമൊക്കെയാണ് പുസ്തകം വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ നമുക്ക് കാണാനാവുക. ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വിദ്യാലയങ്ങള്‍, അധ്യാപകര്‍, അച്ഛന്‍, അമ്മ, കരുത്തയായ മുത്തിയമ്മ, വല്യച്ഛന്‍, ഇളയച്ഛന്മാര്‍, സഹോദരങ്ങള്‍, വിരുന്നിനെത്തുന്നവര്‍ അങ്ങിനെ ഒരു ഫ്രെയിമില്‍ എന്തൊക്കെ ചേര്‍ക്കാമോ അതൊക്കെ കോറിയിട്ട് ശ്രീകല കൊഴിഞ്ഞകാലത്തെ ഇനിയും പെയ്തൊഴിയാത്ത, ചിന്നം പിന്നം പെയ്യുന്ന മഴപോലെ വര്‍ണ്ണിക്കുമ്പോള്‍ ജീവിതത്തിന്റെ നഷ്ടസ്വര്‍ഗങ്ങളെക്കുറിച്ച വേദനകള്‍ വരികളില്‍ നിഴലിക്കുന്നതായി തോന്നാം. സ്വന്തങ്ങളുടേയും ബന്ധങ്ങളുടേയും വര്‍ത്തമാനങ്ങളിലൂടെയുള്ള ശ്രീകലയുടെ സര്‍ഗസഞ്ചാരം വ്യത്യസ്ത മാനങ്ങളുള്ളതാണ്.

പുസ്തകത്തിന്റെ പിന്‍ചട്ടയില്‍ പ്രസാധകര്‍ കുറിച്ചത് പോലെ ഒരിക്കല്‍ ദൈവം വരമായി എന്ത് വേണമെന്ന് ചോദിച്ചാല്‍ തന്റെ ഭൂതകാലത്തിലേക്ക് ഒരു തിരിച്ചുപോക്ക് തരൂ എന്നായിരിക്കും ശ്രീകല ചോദിക്കുക എന്ന് തന്നെയാണ് ഓരോ വായനക്കാരനും തോന്നുക. ഇന്നിന്റെ ഊഷരതയില്‍ നിന്നും ഭൂതകാലത്തിന്റെ കുളിരുന്ന മഴയോര്‍മകളിലേക്ക് മഴ നനച്ച കുളക്കടവുകള്‍ താണ്ടി, കരിയിലകളുറങ്ങുന്ന കാവുകള്‍ താണ്ടി, കുളിരുപെയ്യുന്ന ഓര്‍മകളിലേക്ക് സഞ്ചരിക്കുമ്പോള്‍ നമ്മുടെയൊക്കെ ഓര്‍മ്മകള്‍ക്ക് ബാല്യം വെക്കാനും സ്വപ്നത്തിന്റെ ചിറകിലേറി പിറകോട്ട് സഞ്ചരിക്കാനും നമുക്കായേക്കും.

ജീവിതത്തിന്റെ തിരക്ക് പിടിച്ച ഓട്ടപ്രദക്ഷണങ്ങള്‍ക്കിടയില്‍ അമൂല്യമായ പലതും നമുക്ക് നഷ്ടപ്പെടുന്നുണ്ടെന്ന യാഥാര്‍ഥ്യം ഈ പുസ്തകം നമ്മെ ഓര്‍മപ്പെടുത്തും. അതുപോലെ തന്നെ സ്വന്തം ജീവിതത്തിന്റെ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞ് നടക്കാനും ഇനിയും വറ്റാത്ത നന്മയുടെ പച്ചപ്പുകള്‍ നമ്മുടെ മനസിലും ചുറ്റുപാടിലും അവശേഷിക്കുന്നുണ്ടോ എന്നന്വേഷിക്കാനും പെയ്തൊഴിയാതെ കാരണമായേക്കും.

അമ്മയെക്കുറിച്ച അധ്യായവും അമ്മയുടെ കവിതകളുമൊക്കെ ഏറെ വൈകാരിക തീവ്രതയോടെ മാത്രമേ നമുക്ക് വായിച്ചുപോകാനാകൂ. അമ്മയൊരു വികാരമാണ്, അമ്മയൊരു ലോകമാണ്. അമ്മയെന്ന സ്നേഹത്തിന്റെ, സഹനത്തിന്റെ ഒക്കെ പര്യായത്തിന് പുതിയ മാനങ്ങള്‍ ചമക്കപ്പെടുന്ന ഈ കരള്‍പിളര്‍ക്കും കാലത്തും അവര്‍ക്ക് പകരം വെക്കാനാരുമില്ലെന്ന ശ്രീകലുടെ വരികള്‍ കമല സുരയ്യയുടെ നെയ്പായസം എന്ന കഥയെ ഓര്‍മിപ്പിക്കും.

സര്‍ഗസഞ്ചാരത്തിന് വഴികളില്ലാതെ വീടകങ്ങളില്‍ തളക്കപ്പെടുന്ന അനേകം വീട്ടമ്മമാരുടെ പ്രതീകം മാത്രമാണ് ശ്രീകലയുടെ അമ്മ. പുസ്തകത്തിന്റെ അവസാനത്തില്‍ ചേര്‍ത്തിരിക്കുന്ന അമ്മയുടെ 4 കവിതകള്‍ പുസ്തകത്തെ കൂടുതല്‍ ഹൃദ്യമാക്കുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇങ്ക് ബുക്സാണ് പ്രസാധകര്‍.

ഖത്തറിലെ ഫ്രന്റ്സ് കള്‍ചറല്‍ സെന്ററിന്റെ വിവിധ പരിപാടികളില്‍ സമ്മാനം നേടിയ ശ്രീകല സംസ്‌കൃതിയിലെ നാടകത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

റേഡിയോ സുനോ സംഘടിപ്പിച്ച റേഡിയോ നാടകോല്‍സവത്തിലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീകല അല്‍ സഹീം ഈവന്റ്സ് സംഘടിപ്പിച്ച ഓണ്‍ ലൈന്‍ യൂത്ത് ഫെസ്റ്റിവലിലും ടോസ്റ്റ് മാസ്റ്റേര്‍സിന്റെ ടേബിള്‍ ടോക്കിലും സമ്മാനം നേടിയിട്ടുണ്ട്. പാട്ടും നൃത്തവും അഭിനയവുമൊക്കെ നന്നായി വഴങ്ങുന്ന ശ്രീകല ഒരു നല്ല അധ്യാപികയും അവതാരികയുമാണ്. ഖത്തറിലെ പ്രശസ്ത ഗ്രന്ഥകാരി ഷീല ടോമിയുമായി ശ്രീകല നടത്തിയ അഭിമുഖം ശ്രദ്ധേയമായിരുന്നു. ഇന്റര്‍നാഷണല്‍ ബുക്ക് ദിനത്തോടനുബന്ധിച്ച് ഡിസി ബുക്സ് വല്ലിയെക്കുറിച്ച ശ്രീകലയുടെ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെച്ചത്. മനോരമ ഓണ്‍ ലൈനില്‍ രണ്ട് കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഖത്തറിലെ മലയാളി വായനക്കാരുടെ കൂട്ടായ്മയ വായന പാര്‍ട്ടിയിലും ശ്രീകല പങ്കെടുത്തിട്ടുണ്ട്. സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോള്‍ നല്ല വായന സ്വഭാവമുള്ളവരെ തെരഞ്ഞെടുക്കണമെന്നാണ് ശ്രീകല കരുതുന്നത്. പുസ്തകങ്ങളുടേയും വായനയുടേയും വിശാലമായ ലോകത്ത് സജീവമാകാനും സര്‍ഗപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും സുഹൃത്തുക്കള്‍ സഹായകമാകും.

പീച്ചിവിലങ്ങന്നൂരില്‍ മാധവ വിലാസം ഗോപി നാഥന്റേയും പുത്തന്‍ വീട്ടില്‍ ഓമനയുടേയും ഇളയ പുത്രിയാണ് ശ്രീകല. ഏക സഹോദരന്‍ ശ്രീനാഥ് വീഡിയോ എഡിറ്ററാണ്. ഖത്തറില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ ജിനന്‍ മുകുന്ദനാണ് ഭര്‍ത്താവ്. വേദിക, പാര്‍വണ എന്നിവര്‍ മക്കളാണ്.

ആദ്യ കൃതിക്ക് ലഭിച്ച പ്രതികരണം ആശാവഹമാണെന്നും അടുത്ത് തന്നെ 5 കൂട്ടുകാരികളുമായി ചേര്‍ന്ന് കഥാസമാഹാരം പുറത്തിറക്കാനുള്ള പരിപാടിയിലാണെന്നും ശ്രീകല പറഞ്ഞു.

Related Articles

Back to top button
error: Content is protected !!