സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയരായ മലയാളി ദമ്പതികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ഖത്തറില്‍ സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയരായ മലയാളി ദമ്പതികളാണ് മജീദ് നാദാപുരവും നസീഹ മജീദും. കലയും സാഹിത്യവും സംഗീതവും, സൗഹൃദവും സേവനവുമൊക്കെ ഒത്തിണങ്ങിയ ഈ ദമ്പതികള്‍ മനുഷ്യ സ്നേഹത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെയാണ് ജീവിതം മനോഹരമാക്കുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട ഖത്തര്‍വാസം സമ്മാനിച്ച സൗഹൃദങ്ങളാണ് ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്നതെന്ന് ഈ ദമ്പതികള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ സമകാലിക ലോകത്ത് ശ്രദ്ധേയമായ ചില അടയാളപ്പെടുത്തലുകളാണത്. സമൂഹം കൂടുതല്‍ സങ്കുചിത വൃത്തങ്ങളില്‍ പരിമിതമാവുകയും ജീവിതം വീടുകളുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ശ്വാസം മുട്ടുകയും ചെയ്യുമ്പോള്‍ നസീഹയും മജീദും തുറന്നുവെക്കുന്ന സ്നേഹത്തിന്റെ ജാലകങ്ങള്‍ മാനവസൗഹൃദത്തിന്റെ പരിമളം പരത്തുന്നവയാണ്.
കോഴിക്കോട് ജില്ലയില്‍ നാദാപുരത്ത് പ്രമുഖ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതവുമായ ഖാലിദ് മുസ്‌ലിയാരുടെ ( കലന്തന്‍ മുസ്‌ലിയാരുടെ) മകനായ ഖാസിയും പണ്ഡിതനുമായ അബ്ദു റഹീം മുസ്‌ലിയാര്‍ ഫാത്തിമ ദമ്പതികളുടെ മൂന്നാമത്തെ മകനായാണ് മജീദ് ജനിച്ചത്. ചെറുപ്പം മുതലേ വായനയോട് താല്‍പര്യമുണ്ടായിരുന്നു. ഈ വായന കമ്പമാണ് നാട്ടിലെ ഐഡിയല്‍ ലൈബ്രറിയുടെ ചുമതലക്കാരനാക്കിയത്. പരന്ന വായന ശീലമാക്കുവാന്‍ ഈ അവസരങ്ങളുപയോഗിച്ചാണ് മജീദ് വളര്‍ന്നത്. സ്‌ക്കൂള്‍ വോളിബോള്‍ ടീമില്‍ അംഗമായിരുന്ന മജീദ് ഇന്നും വോളിബോളിനെ പ്രണയിച്ചാണ് ജീവിക്കുന്നത്. ഖത്തറിലെ വോളിബോള്‍ ലവേര്‍സ് ഇന്‍ ഖത്തറിന്റെ ഭാഗമായാണ് ആ രംഗത്ത് അദ്ദേഹം സജീവമാകുന്നത്. ഫറൂഖ് റൗളതുല്‍ ഉലൂം അറബിക് കോളേജിലെ പഠനകാലത്ത് മാഗസിന്‍ എഡിറ്ററായി തന്റെ എഴുത്തിലും വായനയിലുമുള്ള കഴിവുകള്‍ പ്രയോജനപ്പെടുത്തി. അക്കാലത്ത് ബ്രെയിന്‍ മാസികയില്‍ 8,9,10 ക്ളാസുകളിലേക്കുള്ള അറബി പാഠങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവസരം ലഭിച്ചു. അങ്ങനെയാണ് കോഴിക്കോട് ഫിംഗര്‍ പ്രിന്റ് കംപ്യൂട്ടറില്‍ നിന്നും പേജ് സെറ്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ചത്.
കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ പുടവയിലും ശബാബിലുമൊക്കെ ചെറുതായി എഴുതുമായിരുന്നു. 1998 ലാണ് ഖത്തറിലെത്തുന്നത്. ആഭ്യന്തര മന്ത്രാലയത്തിലായിരുന്നു ജോലി. രണ്ട് വര്‍ഷം കഴിഞ്ഞ് മിഡില്‍ ഈസ്റ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയിലേക്ക് മാറി. ഗ്രാഫിക് ഡിസൈനറായി ജോലിക്ക് കയറിയ അദ്ദേഹം നീണ്ട 15 വര്‍ഷം ജോലി ചെയ്ത് പ്രൊഡക്ഷന്‍ മാനേജറായാണ് അവിടെ നിന്നും വിരമിച്ചത്. ഖത്തര്‍ ബിസിനസ് ഡയറക്ടറിയുടെ രൂപകല്‍പനയില്‍ മജീദിന് അനിഷേധ്യമായ പങ്കുണ്ട്. ഖത്തറിലെ പ്രമുഖ അറബിക് പത്രമായ അൽ റായയിലും ഇംഗ്ലീഷ് പത്രമായ ഗൾഫ് ടൈംസിലും ജോലി ചെയ്യുന്നു.
ഖത്തര്‍ വര്‍ത്തമാനത്തിലെ എഡിറ്റര്‍ മുജീബ് റഹ്‌മാന്‍ കരിയാടനുമായുണ്ടായ സൗഹൃദം മജീലിലെ എഴുത്തുകാരനെ പുറത്തേക്ക് കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വര്‍ത്തമാനത്തിന്റെ വാരാന്ത്യപതിപ്പുകളില്‍ അറബി സാഹിത്യത്തിലെ ശ്രദ്ധേയമായ പല ഏടുകളും പരിചയപ്പെടുത്തുന്ന സചിത്ര ലേഖനങ്ങള്‍ മജീദിന്റേതായി പ്രത്യക്ഷപ്പെട്ടു. നള്റാത്തിലെ കഥകള്‍, ഇബ്നു തുഫൈലിന്റെ ഹയ്യ് ബിന്‍ യഖ്ളാന്‍, തുടങ്ങി വായനക്കാര്‍ക്ക് പുതുമയുള്ള ഒട്ടേറെ വിഭവങ്ങളാണ് മജീദ് സമ്മാനിച്ചത്. നൂറോളം ലേഖനങ്ങളും സചിത്ര ഫീച്ചറുകളും വര്‍ത്തമാനത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആർട് ഓഫ് വേവ്, എന്ന ബ്ലോഗും , ആര്ട്ട് ഓഫ് ലിപി എന്ന അറബിക് ബ്ലോഗും ഉണ്ട്.
നിസാര്‍ ഖബ്ബാനിയുടെ കവിതകള്‍ ജിബ്രാന്റെ കഥകള്‍, ഇബ്‌നു രുഷ്ദിന്റെ തത്വ ചിന്തകള്‍, ബെന്‍ ഒക്രിയുടെയും പൗലോ കൊയ്ലോയുടെയും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്യസ്സിന്റെ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകള്‍ തുടങ്ങിയവയും മജീജിന്റെതായുണ്ട്.
ഹൃസ്വ ചിത്രങ്ങളാണ് കലാരംഗത്തെ മജീദിന്റെ മറ്റൊരു പ്രധാന മേഖല. ലിറ്റില്‍ സ്റ്റാര്‍, അകലെ, ലൗ അണ്‍ഫോല്‍ഡ്, ഗിഫ്റ്റ്, ആൽഫ ബഡ്‌സ് , ദി ഹാബിറ്റ് തുടങ്ങിയവയായിരുന്നു പ്രധാന ഷോര്‍ട്ട് ഫിലിമുകള്‍. ദി ഗിഫ്റ്റിനും ആൽഫ ബഡ്സിനും അവാർഡുകൾ ലഭിച്ചിരുന്നു. കൂടും തേടി എന്ന റേഡിയോ നാടകത്തിലും മജീദിന് ശ്രദ്ധേയമായ പങ്കാളിത്തമുണ്ടായിരുന്നു.
ഖത്തര്‍ കെ.എം.സി.സിയുടെ സര്‍ഗവിഭാഗമായ സമീക്ഷ ചെയര്‍മാനായ മജീദ് ക്യൂ മലയാളം, ഹാര്‍മണി ഖത്തര്‍, സര്‍ഗ ജാലകം, ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍, ടോസ്റ്റ്മാസ്റ്റേര്‍സ് എന്നീ വേദികളിലും സജീവമാണ്. എഫ്.സി.സി.യിലെ അറബിക് ടോസ്റ്റ് മാസ്റ്റേര്‍സായ അസ്ദിഖാഇന്റെ പ്രസിഡണ്ടായ മജീദ് അറബി സംസാരം പ്രോല്‍സാഹിപ്പിക്കുന്നതിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
പൊന്നാനി മഖ്ദൂം കുടുംബത്തിലെ ആറാം തലമുറകാരനും കുറ്റ്യാടിയുടെ പരിഷ്ക്കർത്താവും പണ്ഡിതന്യമായ എം. അബ്ദുല്ലക്കുട്ടി മൗലവിയുടെ മകൾ റുഖിയ്യയുടെയും എടത്തനാട്ടുകര എം. അഹമ്മദ് മൗലവിയുടെ മകൻ അബ്ദുൽ ജലീൽ മാസ്റ്ററുടെയും മകളാണ് നസീഹ. വീട്ടില്‍ എഴുത്ത്, പാട്ട്, രചനകള്‍ എന്നിവ സജീവമായതിനാല്‍ ചെറുപ്പം മുതലേ നസ്വീഹ കലാ രംഗത്ത് സജീവമായിരുന്നു. എല്‍.പി. സ്‌ക്കൂളില്‍ പഠിക്കുമ്പോഴേ മാപ്പിളപ്പാട്ടില്‍ സബ് ജില്ല തലത്തില്‍ സമ്മാനം ലഭിച്ചു. ഒപ്പന, ഡാന്‍സ്, സ്പോര്‍ട്സ് തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോല്‍ സോണല്‍ മല്‍സരങ്ങളില്‍ പങ്കെടുത്തു. മാഗസിനുകളിലും എഴുതാറുണ്ടായിരുന്നു. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കെയാണ് കല്യാണം നടന്നത്. പഠിച്ച് ജോലി വാങ്ങണമെന്ന മോഹം ഒരിക്കലും ഉപേക്ഷിച്ചില്ല. വിവാഹ ശേഷവും പഠനം തുടര്‍ന്നു. എം.കോമും കംപ്യൂട്ടറില്‍ പി.ജി.ഡി.സി.എയും ഹോം സയന്‍സുമൊക്കെ സ്വന്തമാക്കി.
2000 ല്‍ ദോഹയിലെത്തിയ നസീഹ ട്രാന്‍സ് കോണ്‍ടിനന്റല്‍, ബഹ്സാദ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ കുറച്ച് കാലം ജോലി ചെയ്തു. 2007 മുതല്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലാണ് ജോലി. ഇപ്പോള്‍ ഖത്തര്‍ മെഡിക്കല്‍ ജര്‍ണലിന്റെ മാനേജിംഗ് എഡിറ്റര്‍ ഹമദ് ഇന്റര്‍നാഷണല്‍ ട്രെയിനിംഗ് സെന്ററിന്റെ കോര്‍ഡിനേറ്ററുമാണ് .
ഫ്രന്റ്സ് കള്‍ചറല്‍ സെന്ററിലൂടെയാണ് നസീഹ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. ക്യൂമലയാളത്തിലും ഹാര്‍മണി ഖത്തര്‍, സര്‍ഗ ജാലകം മുതലായ വേദികളിലും മജീദിനോടൊപ്പം നസീഹയുമുണ്ടായിരുന്നു. ഖത്തറിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ മല്‍സര പരിപാടികളുടെ ജഡ്ജിംഗ് പാനലുകളിലെ സ്ഥിരസാന്നിധ്യമായും ഈ ദമ്പതികള്‍ ശ്രദ്ധേയരാണ്.
പൂക്കളോടും ചെടികളോടും പ്രണയമാണ് നസീഹക്ക്. വീടിനകത്തും പുറത്തും മനോഹരമായ ചെടികള്‍ നട്ടുവളര്‍ത്തുന്നതിലും പരിചരിക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന നസീഹ കവിതകളും പാചക ക്കുറിപ്പുകളുമൊക്കെ എഴുതാറുണ്ട്. പ്രശസ്ത പാചക ഗ്രൂപ്പായ മലബാര്‍ അടുക്കള ഖത്തര്‍ കോര്‍ഡിനേറ്ററാണ്. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ മംവാഖ് നടത്തിയ കവിതാമല്‍സരത്തില്‍ സമ്മാനം നേടിയത് ഈ കോഴിക്കോട് ജില്ലക്കാരിയായിരുന്നു.
റാസി, റയാന്‍ എന്നിവരാണ് മക്കള്‍. ഇരുവരും കലാരംഗത്ത് കഴിവുള്ളവരാണ്. ഇറാദ എന്ന പേരില്‍ സിറിയന്‍ കുരുന്നിനെക്കുറിച്ച് റാസി മജീദിന്റെ ലഘുചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മകന്‍ റയാന്‍ മജീദിന്റെ കവിത