ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ വിമന്‍ വെല്‍നസ് റിസര്‍ച്ച് സെന്ററിന് അമേരിക്കന്‍ അംഗീകാരം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ വിമന്‍ വെല്‍നസ് റിസര്‍ച്ച് സെന്ററിന് അമേരിക്കന്‍ അംഗീകാരം . ഗര്‍ഭിണികള്‍ക്ക് രോഗി കേന്ദ്രീകൃത സുരക്ഷിതവും ഫലപ്രദവുമായ പരിചരണം നല്‍കുന്നതോടൊപ്പം, വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മികവ് പുലര്‍ത്തിതിനാണ്, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ വിമന്‍സ് വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ഒബ്സ്റ്റട്രിക് അനസ്‌തേഷ്യ സേവനങ്ങളെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സൊസൈറ്റി ഫോര്‍ ഒബ്സ്റ്റട്രിക് അനസ്‌തേഷ്യ ആന്‍ഡ് പെരിനാറ്റോളജി (എസ്ഒഎപി) സെന്റര്‍ ഓഫ് എക്‌സലന്‍സ് (സിഒഇ) ആയി തെരഞ്ഞെടുത്തു.
മികച്ച പ്രസവാനന്തര അനസ്തേഷ്യ പരിചരണം നല്‍കുന്ന സ്ഥാപനങ്ങളെയും പ്രോഗ്രാമുകളെയും പരിഗണിച്ച് അഭിമാനകരമായ പദവി ലഭിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ആശുപത്രിയാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ വിമന്‍ വെല്‍നസ് റിസര്‍ച്ച് സെന്റര്‍.
സ്ത്രീകളുടെയും നവജാതശിശുക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുകയും ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിനായി 1968-ല്‍ സ്ഥാപിതമായതാണ് സൊസൈറ്റി ഫോര്‍ ഒബ്സ്റ്റട്രിക് അനസ്‌തേഷ്യ ആന്‍ഡ് പെരിനാറ്റോളജി(എസ്ഒഎപി) . അനസ്തേഷ്യോളജിസ്റ്റുകള്‍, പ്രസവചികിത്സകര്‍, ശിശുരോഗവിദഗ്ദ്ധര്‍, ലോകമെമ്പാടുമുള്ള അടിസ്ഥാന ശാസ്ത്രജ്ഞര്‍ എന്നിവരടങ്ങുന്നതാണ് എസ്ഒഎപി.
എസ്ഒഎപി ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളായി നിശ്ചയിക്കുന്നത് ഒരു വാര്‍ഷിക അക്രഡിറ്റേഷന്‍ പ്രോഗ്രാം ആണ്. ഓരോ വസന്തകാലത്തും പുതിയ കേന്ദ്രങ്ങള്‍ പ്രഖ്യാപിക്കും. ഡബ്ല്യുഡബ്ല്യുആര്‍സിയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്റ്റാറ്റസ് നാലുവര്‍ഷത്തേക്ക് സാധുവായി തുടരും.