രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ പ്രവാസി സാഹിത്യോത്സവ് നവംബര്‍ 19ന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കലാലയം സാംസ്‌കാരിക വേദിക്ക് കീഴില്‍ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ പന്ത്രണ്ടാമത് എഡിഷന്‍ ഖത്തര്‍ പ്രവാസി സാഹിത്യോത്സവിന് നവംബര്‍ 19 വെള്ളിയാഴ്ച സമാപനം കുറിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് ഇത്തവണ സാഹിത്യോത്സവ് സംവിധാനിച്ചിരിക്കുന്നത്.
സാഹിത്യോല്‍സവ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എം. എല്‍. എ .ഉല്‍ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ വിശിഷ്ടാതിഥിയായിരിക്കും കൂടാതെ കലാ-സാംസ്‌കാരിക,സാമൂഹ്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. കഥ, കവിത എന്നിവയില്‍ കലാലയ പുരസ്‌കാര പ്രഖ്യാപനം സാഹിത്യോത്സവില്‍ നടക്കും.
ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട്, സൂഫീഗീതം, സാഹിത്യ രചനാ മത്സരങ്ങള്‍, പ്രസംഗം, ഫാമിലി മാഗസിന്‍ തുടങ്ങി 64 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അമ്പതിനാല് യൂനിറ്റ്, പന്ത്രണ്ട് സെക്ടര്‍, നാല് സെന്‍ട്രല്‍ മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചാണ് നാഷനല്‍ മത്സരത്തിന് പ്രതിഭകള്‍ എത്തുക.
പ്രവാസ യുവതയുടെ സര്‍ഗശേഷി പരിപോഷിപ്പിക്കാനും കലയുടെ രംഗ ഭാഷ്യങ്ങള്‍ക്കപ്പുറത്ത് ബദലൊരുക്കിയും, പുതിയ പ്രതിഭകള്‍ക്ക് അവസരം നല്‍കലുമാണ് സാഹിത്യോത്സവിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ വിശദീകരിച്ചു. സാഘോഷം, സെമിനാര്‍, കലാലയം പുരസ്‌കാരം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
ഇതു സംബന്ധമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നൗഫല്‍ ലത്തീഫി (ചെയര്‍മാന്‍) ശംസുദ്ധീന്‍ സഖാഫി (ട്രെയിനിങ്) സജ്ജാദ് മീഞ്ചന്ത (ഗള്‍ഫ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്), അഫ്സല്‍ ഇല്ലത്ത് (മീഡിയ), നംഷാദ് പനമ്പാട് (രിസാല) ബഷീര്‍ നിസാമി (ഫിറ്റ്‌നസ്) എന്നിവര്‍ പങ്കെടുത്തു.