
രചന ബിനോയ്, പാട്ടും വരയും സമന്വയിപ്പിക്കുന്ന കലാകാരി
ഡോ. അമാനുല്ല വടക്കാങ്ങര
ഖത്തറിലെ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ സംഗീതാധ്യാപികയായ രചന ബിനോയ്, പാട്ടും വരയും സമന്വയിപ്പിക്കുന്ന കലാകാരിയാണ്.
പാടിയും പാടിച്ചും വരച്ചും വരപ്പിച്ചും മനുഷ്യ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഉദാത്തമായ ആശയങ്ങള്‍ അടയാളപ്പെടുത്തിയാണ് ഒരു കലാകാരിയെന്ന നിലയില്‍ രചന ബിനോയ് തന്റെ നിയോഗം നിറവേറ്റുന്നത്.
തൃശൂര്‍ ജില്ലയിലെ കൊഴുക്കുള്ളി എന്ന ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ രാമകൃഷ്ണന്‍, ചന്ദ്രിക ദമ്പതികളുടെ സീമന്ത പുത്രിയായാണ് രചന ജനിച്ചത്. ആകാശവാണിയില്‍ നിന്നുള്ള പാട്ടുകള്‍ കേട്ട് പഠിച്ച് ചെറുപ്പം മുതലേ പദ്യം ചൊല്ലല്‍, ലളിതഗാനം തുടങ്ങിയ മല്‍സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ സബ് ജില്ല, ജില്ല തലങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. സ്‌ക്കൂളിലെ മികച്ച ഗായികയായിരുന്നു.
മൂന്നാം ക്ലാസിലാകുമ്പോഴാണ് ആദ്യമായി പാടിയതെന്നാണ് ഓര്‍മ. ഇന്ദിര ടീച്ചറാണ് പാടാനുളള കഴിവ് തിരിച്ചറിഞ്ഞ് ഏറെ പ്രോല്‍സാഹിപ്പിച്ചത്. മ്യൂസിക് സ്‌ക്കൂളില്‍ ചേരുമ്പോള്‍ ഹാര്‍മോണിയം സമ്മാനിച്ചത്് വലിയ പ്രചോദനമായി.
അമ്മയുടെ കൂട്ടുകാരി ബിന്ദു കാരണമാണ് സംഗീത കോളേജില്‍ ചേരാനിടയായത്. തൃശൂരിലെ എസ്. ആര്‍. വി. മ്യൂസിക് സ്‌ക്കൂളില്‍ നിന്നും സീനിയര്‍ സര്‍ട്ടിഫിക്കറ്റ് നേടി. 2004 ല്‍ തൃശൂര്‍ അമൃത വിദ്യാലയത്തില്‍ സംഗീത അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 2015 ലാണ് ദോഹയിലെത്തിയത്. കഴിഞ്ഞ 5 വര്‍ഷമായി ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ അധ്യാപികയാണ്.
ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമാകാറുള്ള രചന 2018 ല്‍ ഫ്രന്റ്‌സ് കല്‍ചറല്‍ സെന്റര്‍ സംഘടിപ്പിച്ച വിമന്‍സ് ഫെസ്റ്റില്‍ ലളിതഗാനത്തിന് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കനല്‍ നാടന്‍ പാട്ടുസംഘത്തിലൈ അംഗമായ രചന നാട്ടില്‍ പല അമ്പലങ്ങളിലും പാടിയിട്ടുണ്ട്.
മ്യൂറല്‍ പെയിന്റിംഗാണ് രചനയുടെ ശ്രദ്ധേയമായ മറ്റൊരു മേഖല. ചുമര്‍ ചിത്രങ്ങളോട് ചെറുപ്പം മുതലേ അടങ്ങാത്ത അഭിനിവേശമായിരുന്നു. അങ്ങനെയാണ് കാലടി സര്‍വകലാശാല പ്രൊഫസര്‍ അജിതന്‍ പുതുമനയില്‍ നിന്നും പരിശീലനം നേടിയത്. അഞ്ച് കളറുകള്‍ ഉപയോഗിച്ച് വിസ്മയം തീര്‍ക്കുന്ന ചുമര്‍ ചിത്രങ്ങളില്‍ നേരത്തെ നാച്വറല്‍ കളറുകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. മ്യൂറല്‍ പെയിന്റിംഗുകളുടെ ഒരു എക്‌സിബിഷന്‍ സംഘടിപ്പിക്കുകയെന്നതാണ് രചനയുടെ സ്വപ്‌നം.
കൃഷിയിലും തല്‍പരയാണ് രചന. വീട്ടിലെ പരിമിതമായ സൗകര്യങ്ങളില്‍ പച്ചക്കറികളും പൂച്ചെടികളുമൊക്കെ നട്ടുവളര്‍ത്തിയാണ് രചന തന്റെ കൃഷി കമ്പം സാക്ഷാല്‍ക്കരിക്കുന്നത്.
ബിസിനസ്‌കാരനായ ബിനോയ് ആണ് ഭര്‍ത്താവ്. രചനയുടെ കലകളേയും സാമൂഹ്യ പ്രവര്‍ത്തനങ്ങളേയും പിന്തുണച്ചും പ്രോല്‍സാഹിപ്പിച്ചും എപ്പോഴും ബിനോയ് കൂടെയുള്ളത് രചനയുടെ വലിയ അനുഗ്രഹമാണ് . വിവാഹ ശേഷവും പഠനം തുടര്‍ന്നതും മലയാളത്തില്‍ ബിരുദവും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നേടിയതും ബിനോയിയുടെ പിന്തുണകൊണ്ടായിരുന്നു.
ഐശ്വര്യ ലക്ഷ്മി, മാളവിക എന്നിവരാണ് മക്കള്‍. കലാരംഗത്ത് തല്‍പരരാണ് ഇരുവരും. ഐശ്വര്യ ലക്ഷ്മിക്ക് നൃത്തത്തിലാണ് കൂടുതല്‍ താല്‍പര്യം. മാളവികക്ക് കവിതയിലും.
പാട്ടും വരയും സംഗീതവും കലയുമൊക്കെ ചേരുമ്പോഴുണ്ടാകുന്നതാണ് ഈ കുടുംബത്തിന്റെ സന്തോഷത്തിന്റെ രസതന്ത്രം.