രക്തം നല്‍കൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ
ഡോ. അമാനുല്ല വടക്കാങ്ങര
രക്തം നല്‍കൂ ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ എന്ന സുപ്രധാനായ പ്രമേയം ചര്‍ച്ചക്ക് വെച്ച് കൊണ്ടാണ് ഈ വര്‍ഷം ലോക രക്തദാന ദിനം ആചരിക്കുന്നത്. എ. ബി. ഒ. ബ്ളഡ് ഗ്രൂപ്പിംഗ് സിസ്റ്റം കണ്ടുപിടിച്ച് നോബല്‍ സമ്മാനം നേടിയ കാള്‍ ലാന്റ്സ്റ്റെയിനറുടെ ജന്മദിനമായ ജൂണ്‍ 14 ആണ് ലോകാരോഗ്യസംഘടനയുടെ ആഹ്വാന പ്രകാരം എല്ലാ വര്‍ഷവും ലോക രക്തദാന ദിനമായി ആചരിക്കുന്നത്. 2004 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെപ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.
രക്തം ദാനം ചെയ്യുകയും കൂടുതല്‍ ആളുകളെ സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളെ അഭിനന്ദിക്കുകയും അവരോട് നന്ദി പറയുകയും ചെയ്യുക, ജീവന്‍ രക്ഷിക്കാന്‍ ആവശ്യമുള്ളിടത്തെല്ലാം സുരക്ഷിതമായ രക്തത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കേണ്ട അടിയന്തിര ആവശ്യകതയെക്കുറിച്ച് വിശാലമായ അവബോധം വളര്‍ത്തുക, സുരക്ഷിതമായി രക്തം കയറ്റുന്നതിനുള്ള സംവിധാനം ലോകത്തെമ്പാടും ഉണ്ടാവേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും എല്ലാവവര്‍ക്കും ആരോഗ്യമെന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള പ്രയാണം അനായാസമാക്കുകയും ചെയ്യുക. ദേശീയ രക്ത പരിപാടികളില്‍ നിക്ഷേപം നടത്താനും ശക്തിപ്പെടുത്താനും നിലനിര്‍ത്താനും സര്‍ക്കാരുകള്‍ക്കും വികസന പങ്കാളികള്‍ക്കുമിടയില്‍ ദേശീയ, പ്രാദേശിക, ആഗോള തലങ്ങളില്‍ പിന്തുണ സമാഹരിക്കുക മുതലായവയാണ് ലോകരക്തദാന ദിന പരിപാടികളുടെ പ്രധാന ലക്ഷ്യങ്ങള്‍.
ലോകാരോഗ്യ സംഘടന, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ്ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റീസ്, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ബ്ലഡ് ഡോണേര്‍സ് ഓര്‍ഗനൈസേഷന്‍സ്, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ സഹകരിച്ചാണ് ഈ ദിനം ജനകീയമാക്കുന്നത്.
രക്തദാനം വര്‍ഷം തോറും ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് രക്ഷിക്കുന്നത്. ജീവിതത്തിന്റെ നിലനില്‍പിന് ഭീഷണിയായ പല സന്നിഗ്ദ്ധ ഘട്ടങ്ങളിലും രക്തദാനം ജീവന്‍ രക്ഷിക്കുകയും കൂടുതല്‍ കാലം ജീവിക്കുവാന്‍ സഹായിക്കുകയും ചെയ്യും. പക്ഷേ പല രാജ്യങ്ങളിലും ആവശ്യത്തിന് ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ രക്തം ലഭ്യമല്ല എന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഈ പശ്ചാത്തലത്തിലാണ് രക്തദാന ദിനാചരണം ഏറെ പ്രസക്തമാകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 60 ശതമാനത്തോളം രാജ്യങ്ങളിലാണ് സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്നും സുരക്ഷിതവും ഗുണനിവലാരമുള്ളതുമായ രക്തം ലഭിക്കുന്നത്. ബാക്കി 40 ശതമാനം രാജ്യങ്ങളും ബന്ധുക്കളേയോ രക്തദാനം തൊഴിലാക്കിയവരേയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഈ അവസ്ഥക്ക് മാറ്റം വരുത്തുകയും എല്ലാ രാജ്യങ്ങളിലും സൗജന്യമായ രക്തദാന സംവിധാനങ്ങള്‍ വ്യാപകമാക്കുകയുമാണ് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്.