വോളിഖ് വോളി ജിംസ് ഉദയ മട്ടന്നൂരിന് കിരീടം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: പ്രവാസി താരങ്ങളെ അണിനിരത്തി നാട്ടിലെ ക്ലബ്ബുകളുടെ പേരില്‍ ആറു ടീമുകള്‍ പോരിനിറങ്ങിയ ജിംസ് കപ്പ് വോളിഖ് വോളി ഫെസ്റ്റ് 2021 ല്‍ ഉദയ മട്ടന്നൂരിന് കിരീടം. ആസ്പയര്‍ അക്കാദമിയില്‍ വെള്ളിയാഴ്ച വൈകീട്ട് നടന്ന ഫൈനലില്‍ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്കാണ് ജിംസ് ഉദയ മട്ടന്നൂര് ടീം ബ്രദേഴ്‌സ് വാണിമേലിനെ കീഴടക്കി കപ്പില്‍ മുത്തമിട്ടത്.
ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഈ രണ്ട് ടീമുകളെ കൂടാതെ അകോണ്‍ സ്വപ്ന ബാലുശ്ശേരി, സെന്റ് പോള്‍ സ്‌പോര്‍ട്ട്‌സ് ക്ലബ്ബ്, അര്‍ച്ചന പഴങ്കാവ്, ബ്രദേഴ്‌സ് മൂലാട് എന്നീ ടീമുകളും മാറ്റുരച്ചിരുന്നു. തുടര്‍ന്ന് നടന്ന സെമിയില്‍ ജിംസ് ഉദയ മട്ടന്നൂര്, ബ്രദേഴ്‌സ് വാണിമേല്‍ എന്നീ ടീമുകള്‍ എതിരാളികളായ സെന്റ് പോള്‍ സ്‌പോര്‍ട്ട്‌സ് ക്ലബ്ബ്, സ്വപ്ന ബാലുശ്ശേരി ടീമുകളെ മറുപടിയില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് വീതം കീഴടക്കിയാണ് കലാശക്കളിക്ക് യോഗ്യത നേടിയത്.
നാട്ടുകാരായ കളിയാരാധകരുടെ ആരവത്തോടെ കളത്തിലിറങ്ങിയ ബ്രദേഴ്‌സ് വാണിമേലിനെ പരിചയ സമ്പത്തിന്റെ ആനുകൂല്യമുള്ള ജിംസ് ഉദയ മട്ടന്നൂര് തുടക്കം മുതലേ വരിഞ്ഞു മുറുക്കി. സ്റ്റാര്‍ സ്‌പൈക്കര്‍ അഫ്‌സലിനെയും തന്ത്രശാലിയായ ശാക്കിയെയും സമര്‍ത്ഥമായി മാറി മാറി ഉപയോഗിച്ച സെറ്റര്‍ ഷെറീജ് ഇടയ്ക്കും തലയ്ക്കും സിറാജിനും ജാസിമിനും വേഗതയാര്‍ന്ന പന്തുകള്‍ നല്‍കി എതിരാളികളുടെ പ്രതിരോധം ആശയക്കുഴപ്പത്തിലാക്കി. ഡിഫന്‍സ് ഗെയിമിലും ഫസ്റ്റ് പാസിലും ഫവാസ് താളം കണ്ടെത്തിയതോടെ ഷെറീജിന് കാര്യങ്ങള്‍ എളുപ്പമായി. മുന്‍ കോര്‍ട്ടില്‍ നിന്നും പിന്‍ കോര്‍ട്ടില്‍ നിന്നും ആക്രമണം അഴിച്ചു വിട്ടു ക്യാപ്ടന്‍ അബിനാസും ഉദയയുടെ വിജയം ഉറപ്പാക്കി.
എന്നാല്‍ ആദ്യ രണ്ടു സെറ്റുകളില്‍ പുലര്‍ത്തിയ ആധിപത്യം മൂന്നാം സെറ്റില്‍ ജിംസ് ഉദയ മട്ടന്നൂരിന് നഷ്ടപ്പെട്ടതോടെ കളിയുടെ ആവേശം മുറുകി. ബ്രദേഴ്‌സ് വാണിമമേലിന്റെ നസീമും സുഹൈലും ആക്രമണത്തില്‍ കരുത്തു കാട്ടി തുടങ്ങിയപ്പോള്‍ ഉദയയുടെ പരിചയ സമ്പന്നനായ സെറ്റര്‍ ഷെറീജിന് തൊടുന്നതെല്ലാം പിഴയ്ക്കാന്‍ തുടങ്ങി. ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ കോച്ച് കരീം മദീന ഷെറീജിന് പകരം വെറ്ററന്‍ താരം ഖാദറിനെ കളത്തില്‍ ഇറക്കി. അതിനോടകം ബഹുദൂരം മുന്നിലായിക്കഴിഞ്ഞ ബ്രദേഴ്‌സിനെ തളച്ചിടുക എന്ന ദൗത്യം മനോഹരമായി നിര്‍വഹിച്ച ഖാദര്‍ 25-23 എന്ന സ്‌കോറിന് സെറ്റ് പിടിച്ചെടുക്കുകയും കപ്പ് തന്റെ ടീമിന് സ്വന്തമാക്കുകയും ചെയ്തു.
തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ഏറ്റവും മൂല്യമേറിയ കളിക്കാരനായി ഉദയയുടെ അഫ്‌സലും ബെസ്റ്റ് അറ്റാക്കര്‍ ആയി ബ്രദേഴ്‌സ്‌ന്റെ നസീമും മികച്ച സെറ്ററായി ഷെറീജും ഏറ്റവും നല്ല ബ്ലോക്കര്‍ ആയി ശാക്കിയും മീകച്ച ലിബറോ ആയി ഫവാസും (മൂവരും ഉദയ മട്ടന്നൂര്‍) തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് ആയിരുന്നു ഫൈനല്‍ മത്സരം ഉല്‍ഘാടനം ചെയ്തത്. ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ സീ ഷോര്‍ ഗ്രൂപ്പ് മേധാവി മുഹമ്മദലി, അല്‍ ബലാദി പ്രതിനിധികള്‍, മറ്റ് പ്രയോകര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു.