ഡെലിവറി ജീവനക്കാര്‍ക്ക് കണിശമായ നിര്‍ദേശങ്ങളുമായി വാണിജ്യ വ്യവസായ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കൊറോണ കാലത്ത് ഏറ്റവും കൂടുതല്‍ വളര്‍ന്ന് വികസിച്ച ബിസിനസ് ശൃംഖലയാണ് ഡെലിവറി ബിസിനസ്. കുറഞ്ഞ കാലം കൊണ്ട് നിരവധി കമ്പനികളാണ് ഈ രംഗത്ത് ചുവടുറപ്പിച്ചത്.
കോവിഡ് ഭീഷണിയെ തുടര്‍ന്ന് കൂടുതല്‍ കണിശമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ ഡെലിവറി സേവനങ്ങള്‍ കൂടുതല്‍ സജീവമാകുമ്പോഴാണ് ഡെലിവറി ജീവനക്കാര്‍ക്ക് കണിശമായ നിര്‍ദേശങ്ങളുമായി വാണിജ്യ വ്യവസായ മന്ത്രാലയം രംഗത്ത് വന്നത്.
രാജ്യത്തൈ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുവാന്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം ഡെലിവറി കമ്പനികളോട് ആവശ്യപ്പെട്ടു.
വിവിധ ഡെലിവറി ഓര്‍ഡറുകള്‍ പ്രോസസ്സ് ചെയ്യുന്ന കമ്പനികള്‍ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കായി നിരവധി മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം.
ഡെലിവറി ജീവനക്കാരുടെ ശരീരോഷ്മാവ് രാവിലെയും വൈകുന്നേരവും പരിശോധിക്കണം, മുഴുവന്‍ ഡെലിവറി ജീവനക്കാരും ആരോഗ്യ, സുരക്ഷാ നടപടികള്‍ കൃത്യമായി പാലിക്കുന്നുവെന്നുറപ്പുവരുത്തുക. മാസ്‌ക് ധരിക്കല്‍, ഇടക്കിടെ കൈകള്‍ സാനിറ്റൈസ് ചെയ്യല്‍ എന്നിവയില്‍ ശ്രദ്ധ വേണം. ഓരോ ഡെലിവറി ഓര്‍ഡറിലും ജീവനക്കാരന്റെ മുഴുവന്‍ പേരും ശരീരോഷ്മാവും രേഖപ്പെടുത്തണം. ഡെലിവറിക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കൃത്യമായി അണുവിമുക്തമാക്കുക. ഓര്‍ഡര്‍ സാധനങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിക്കുകയും ഉപഭോക്താവിനു നല്‍കുന്നതിനു മുന്‍പ് ഈ പ്ളാസ്റ്റിക് ബാഗ് കളയുകയും ചെയ്യുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.