ഹൃദയ വിശുദ്ധിയോടെ ഐക്യപ്പെടുവാനാഹ്വാനം ചെയ്ത് ഈദാഘോഷം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഈദുല്‍ അദ്ഹ സമുചിതമായി ആഘോഷിച്ചു. കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്ന നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവ് ലഭിച്ചതിനാല്‍ ഈ പ്രാവശ്യം പള്ളികള്‍ക്ക് പുറമേ പൊതു സ്ഥലങ്ങളിലും ഈദ് ഗാഹുകളൊരുക്കിയത് നിരവധി പേര്‍ക്ക് പരസ്പരം കാണാനും ആശംസകള്‍ കൈമാറാനും അവസരമൊരുക്കി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പാര്‍ക്കിംഗിലൊരുക്കിയ ഈദ് ഗാഹില്‍ നൂറ് കണക്കിന് മലയാളികളാണ് ഒത്തുകൂടിയത് .
ഹസ്തദാനവും ആലിംഗനവുമില്ലാതെ തക്ബീര്‍ മുഴക്കിയും ഈദ് മുബാറക് കൈമാറിയുമാണ് സ്വദേശികളും വിദേശികളും ഈദാഘോഷം സവിശേഷമാക്കിയത്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അല്‍ വജബ ഈദ് ഗാഹിലാണ് പെരുന്നാള്‍ നമസ്‌കരിച്ചത്. ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഥാനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ ഥാനി, ശൈഖുമാര്‍, മന്ത്രിമാര്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ അമീറിനൊപ്പം നമസ്‌കാരത്തില്‍ പങ്കെടുത്തു.
സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അംഗവും കസേഷന്‍ കോടതി ജഡ്ജിയുമായ ശൈഖ് ഡോ. ഥഖീല്‍ ശായര്‍ അല്‍ ശമ്മരി ഈദ് ഖുതുബ നിര്‍വഹിച്ചു. ത്യാഗാര്‍പ്പണത്തിന്റെ ഓര്‍മപ്പെരുന്നാളാഘോഷിക്കുമ്പോള്‍ ഹൃദയ വിശുദ്ധിയോടെ ഐക്യപ്പെടുവാന്‍ സമൂഹം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടപ്പാടുകള്‍ നിര്‍വഹിച്ച് കൂടുതല്‍ നല്ല മനഷ്യരാകുവാനുള്ള പ്രഖ്യാപനമാണ് ഈദുല്‍ അദ്ഹയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സ്‌നേഹ സൗഹൃദങ്ങളോടെ സമാധാനവും സന്തോഷവും ഉറപ്പുവരുത്താന്‍ ആഘോഷങ്ങള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.