സാക്ഷരത രംഗത്ത് മാതൃകാപരമായ മുന്നേറ്റവുമായി ഖത്തര്‍
ദോഹ. സാക്ഷരത രംഗത്ത് മാതൃകാപരമായ മുന്നേറ്റമാണ് ഖത്തര്‍ നടത്തുന്നത്. നൂറ് ശതമാനം സാക്ഷരതയിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പ് പ്രതീക്ഷ നല്‍കുന്നതാണ് . ഓരോ വര്‍ഷവും ആശാവഹമായ പുരോഗതിയാണ് രാജ്യം കൈവരിക്കുന്നത്.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു രാജ്യത്തിന്റെ സമഗ്ര വികസനം സാധ്യമാവുകയുള്ളൂവെന്ന തിരിച്ചറിവാണ് ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത്. വിപുലമായ വിദ്യാഭ്യാസ സൗകര്യങ്ങളിലൂടെ ജനങ്ങളെ മുഴുവന്‍ സാംസ്‌കാരിക പ്രബുദ്ധരും അഭ്യസ്ത വിദ്യരുമാക്കുന്നതിനുള്ള നൂതനങ്ങളായ പരിപാടികളാണ് നടക്കുന്നത്. സാക്ഷരത രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തുമൊക്കെ ഖത്തര്‍ സാക്ഷാല്‍ക്കരിച്ച പുരോഗതി അസൂയാവഹമാണ് .
ഇന്ന് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കുമ്പോള്‍ മികച്ച സാക്ഷരത നിരക്കുമായി ഖത്തര്‍ ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് .
1965-ല്‍ ഇറാനില്‍ യുനെസ്‌കോയുടെ മേല്‍നോട്ടത്തില്‍ നിരക്ഷരതാനിര്‍മ്മാര്‍ജ്ജനത്തെ സംബന്ധിച്ച് നടന്ന വിദ്യാഭ്യാസമന്ത്രിമാരുടെ ലോകസമ്മേളനം തുടങ്ങിയ സെപ്റ്റംബര്‍ 8, അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കാന്‍ ശുപാര്‍ശ ചെയ്തു. 1966 മുതല്‍ യുനെസ്‌കോയുടെ അംഗീകാരം ലഭിച്ചു. ഫോക് സ്‌കൂളിന്റെ സ്ഥാപകന്‍ ഗ്രുണ്ട് വിഗ്ഗിന്റെ ജന്മദിനമാണ് ലോകസാക്ഷരതാദിനമായി തിരഞ്ഞെടുത്തത്. ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം കൊണ്ടാടണമെന്നാണ് യുനെസ്‌കോ നിര്‍ദ്ദേശിക്കുന്നത്.