ഖത്തര്‍ മലയാളികള്‍ പുരസ്‌കാര നിറവില്‍, ഇന്ന് പ്രഖ്യാപിച്ച രണ്ട് സുപ്രധാന പുരസ്‌കാരങ്ങള്‍ ഖത്തര്‍ മയാളികള്‍ക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ഖത്തര്‍ മലയാളികള്‍ ഇന്ന് പുരസ്‌കാര നിറവിറിവിലാണ് . രണ്ട് സുപ്രധാന പുരസ്‌കാരങ്ങളാണ് ഇന്ന് ഖത്തര്‍ മലയാളികളെ തേടിയെത്തിയത്.
ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡിന് ഷീല ടോമിയുടെ വല്ലി എന്ന നോവല്‍ തെരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യ പുരസ്‌കാരം. വയനാടന്‍ ജീവിതത്തിന്റെ കഥ പറയുന്ന ഏറെ പ്രസക്തമായ പ്രമേയമുള്ള വല്ലി സാംസ്‌കാരികലോകത്തെ പുരോഗമനചിന്തയുടെ പ്രതീകമായ ചെറുകാടിന്റെ പേരിലുള്ള അവാര്‍ഡ് സ്വന്തമാക്കുമ്പോള്‍ ഷീല ടോമിയോടൊപ്പം ഖത്തര്‍ മലയാളികളും ആഹ്‌ളാദത്തിലാണ് .
വല്ലിയുടെ കഥാകാരിയുമായി ഈ ലേഖകന്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം ചുവടെ (അഭിമുഖത്തിന്റെ പൂര്‍ണരൂപത്തിന് https://internationalmalayaly.com/2021/07/03/2-7-2021-feature-about-sheela-tomy/
വല്ലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഷീലക്ക് നൂറ് നാവാണ്. മൂന്ന് വര്‍ഷത്തെ നിരന്തര സപര്യയിലൂടെ സാക്ഷാല്‍ക്കരിച്ച നോവല്‍ വയനാടന്‍ ജീവിതത്തിന്റെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുക്കുകയാണ്. എന്നെ ഞാനാക്കിയ വയനാടിന്റെ സ്പന്ദനങ്ങള്‍ കോറിയിടാനുള്ള ശ്രമമാണിതെന്നാണ് ഇതേക്കുറിച്ച് ഷീല ടോമി പറയുന്നത്.
വല്ലിയുടെ എഴുത്ത് ഒരു പ്രാര്‍ത്ഥനയായിരുന്നു. ഒരിക്കല്‍ കൂടി ഈ ഭൂമി ഹരിതാഭാമാക്കാനുള്ള പ്രാര്‍ത്ഥന. ഏദന്‍ തോട്ടത്തില്‍നിന്ന് പുറപ്പെട്ട ഒരു കൊച്ചരുവി വചനങ്ങളാല്‍ വല്ലിയുടെ തുരുത്തുകള്‍ നനച്ചുകൊണ്ടേയിരുന്നു. നോക്കൂ, കൊല്ലരുത് വെട്ടി നശിപ്പിക്കരുത് എന്ന ഉണര്‍ത്തല്‍. ഇത് വനസ്ഥലിയുടെ ഒപ്പീസ്.
വല്ലിക്ക് പല അര്‍ത്ഥതലങ്ങളുണ്ട്. ഭൂമി, ലത, കൂലി. അവ മൂന്നും ഈ നോവലിന്റെ ഇതിവൃത്തത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്ന തിരിച്ചറിവാണ് ആ പേരിലേക്ക് എത്തിച്ചത്. ലോകത്തില്‍ പലയിടത്തും നടക്കുന്ന മനുഷ്യപക്ഷത്തു നില്‍ക്കുന്ന പ്രകൃതി പോരാട്ടങ്ങളോട് താദാത്മ്യപ്പെടാനും ഒരു എളിയ ശ്രമം നടത്തിയിട്ടുണ്ട്.
1970 കള്‍ക്ക് ശേഷമുള്ള വയനാടാണ് വല്ലിയുടെ പശ്ചാത്തലം. വല്ലി കിളിര്‍ക്കുന്നത് ഷീലയുടെ ഗ്രാമത്തില്‍ തന്നെയാണ്. കാടും കുന്നും വയലും എല്ലാം തിരിച്ചറിയാനാവാത്തവണ്ണം അപഹരിക്കപ്പെട്ടുകഴിഞ്ഞ വയനാട്ടില്‍. കുടിയേറ്റ കര്‍ഷകരുടെയും, ഒപ്പം, ഭൂമിക്ക് വേണ്ടി ഇന്നും സമരം ചെയ്യുന്ന, ആദിമവാസികളുടെയും അവരുടെ ചെറുത്തു നില്‍പ്പിന്റെയും കഥയാണത്. വയനാടിനെക്കുറിച്ചുള്ള ഒരു കഥയും ആദിവാസികളെ മാറ്റി നിര്‍ത്തി പറയാന്‍ കഴിയില്ല. കാരണം അവരാണ് ഈ മണ്ണില്‍ പൊന്നുവിളയിച്ചത്. അവരുടെ കഷ്ടപ്പാടും അദ്ധാനവുമാണ് ഈ നാടിനെ പുരോഗതിയിലേക്കു നയിച്ചത്. എന്നാല്‍ സ്വന്തം മണ്ണില്‍നിന്ന് അവര്‍ ആട്ടിയോടിക്കപ്പെട്ടു. അവരുടെ കാട്, വാസസ്ഥലങ്ങള്‍ എല്ലാം അവര്‍ക്ക് നഷ്ടമായി. അവരുടെ ഭാഷ, പാട്ടുകള്‍, സ്വപ്നങ്ങള്‍ എല്ലാം പുരോഗമനത്തിന്റെ പേരില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടു. പലപ്പോഴും അടിമകളെപ്പോലെ അവരെ പണിയെടുപ്പിച്ചു. ഇന്ന് ഒരുപാട് മാറ്റങ്ങള്‍ വന്നെങ്കിലും ഇന്നും ഒരു പരിധിവരെ മാനസികമായ അടിമത്തം പേറുന്നവരാണ് അവര്‍.
നിലനില്‍പ്പിനുവേണ്ടി മനുഷ്യര്‍ നടത്തുന്ന കയ്യേറ്റങ്ങളെക്കാള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍പ്പോലും പ്രകൃതിക്ക് മേല്‍ നടന്നുകൊണ്ടിരിക്കുന്ന വന്‍തോതിലുള്ള കോര്‍പ്പറേറ്റ് കയ്യേറ്റങ്ങളെയും അവയ്ക്ക് നിയമ പരിരക്ഷ ഉറപ്പു നല്‍കുന്ന അധികാര ബന്ധങ്ങളെയും നാം കാണുന്നു. അത് കാലാവസ്ഥാ വ്യതിയാനമായും, പ്രളയമായും, കാട്ടുതീയായും വന്നുഭവിച്ചിട്ടും കാട്ടുകൊള്ള തുടരുന്നു. തമ്പ്രാന്‍ കുന്ന് കയ്യേറുന്ന റിസോട്ട് മാഫിയയെ വല്ലിയില്‍ കാണാം. ഒരിക്കല്‍ ഗൂഡല്ലൂരിലെ സ്വന്തം മണ്ണില്‍ നിന്നും വലിച്ചെറിയപ്പെട്ട പ്രകാശന്റെ പോരാട്ടങ്ങള്‍ മാഫിയകള്‍ക്കെതിരെയാണ്. അത് അയാളുടെ ഔദ്യാഗിക ജീവിതത്തെ പ്രശ്‌നഭരിതമാക്കുന്നു. ഇതൊക്കെ നാം ഇന്നും കാണുന്നു. അതൊക്കെ ഒന്ന് ഉറക്കെ വളിച്ചു പറയുകയെന്ന ഉത്തരവാദിത്തമാണ് വല്ലി നിര്‍വ്വഹിക്കുന്നത്.
ഓരോ മനുഷ്യനും കുടിയേറ്റക്കാരനോ, ജന്മിയോ,ആദിവാസിയോ ആരായാലും, ഈ ഭൂമിയില്‍ തുല്യാവകാശമാണ്. അതാണ് ഷീല വല്ലിയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. വിമോചന രാഷ്ട്രീയവും പ്രകൃതിയെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന തിരുവചനങ്ങളും ഫാദര്‍ ഫെലിക്‌സ് മുല്ലക്കാട്ടില്‍ എന്ന വിപ്ലവകാരിയായ വികാരിയിലൂടെ, പത്മനാഭനിലൂടെ, ഇസബെല്ലയുടെ, തൊമ്മിച്ചനിലൂടെ വല്ലിയുടെ ആത്മാവായി മാറുന്നു.
‘തലമുറകള്‍, വികസനം, ചരിത്രം, രാഷ്ട്രീയം ഇത്രമാത്രം മതിയാവുമോ ഒരു ദേശത്തെ അടയാളപ്പെടുത്താന്‍? ഏത് നാട്ടിലുമുണ്ട് വെളിച്ചത്തേക്കാള്‍ വെളിച്ചമുള്ള ഇരുളുകള്‍. മൊഴിയറ്റുപോയവരുടെ നേരുകള്‍. നുണകള്‍, വേവുകള്‍, കാട്, പുഴ, കാറ്റ്, ഗന്ധങ്ങള്‍. അപഹരിക്കപ്പെടുന്ന ദൈവങ്ങള്‍ പോലുമുണ്ട്. സ്വാര്‍ത്ഥനാണ് മനുഷ്യന്‍. അവന്‍ സ്വന്തം വികാരങ്ങളെഴുതും. ചിന്തകളെഴുതും. മഹത്തായ ആശയങ്ങള്‍ പലതും കുറിക്കും. പക്ഷേ നമ്മെ നാമാക്കുന്ന എന്തോ ഒന്നിനെ പകര്‍ത്താന്‍ വിസ്മരിക്കും.
വല്ലിയില്‍ ഇങ്ങനെ വായിക്കാം. മിത്തുകളുടെ അക്ഷയ ഖനിയാണ് വയനാട്. വിസ്മരിക്കപ്പെടാന്‍ പോകുന്ന വയനാടന്‍ മിത്തുകളും കഥകളും ഒക്കെ പുനരാഖ്യാനം ചെയ്യാനും ഒന്ന് ശ്രമിക്കുന്നുണ്ട് വല്ലിയില്‍.
ഇന്ന് പ്രഖ്യാപിച്ച അമ്പത്തി ഒന്നാമത് കേരള സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ മികച്ച ഗായികക്കുള്ള പുരസ്‌കാരം ദോഹയുടെ സ്വന്തം ഗായിക നിത്യാ മാമനെ തേടിയെത്തിയെന്നതും ഖത്തര്‍ മലയാളികള്‍ക്കഭിമാനമാണ്. ഖത്തര്‍ മലയാളി സമാജത്തിന്റെ എല്ലാ പരിപാടികളിലേയും നിറ സാന്നിധ്യമായിരുന്നു നിത്യാമാമന്‍ .
മികച്ച ഗായികക്കുള്ള പുരസ്‌കാരം നേടിയ നിത്യ മാമനെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍ പ്രത്യേകം അഭിനന്ദിച്ചു.