പാം ട്രീ ഐലന്റിനെ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുവാന്‍ പദ്ധതി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ സാക്ഷ്യം വഹിച്ച ടൂറിസം നവോത്ഥാനത്തില്‍ ചരിത്രപരമായ പങ്ക് വഹിച്ച പാം ട്രീ ഐലന്റിനെ നൂതന ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുവാന്‍ പദ്ധതി തയ്യാറാക്കുന്നതായി സൂചന. ദോഹ ഷെറാട്ടണ്‍ ഹോട്ടലിന് എതിര്‍വശത്തായി സ്ഥിതിചെയ്യുന്ന പാം പാം ട്രീ ഐലന്റിന്റെ പഴയ പാലങ്ങള്‍ പൊളിച്ചുമാറ്റുന്നതിനും പുതിയവ രൂപകല്‍പ്പന ചെയ്ത് നടപ്പാക്കുന്നതിനും പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) ടെന്‍ഡര്‍ ക്ഷണിച്ചത് ഈ പദ്ധതിയുടെ ഭാഗമാണെന്നാണറിയുന്നത്.
ഖത്തറില്‍ അധികം ടൂറിസം സൗകര്യങ്ങളില്ലാതിരുന്ന കാലത്ത് സന്ദര്‍ശകരെ സ്വീകരിക്കാന്‍ ദ്വീപില്‍ ഒരു ചെറിയ റിസോര്‍ട്ടും റെസ്റ്റോറന്റും കളിസ്ഥലവുമായി സജീവമായിരുന്ന കേന്ദ്രമാണ് പാം ട്രീ ഐലന്റ്. പല സ്‌ക്കൂളുകളില്‍ നിന്നും നിരന്തരമായി കുട്ടികളെ വിനോദത്തിനായി കൊണ്ടുപോയിരുന്ന ദ്വീപ് നിത്യവും നൂറ് കണക്കിന് സന്ദര്‍ശകരേയാണ് സ്വീകരിച്ചിരുന്നത്. ഖത്തര്‍ സന്ദര്‍ശിക്കുന്ന വിദേശികളും നിര്‍ബന്ധമായും കാണുന്ന സ്ഥലങ്ങളിലൊന്നായിരുന്നു പാം ട്രീ ഐലന്റ്. എന്നാല്‍ ബനാന ഐലന്റ്, പേള് ഖത്തര്‍ പോലുള്ള പുതിയ സംവിധാനങ്ങള്‍ നിലവില്‍ വന്നതോടെ പാം ട്രീ ഐലന്റില്‍ ആളൊഴിയുകയായിരുന്നു.
ഖത്തറിന്റെ ടൂറിസം ചരിത്രത്തിലെ സുപ്രധാനമായ കേന്ദ്രമെന്ന നിലക്ക് പാം ട്രീ ഐലന്റിനെ നൂതന ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന പാം ട്രീ ഐലന്റ് വീണ്ടും സജീവമാകുമ്പോള്‍ നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
ഖത്തറിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നതിനാല്‍ അശ്ഗാല്‍ ടെണ്ടര്‍ ടൂറിസത്തിനായി ദ്വീപ് വീണ്ടും ഉപയോഗിക്കുന്നതിനുള്ള വാതില്‍ തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.