Uncategorized

ഖത്തറില്‍ ആറാമത് ഈത്തപ്പഴ ഫെസ്റ്റിവലിന് ഉജ്വല തുടക്കം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ആറാമത് ഈത്തപ്പഴ ഫെസ്റ്റിവലിന് ഉജ്വത തുടക്കം. വൈകുന്നേരം 4 മണിക്ക് നടന്ന ഔപചാരികമായ ഉദ്ഘാടനത്തില്‍ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വാരാന്ത്യമായയതിനാല്‍ നിരവധി പേരാണ് ആദ്യ ദിവസം തന്നെ മേള സന്ദര്‍ശിച്ച് ഫ്രഷ് ഈത്തപ്പഴങ്ങള്‍ സ്വന്തമാക്കിയത്. പെരുന്നാള്‍ അവധി ആരംഭിച്ച് നിരവധി പേര്‍ നാട്ടിലേക്ക് പോകാനൊരുങ്ങുന്നതിനാല്‍ പലര്‍ക്കും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും സൗകര്യമായി.


ഖത്തറില്‍ പരമ്പരാഗതമായ വൈവിധ്യങ്ങള്‍ക്ക് പേരുകേട്ട സൂഖ് വാഖിഫിലാണ് ആറാമത് പ്രാദേശിക ഫ്രഷ് ഈത്തപ്പഴ ഫെസ്റ്റിവല്‍ ആരംഭിച്ചത്. സൂഖ് വാഖിഫിന്റെ വടക്കു ഭാഗത്താണ് ഫെസ്റ്റിവല്‍ നടക്കുന്നത്.

ഖത്തര്‍ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന മേളയില്‍ രാജ്യത്തെ 80 ഓളം ഫാമുകള്‍ തങ്ങളുടെ മികച്ച ഈത്തപ്പഴങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് . ഈ ഫാമുകളില്‍നിന്നുള്ള സാമ്പിളുകള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലാബില്‍ പരിശോധിക്കുകയും ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് നല്ല ഇനം ഫ്രഷ് ഈത്തപ്പഴങ്ങള്‍ മിതമായ വിലയില്‍ വാങ്ങുവാനുള്ള അവസരമാണ് മേള നല്‍കുന്നത്. ഖലാസ്, അല്‍ ഷിഷി, അല്‍ ഖാനിസി, ബാര്‍ഹി, ഇറാഖി, സില്‍ജി, സുഫ്രി, നബ്ത് സെയ്ഫ്, അല്‍ സവാഫി, ഖുര്‍ദി എന്നിവയുള്‍പ്പെടെ വിവിധ തരം ഈത്തപ്പഴങ്ങള്‍ ലഭ്യമാണ്.

3,600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ഫെസ്റ്റിവല്‍ കൂടാരം നിര്‍മ്മിച്ചിരിക്കുന്നത്, അതിനാല്‍ സാമൂഹിക അകലം പാലിച്ച് ഒരേ സമയം 720 പേര്‍ക്ക് മേള സന്ദര്‍ശിക്കുവാന്‍ കഴിയും. വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെയാണ് മേള പ്രവര്‍ത്തിക്കുക. ജൂലൈ 30 വരെ മേള നീണ്ടുനില്‍ക്കും.

Related Articles

Back to top button
error: Content is protected !!