
പ്രവാസി സാഹിത്യോത്സവ് ഗ്രാന്റ് ഫിനാലെ ഡിസംബര്‍ 10 ന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: സര്‍ഗപ്രവാസത്തിന് നിറം പകര്‍ന്ന് പ്രവാസി സാഹിത്യോത്സവ് ഗ്രാന്റ് ഫിനാലെ ഡിസംബര്‍ 10 ന് നടക്കും. കഴിഞ്ഞ മൂന്ന് മാസക്കാലം ഗള്‍ഫിലെ ആയിരം സാഹിത്യോത്സവുകളുടെ സമാപനം കൂടിയാണ് ഗ്രാന്റ് ഫിനാലെ. പതിനയ്യായിരം പ്രാഥമിക രജിസ്‌ട്രേഷനിലൂടെ യൂനിറ്റ്, സെക്ടര്‍, സെന്‍ട്രല്‍, നാഷനല്‍ തലങ്ങളില്‍ മത്സരിച്ച് പ്രതിഭാത്വം തെളിയിച്ച 462 മത്സരാര്‍ഥികളാണ് അമ്പത് ഇനങ്ങളില്‍ ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കുക.
മാപ്പിളപ്പാട്ട്, സൂഫീഗീതം, ഖവാലി, മാഗസിന്‍ ഡിസൈന്‍, പ്രസംഗം, കഥ, കവിത തുടങ്ങിയ ഇനങ്ങളില്‍ ആറ് രാജ്യങ്ങളിലെ എട്ട് സ്റ്റുഡിയോകളില്‍ മത്സരാര്‍ഥികളെത്തും. ഖത്തര്‍ കേന്ദ്രീകരിച്ചു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. സൗദി ഈസ്റ്റ്, യുഎഇ, സൗദി വെസ്റ്റ്, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ ടീമുകളാണ് പ്രവാസി സാഹിത്യോത്സവ് ഗ്രാന്റ് ഫിനാലെയില്‍ മത്സരിക്കുന്നത്.
സാഹിത്യോത്സവിന്റെ ഭാഗമായി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, പുസ്തകമേള, കലാലയം പുരസ്‌കാരം, ചരിത്ര സെമിനാര്‍, പോസ്റ്റര്‍ ഡിസൈനിംഗ്, ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
മക്ക സമയം രാവിലെ 7 മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാകും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത കവി സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ കെ.പി രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. രാത്രി 9 ന് നടക്കുന്ന സമാപന സംഗമം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മത്സര വിജയികളെ പ്രഖ്യാപിക്കും.
അടച്ചിരിപ്പിന്റെ കാലത്ത് കലയ്ക്കും സാഹിത്യത്തിനും മനസകത്ത് നിറം നല്‍കാനും വിദ്വേഷങ്ങളുടെ സമകാലികത്തില്‍ അക്ഷരങ്ങള്‍ ജ്വലിച്ചു നില്‍ക്കാനും സാഹിത്യോത്സവ് വഴിയൊരുക്കുന്നുവെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
പ്രത്യേക പരിശീലനം നേടിയ സാങ്കേതിക വിദഗ്ദരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പ്രേക്ഷകര്‍ക്ക് ംംം.ുൃമ്മശെമെവശ്യേീെേമ്.രീാ വഴി തത്സമയം പരിപാടികള്‍ വീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയതായും പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതി അറിയിച്ചു.